‘മന്ത് മറ്റേ കാലിലേക്ക് മാറ്റാനല്ല ജനം വോട്ട് ചെയ്തത്’ -സണ്ണി ജോസഫിന്റെ ബന്ധുനിയമനത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്
text_fieldsതിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതിനെതിരെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ജനങ്ങൾ ഈപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നുവെന്നും ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘തുടക്കത്തിൽ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. അതുകൊണ്ട് തന്നെ തികച്ചും പ്രതിഷേധാർഹവുമാണ്. മാറ്റത്തിനു വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുകയാണ് ഇത്തരം നടപടികൾ. നടപടി ഉടൻ തന്നെ പിൻവലിക്കും എന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു’ -അദ്ദേഹം പറഞ്ഞു. മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്.
കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമാണ് ബെന്നി തോമസ്. വൈദ്യുതി മന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് നിയമനം വെളിച്ചത്തായത്. മുൻ എൽ.ഡി.എഫ് സർക്കാറിൽ പി.കെ. ശ്രീമതി ടീച്ചർ അടക്കമുള്ള മന്ത്രിമാർ ബന്ധുക്കളെ നിയമിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് രൂക്ഷ വിമർശനമുയർത്തിയിരുന്നു.
‘ആ മനുഷ്യൻ സണ്ണിജോസഫ് എന്ന മന്ത്രിയുടെ അളിയൻ ആയി പോയി എന്ന തെറ്റ് മാത്രമേ ഉള്ളു.. അല്ലാത്ത രീതിയിൽ അദ്ദേഹം യോഗ്യൻ ആണ്.. ഇതുപോലെ പോസ്റ്റ് ഇടുമ്പോൾ അദ്ദേഹത്തെ പറ്റി തിരക്കിയിട്ടു ഇടുക.. ചുമ്മാ വിമർശിക്കാൻ വേണ്ടി ഒരു പോസ്റ്റ് ആവരുത്..’ -എന്ന കമന്റിന് ‘അധികാരത്തിൽ ഇരിക്കുമ്പോൾ ബന്ധുക്കളെ സ്വന്തം സ്റ്റാഫ് ആയി നിയമിക്കുന്നത് ഔചിത്യം അല്ല , എത്ര യോഗ്യത ഉണ്ടെങ്കിലും’ -എന്നായിരുന്നു മാർ കൂറിലോസിന്റെ മറുപടി. ആര് ഭരിച്ചാലും താൻ എന്നും പ്രതിപക്ഷത്തായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

