‘ഈസ്റ്റർ ദിന ഭീകരാക്രമണം: അറസ്റ്റ് ചെയ്തത് ആരെ എന്നറിയാമോ?’
text_fields11 ഇന്ത്യക്കാർ ഉൾപ്പെടെ 279 പേരാണ് കൊല്ലപ്പെട്ട ശ്രീലങ്ക ഈസ്റ്റർ ദിന ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുൻ ഇന്റലിജൻസ് മേധാവി മേജർ ജനറൽ സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് സുദേഷ് എം. രഘു. ആക്രമണത്തിന് ഗൂഢാലോചന നടത്തി, അക്രമികൾക്ക് സഹായങ്ങൾ നൽകി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലെ തീവ്രവാദ നിരോധന നിയമ (പിടിഎ) പ്രകാരമാണ് നടപടി.
‘ശ്രീലങ്കയിലെ ചർച്ചിൽ ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം ഓർമയില്ലേ.? 45 രാജ്യത്തിൽ നിന്നുള്ള നൂറു കണക്കിനാൾക്കാർ കൊല്ലപ്പെട്ട "ജിഹാദി ആക്രമണം". ശ്രീലങ്കൻ സർക്കാർ ഈ കേസിൽ അറസ്റ്റ് ചെയ്തത് ആരെ എന്നറിയാമോ? സുരേഷ് സല്ലെ. ശ്രീലങ്കൻ മുൻ ഇന്റലിജൻസ് മേധാവി. മുൻ പ്രസിഡണ്ട് ഗോട്ടെബായ രാജപക്സയുടെ അടുപ്പക്കാരൻ! സുരേഷിന്റെ നേതൃത്വത്തിലാണ് ഭീകരവാദികളെ ഫണ്ട് ചെയ്തതെന്നും ഗൂഢാലോചന മുതൽ ആക്രമണത്തിൽ വരെ സുരേഷ് നിർദേശങ്ങൾ നൽകിയിരുന്നു എന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ ആരോപിക്കുന്നത്..
ഓർക്കണം. അക്രമത്തിനു കുറച്ചു ദിവസം കഴിഞ്ഞാണ് ശ്രീലങ്കയിൽ ഇലക്ഷൻ നടന്നത്. ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കും എന്നു വാഗ്ദാനം നൽകി ഗോട്ടാബായ ജയിച്ചു പ്രസിഡന്റ് ആയി.. സുരേഷിനെ ഇന്റലിജിൻസ് ചീഫും ആക്കി!
തങ്ങൾക്ക് ഫണ്ട് ചെയ്തിരുന്നത് സുരേഷിന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് യൂണിറ്റാണെന്ന് ഒരു "ജിഹാദി " ബ്രിട്ടീഷ് ചാനലിന്റെ ഒരു ഡോക്യുമെന്ററിയിൽ പറഞ്ഞിരുന്നു മൂന്നു കൊല്ലം മുൻപ്.
ഫോൾസ് ഫ്ലാഗ്, സ്റ്റേറ്റ് സ്പോൺസേഡ് ഭീകരവാദം - ഇവയൊന്നും കോൺസ്പിറൻസി തിയറി അല്ല എന്ന് ലോകമെമ്പാടും വലിയൊരു വിഭാഗം ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. ഇൻഡ്യൻ വിജൃംഭിത ദേശീയവാദികൾക്കു പക്ഷേ ഇപ്പോഴും തിരിഞ്ഞിട്ടില്ല.. ഭാഗ്യമുണ്ടെങ്കിൽ നമ്മളൊക്കെ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ ഇവന്മാർക്കു വിവരം വെക്കും.’ - സുദേഷ് എം. രഘു ഫേസ്ബുക് കുറിപ്പിൽ പ്രതികരിച്ചു.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെയാണ് വിരമിച്ച മേജർ ജനറൽ സുരേഷ് സല്ലെയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് കൂട്ടിച്ചേർത്തു. 2024ൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനുശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ ഉന്നത അറസ്റ്റാണിത്. ഈസ്റ്റർ ബോംബാക്രമണത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നത് അദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
2019 ഏപ്രിൽ 21നാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. കൊളംബോ, നെഗോംബോ, ബട്ടികലോവ എന്നീ നഗരങ്ങളിലെ ചർച്ചുകളെയും ആഡംബര ഹോട്ടലുകളെയും ലക്ഷ്യമിട്ട് എട്ട് തീവ്രവാദ ചാവേർ ബോംബാക്രമണ പരമ്പരയാണ് അരങ്ങേറിയത്. 500 ഓളം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗോടബയ രാജപക്സെക്ക് അനുകൂലമാക്കാൻ നടത്തിയ ഭീകരാക്രമണമെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഗോടബയ രാജപക്സെ പ്രസിഡന്റായതിനുശേഷം 2019ൽ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (എസ്ഐഎസ്) മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ച സുരേഷിന് ചാവേർ ബോംബാക്രമണങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. ആക്രമണത്തിന് മുമ്പ് പ്രതികളെ ഇയാൾ കണ്ടിരുന്നുവെന്ന് 2023ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ 'ചാനൽ 4' റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

