‘ഒരു മാസം ഒരു ഡസൻ വിസ്മയങ്ങൾ, വി.ഡിയായി, പിന്നെ പൂക്കിയായി. ഇപ്പോൾ ആരായി?’; മുഖ്യമന്ത്രിയുടെ നിലപാടുകളെ പരിഹസിച്ച് എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം : സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളെയും പ്രഖ്യാപനങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എം.ബി. രാജേഷ് രംഗത്ത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടുപോയെന്നും, ഒരു മാസം കൊണ്ട് ഒരു ഡസൻ 'യൂടേൺ'കളാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. യൂ ടേൺ അടിച്ചെന്ന് ആരോപിക്കുന്ന വാഹന മോഡിഫിക്കേഷനും പിഎം ശ്രീയും ഉൾപ്പടെയുള്ള 12 കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് മുൻമന്ത്രിയുടെ പോസ്റ്റ്. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോൾ യു ടി സതീശനുമായെന്നും രാജേഷ് പരിഹസിച്ചു. ഇനി മാസങ്ങളെത്ര ബാക്കി ? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ
വിഡിയായി, പിന്നെ പൂക്കിയായി. ഇപ്പോൾ ആരായി?
1. വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ- ജെൻസികളെ പറ്റിച്ചു.
2. പി എം ശ്രീയിൽ യൂടേൺ- ജനങ്ങളെയാകെ വഞ്ചിച്ചു.
3. ആദ്യ ബജറ്റിൽ തന്നെ ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ- പെൻഷൻകാരെ കബളിപ്പിച്ചു.
4. സർക്കാർ ജീവനക്കാർക്ക് ബജറ്റിൽ വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം.
യൂടേൺ- കയ്യടിച്ച എൻ ജി ഒ അസോസിയേഷൻകാരെ വിഡ്ഢികളാക്കി.
5 .കേരളം കടം കയറി മുടിഞ്ഞുവെന്നും കടം കുറയ്ക്കുമെന്നും അവകാശവാദം.യൂടേൺ- കഴിഞ്ഞ ബജറ്റിനേക്കാൾ 1000 കോടി കൂടുതൽ കടം ഈ ബജറ്റിൽ. നിങ്ങളെടുത്താൽ കടം ഞങ്ങളെടുത്താൽ പണം.
6.25000 കോടി നികുതി കുടിശിക കിട്ടാനുണ്ടെന്നും അത് പിരിച്ച് ഖജനാവ് നിറയ്ക്കുമെന്നും പറഞ്ഞു. യൂടേൺ- 2 ലക്ഷം വരെയുള്ള നികുതി കുടിശിക മുഴുവൻ ഒഴിവാക്കി കൊടുത്തു. വാക്കിന് വിലയില്ലെന്ന് തെളിയിച്ചു.
7.സ്വർണത്തിൽ നിന്ന് 15000 കോടി രൂപ നികുതി പിരിക്കും. യൂടേൺ- ബജറ്റിൽ മിണ്ടാട്ടമില്ല. പഴയ തള്ള് മറന്നു.
8 .ഐജിഎസ്ടിയിൽ നിന്ന് 25000 കോടി അധികം സമാഹരിക്കും. യൂടേൺ- ബജറ്റിൽ സമ്പൂർണ്ണ മൗനം.
9.പെട്രോളിയം അധിക നികുതി കുറയ്ക്കുമെന്ന് പറഞ്ഞു. യൂടേൺ- ഇപ്പോൾ ചോദിക്കുമ്പോൾ കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്. 1190 കോടി സർക്കാരിന് ലാഭം, ജനങ്ങൾക്ക് ഭാരം.
10.തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് കൂടുതൽ നൽകുമെന്ന് പറഞ്ഞു. യൂടേൺ- ഈ ബജറ്റിൽ 1534 കോടി കുറവ്.
11.സ്ത്രീകൾക്ക് ഏത് ബസിലും എവിടേക്കും- വിനോദയാത്രക്കോ തീർഥയാത്രക്കോ ഒക്കെ- സൗജന്യമായി യഥേഷ്ടം സഞ്ചരിക്കാമെന്ന വാഗ്ദാനം. യൂടേൺ- സൗജന്യം ഓർഡിനറിയിൽ മാത്രമാക്കി കണ്ണിൽ പൊടിയിട്ടു.
12.വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ നിലപാട്. യൂടേൺ- മുഖ്യമന്ത്രിയായി ആദ്യ ബജറ്റിൽ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കി. മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേർത്തു.
ഒരു മാസം ഒരു ഡസൻ യൂടേൺ. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോൾ യു ടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കി ? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നു?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

