‘പോറ്റിയെ കേറ്റിയേ’ രചിച്ച കുഞ്ഞബ്ദുല്ല ആരെന്ന് സിപിഎം നേതാവ് ടി.കെ. ഹംസയോട് ചോദിക്കണം -റഹ്മാൻ തായലങ്ങാടി
text_fieldsസി.പി.എം നേതാവ് ടി.കെ. ഹംസ, ജി.പി. കുഞ്ഞബ്ദുല്ലയെ അനുഗ്രഹിക്കുന്നു (Photo: facebook.com/rahman.thayalangady)
കാസർകോട്: ‘പോറ്റിയെ കേറ്റിയേ... സ്വർണം ചെമ്പായ് മാറ്റിയേ...’ എന്ന പാരഡിഗാനം ഹിറ്റായതോടെ മതനിന്ദ ആരോപിച്ച് കേസെടുക്കുന്നതിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ റഹ്മാൻ തായലങ്ങാടിയുടെ കുറിപ്പ്. പാട്ടെഴുതിയ ജി.പി. കുഞ്ഞബ്ദുല്ലയെ കടുത്ത മത തീവ്രവാദി എന്നും വർഗീയവാദി എന്നും മതനിന്ദകൻ എന്നും വിളിക്കുന്ന സഖാക്കൾ, ദയവു ചെയ്തു ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ടി കെ ഹംസയോട് ചോദിക്കണമന്നും റഹ്മാൻ തായലങ്ങാടി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വിഷയം അയ്യപ്പന്റെ സ്വർണപ്പാളികൾ കട്ടതാകുമ്പോൾ എങ്ങനെയാണ് ഇങ്ങനെയല്ലാത്ത ഒരു ഈണം ഈപാട്ടിന് നൽകാതിരിക്കാൻ ആവുക? ശബരിമലയിലെ സ്വർണ്ണപ്പാളികൾ കട്ടതിന് രണ്ട് സഖാക്കൾ ജയിലിൽ കിടക്കുമ്പോൾ സ്വർണ്ണപ്പാളികൾ കട്ടത് സഖാക്കൾ ആണെന്ന് അയ്യപ്പസമക്ഷം കവി ബോധിപ്പിച്ചാൽ അതെങ്ങനെയാണ് അയ്യപ്പനിന്ദയാവുകയെന്നും അദ്ദേഹം റഹ്മാൻ തായലങ്ങാടി ചോദിച്ചു.
പാട്ടെഴുതിയ ജി.പി. കുഞ്ഞബ്ദുല്ല തന്റെ അടുത്ത സുഹൃത്താണ്. കൂടാതെ, ജിപി കുഞ്ഞബ്ദുല്ലക്ക് ഒരു ഡബിൾ ബഡാ ദോസ്തുണ്ട്, അത് ജി.പി ഗുരുസ്ഥാനിയനായി കാണുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ടി.കെ. ഹംസയാണ്. ഖത്തറിൽ നിന്ന് ജി.പി നാദാപുരത്ത് എത്തിയാൽ ആദ്യം സഖാവ് ടി.കെ. ഹംസയെ കാണാൻ മലപ്പുറത്തേക്കാണ് പോവുക. ഹംസക്കയെക്കണ്ടു അനുഗ്രഹിക്കണം എന്ന് പറയും. രണ്ടുകൊല്ലം മുമ്പ് ജി.പി. കുഞ്ഞബ്ദുല്ല തിരഞ്ഞെടുത്ത ഒരു നൂറ് പാട്ടുകളുടെ സമാഹാരം പുറത്തിറക്കി , ' മാപ്പിളപ്പാട്ടിൻ വർണ്ണ ചരിത്രം' എന്ന പേരിൽ. അതിന് രണ്ട് അവതാരികകളുണ്ട്. ആദ്യത്തേത് സഖാവ് ടി.കെ. ഹംസയുടെതും രണ്ടാമത്തേത് ഞാനെന്ന റഹ്മാൻ തായലങ്ങാടിയുടെതുമാണ്’ -റഹ്മാൻ തായലങ്ങാടി പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
'പോറ്റിയേ മാറ്റിയേ.... 'വികാരം
വ്രണപ്പെട്ടത് ആരുടെ ?
•••••
ജി പി കുഞ്ഞബ്ദുല്ല എൻ്റെ സുഹൃത്താണ്. സുഹൃത്ത് എന്ന് പറഞ്ഞാൽ പോര, 'ബഡാ ദോസ്ത്' എന്ന് തന്നെ പറയണം. ജി പി സൗഹൃദം കൊണ്ട് ചിലപ്പോൾ വിസ്മയിപ്പിച്ചു കളയുകയും ഞെട്ടിച്ചുകളയുകയും ചെയ്യും.
ജി പി കുഞ്ഞബ്ദുല്ലക്ക് ഒരു ഡബിൾ ബഡാ ദോസ്തുണ്ട്, അത് ജി പി ഗുരുസ്ഥാനിയനായി കാണുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ടി കെ ഹംസയാണ്.
ഖത്തറിൽ നിന്ന് ജി പി നാദാപുരത്ത് എത്തിയാൽ ആദ്യം സഖാവ് ടി കെ ഹംസയെ കാണാൻ മലപ്പുറത്തേകാണ് പോവുക.
ഹംസക്കയെക്കണ്ടു അനുഗ്രഹിക്കണം എന്ന് പറയും.
രണ്ടുകൊല്ലം മുമ്പ് ജി പി കുഞ്ഞബ്ദുല്ല തിരഞ്ഞെടുത്ത ഒരു നൂറ് പാട്ടുകളുടെ സമാഹാരം പുറത്തിറക്കി , ' മാപ്പിളപ്പാട്ടിൻ വർണ്ണ ചരിത്രം' എന്ന പേരിൽ. അതിന് രണ്ട് അവതാരികകളുണ്ട്. ആദ്യത്തേത് സഖാവ് ടി കെ ഹംസയുടെതും രണ്ടാമത്തേ ത് ഞാനെന്ന റഹ്മാൻ തായലങ്ങാടിയുടെതുമാണ്.
(വിനീതനായ എന്ന വിശേഷണമൊക്കെ വല്ലാതെ ക്ലീഷെയായി )
ജി പി കുഞ്ഞബ്ദുല്ല അടിസ്ഥാനപരമായി ഒരു കോൺഗ്രസുകാരനാണ്. എന്നാൽ അദ്ദേഹത്തിൻ്റെ പാട്ടിനും സൗഹൃദത്തിനും രാഷ്ട്രീയമൊന്നുമില്ല. വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ വാദിയാണ്. ഒരു മതത്തെയും നോവിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഉദാത്തമായ മാനവികതയും മതസൗഹാർദവും ആണ് അദ്ദേഹത്തിൻ്റെ പല പാട്ടുകളുടെയും ഇതിവൃത്തം തന്നെ.
'ആത്മീയ പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരവിചാരങ്ങളാണ് ജി പി കുഞ്ഞബ്ദുല്ലയുടെ പാട്ടുകളിൽ പ്രതിഫലിക്കുന്നത്...' എന്ന് പറഞ്ഞത് ഞാനല്ല, സഖാവ് ടി കെ ഹംസയാണ്.
ജിപി എല്ലാ തെരഞ്ഞെടുപ്പുകളിലും പാട്ട് എഴുതാറുണ്ട് . ഇത്തവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പാട്ട് എഴുതി. ' പോറ്റിയേ മാറ്റിയേ.....' എന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനം പത്തിരുപത് ദിവസം മുമ്പ് ആദ്യമായി കേട്ടപ്പോൾ 'ജീപ്പിയുടെ ഓരോ തമാശകൾ 'എന്നേ തോന്നിയുള്ളു. അതിന് ഇത്ര വലിയ പ്രചാരം കിട്ടുമെന്ന്
ജി പിക്കു പോലും തോന്നിയിട്ടുണ്ടാവില്ല.
ബാബരി മസ്ജിദ് തകർത്തപ്പോഴും ഖത്തറിൽ വേൾഡ് കപ്പ് ഫുട്ബോൾ നടന്നപ്പോഴും കോവിഡ്കാലം മനുഷ്യനെ വരിഞ്ഞുമുറുക്കിയപ്പോഴും ഗൾഫിന്റെ ദുഃഖത്തെക്കുറിച്ചും ഖത്തറിനെ കുറിച്ചും ജി പി പാട്ട് എഴുതിയിട്ടുണ്ട്. മതമൈത്രിയെ കുറിച്ച് 'കേരള മാല' എന്ന പേരിൽ ദീർഘമായ പാട്ട് എഴുതിയിട്ടുണ്ട്. മീൻപാട്ടും ഭക്ഷണമാലയും എഴുതിയിട്ടുണ്ട്.
ജി പി
കുഞ്ഞബ്ദുള്ളയുടെ പാട്ടിൽ എവിടെയും മതനിന്ദ ഇല്ല. ശബരിമല അയ്യപ്പനെ കുറിച്ച് പോട്ടെ ,ഒരു മതത്തെയും ബഹുമാനിക്കാൻ അല്ലാതെ നിന്ദിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ശബരിമലയിലെ സ്വർണ്ണപ്പാളികൾ കട്ടതിനു രണ്ട് സഖാക്കൾ ജയിലിൽ കിടക്കുമ്പോൾ സ്വർണ്ണപ്പാളികൾ കട്ടത് സഖാക്കൾ ആണെന്ന് അയ്യപ്പസമക്ഷം കവി ബോധിപ്പിച്ചാൽ അതെങ്ങനെയാണ് അയ്യപ്പനിന്ദയാവുക?
വിഷയം അയ്യപ്പൻ്റെ സ്വർണപ്പാളികൾ കട്ടതാകുമ്പോൾ എങ്ങനെയാണ് ഇങ്ങനെയല്ലാത്ത ഒരു ഈണം ഈപാട്ടിന് നൽകാതിരിക്കാൻ ആവുക?
വേറൊരു തമാശ 'പോറ്റിയേ മാറ്റിയെ....' എന്ന പാട്ടുപാടിയ ഗായകൻ തന്നെയാണ് സിപിഎമ്മിന് വേണ്ടിയും തിരഞ്ഞെടുപ്പുകാലത്ത് പാട്ടുകൾ പാടിയിട്ടുള്ളത് എന്നതാണ് .അവർക്ക് അതൊരു പ്രൊഫഷൻ മാത്രമാണ്.
ജി പി കുഞ്ഞബ്ദുല്ലയെ കടുത്ത മത തീവ്രവാദി എന്നും വർഗീയവാദി എന്നും മതനിന്ദകൻ എന്നും വിളിക്കുന്ന സഖാക്കൾ ദയവു ചെയ്തു ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ടി കെ ഹംസയോട് ചോദിക്കണം.
ഒരുകാലത്ത് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 'എന്ന നാടകം ആയിരക്കണക്കിന് ഗ്രാമ വേദികളിൽ അവതരിപ്പിച്ചാണ് അടിസ്ഥാന വർഗ്ഗത്തിനിടയിൽ കമ്മ്യൂണിസം പ്രചരിപ്പിച്ചത്.
ആ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പാരഡി പാട്ടിനെ ഭയപ്പെടുന്നുവെങ്കിൽ സിപിഎം അത്രയ്ക്ക് ദുർബലമായിരിക്കുന്നു എന്നാണ് അർത്ഥം. ശരിക്കും പാർട്ടി പറയേണ്ടത് ഒരു പാട്ടിനും തകർക്കാൻ കഴിയുന്നതല്ല പാർട്ടിയുടെ അടിത്തറ എന്നല്ലേ...?
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിസ്മയത്തിൽ ആകേണ്ട ഒരു പാട്ടിനെ ഇത്ര പ്രചുര പ്രചാരം നൽകി നിലനിർത്തുന്നത് സഖാക്കളാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
അല്ലെങ്കിൽ ഈ പാട്ട് അസംബ്ലി തെരഞ്ഞെടുപ്പോളം നീണ്ടുപോകും..
ക്ലിക്ക്: ഞാനും ജിപിയും കെട്ടിപ്പിടിച്ചിരിക്കുന്ന പടത്തെക്കാൾ ഈ കുറിപ്പിന് പ്രസക്തം ഹംസക്ക ജിപിഎ അനുഗ്രഹിക്കുന്ന പടം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

