‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ്’; 5,000 ഡോളർ സ്വന്തമാക്കി ജിന്നി ലു
text_fieldsകാലിഫോർണിയ: ‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ്’ 2026 മത്സരത്തിൽ ആറ് വയസ്സുള്ള പഗ് ഇനത്തിൽപ്പെട്ട ജിന്നി ലു ഒന്നാം സ്ഥാനം നേടി. മത്സരത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 14ന് കാലിഫോർണിയയിലെ സാന്താ റോസയിലുള്ള സോനോമ കൗണ്ടി ഫെയർഗ്രൗണ്ട്സിലായിരുന്നു മത്സരം നടന്നത്.
വ്യത്യസ്ത രൂപഭാവങ്ങളുള്ള നിരവധി നായകളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. വിജയിയായ ജിന്നി ലുവിന്റെ ഉടമ മിഷേൽ ഗ്രാഡിക്ക് 5,000 യു.എസ് ഡോളർ സമ്മാനത്തുകയായി ലഭിക്കും. ചിഹുവാഹുവ-പൊമറേനിയൻ മിശ്ര ഇനത്തിൽപ്പെട്ട പിങ്കി രണ്ടാം സ്ഥാനത്തെത്തി. പിങ്കിയുടെ ഉടമക്ക് 3,000 ഡോളറും ചിഹുവാഹുവ മിശ്ര ഇനത്തിൽപ്പെട്ട ഓട്ടോയുടെ ഉടമക്ക് 2,000 ഡോളറുമാണ് സമ്മാനത്തുക.
ജിന്നി ലു
നാല് വർഷം മുമ്പാണ് ജിന്നി ലുവിനെ പഗ് റെസ്ക്യൂ വഴി ദത്തെടുത്തത്. അന്നുമുതൽ കുടുംബത്തിന് സന്തോഷവും കുസൃതിയും പകരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയാണ് ജിന്നി ലുവെന്ന് അധികൃതർ പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ്’ പട്ടത്തിനായുള്ള ജിന്നി ലുവിന്റെ നാലാമത്തെ ശ്രമമായിരുന്നു ഇത്തവണത്തേത്. മത്സരത്തിൽ പങ്കെടുക്കുന്നതും ആളുകളെയും മറ്റ് നായകളെയും പരിചയപ്പെടുന്നതും ജിന്നി ലുവിന് ഏറെ ഇഷ്ടമാണെന്ന് ഉടമ മിഷേൽ ഗ്രാഡി പറഞ്ഞു.
പേരിൽ ‘വൃത്തികെട്ട നായ്’ എന്ന വിശേഷണമുണ്ടെങ്കിലും, നായകളെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നതല്ല മത്സരത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കുന്നു. ഓരോ നായയുടെയും സവിശേഷതകളും വ്യക്തിത്വവും ആഘോഷിക്കുന്നതിനൊപ്പം സ്നേഹവും പരിചരണവും ആവശ്യമുള്ള വ്യത്യസ്തരൂപത്തിലുള്ള നായകളെക്കുറിച്ചുള്ള അവബോധം വളർത്തുകയും ദത്തെടുക്കലിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും ‘വൃത്തികെട്ട’ നായയെ കണ്ടെത്തുക എന്നതല്ല 50 വർഷമായി തുടരുന്ന ഈ മത്സരത്തിന്റെ യഥാർഥ ലക്ഷ്യം. ഓരോ നായയുടെയും പ്രത്യേകതകൾ ആഘോഷിക്കുന്നതിനൊപ്പം കരുണ, രക്ഷാപ്രവർത്തനം, സ്വീകരണം എന്നിവയുടെ സന്ദേശം പങ്കുവെക്കുകയാണ് പരിപാടിയെന്നും സോനോമ-മാരിൻ അഗ്രികൾച്ചറൽ അസോസിയേഷൻ സി.ഇ.ഒ മാൻഡി ക്ലെൻഡെനെൻ പറഞ്ഞു.
ഒരു ചെറിയ പ്രാദേശിക പരിപാടിയായി ആരംഭിച്ച മത്സരം ഇന്ന് ലോകമെമ്പാടുമുള്ള ശ്രദ്ധ നേടുന്ന വേദിയായി വളർന്നതിൽ സന്തോഷമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

