എണ്ണിത്തിട്ടപ്പെടുത്തിയത് മൂന്നുമണിക്കൂർ കൊണ്ട്; ഛത്തീസ്ഗഢിൽ മകൾക്ക് സ്കൂട്ടർ വാങ്ങാൻ അച്ഛനെത്തിയത് 40,000 രൂപയുടെ നാണയങ്ങളുമായി
text_fieldsഉത്സവ സീസണുകൾ പലപ്പോഴും ആഘോഷങ്ങളുടെ അവസരങ്ങൾ കൂടിയാണ്. അത്തരമൊരു ഉൽസവ സീസണിലാണ് ഛത്തീസ്ഗഢിലെ കർഷകനായ ബജ്റംഗ് റാം ഭഗത് മകൾക്കായി ഒരു സ്കൂട്ടർ വാങ്ങിയത്. ഏഴുമാസം കൊണ്ടാണ് ഹോണ്ട ആക്ടീവ സ്കൂട്ടർ വാങ്ങാനുള്ള ഒരുലക്ഷത്തോളം രൂപ അദ്ദേഹം സ്വരൂപിച്ചത്. മകൾ ചമ്പക്കൊപ്പമാണ് ബജ്റംഗ് സ്കൂട്ടർ വാങ്ങാനായി ഷോറൂമിലെത്തിയത്. 98,700 രൂപയാണ് അദ്ദേഹം എണ്ണിക്കൊടുത്തത്. അതിൽ 40,000 രൂപയുടെ നാണയങ്ങളായിരുന്നു. അതിൽ കൂടുതലും 10 രൂപയുടെ നാണയങ്ങളായിരുന്നു.
ലോണെടുക്കാതെ വണ്ടി വാങ്ങണമെന്നത് ബജ്റംഗിന് നിർബന്ധമുണ്ടായിരുന്നു. അതിനാലാണ് കിട്ടുന്ന ഓരോ തുണ്ട് പണവും സ്വരൂപിച്ചുവെച്ചത്. മുട്ടയും ധാന്യങ്ങളും വിൽക്കാനായി ചെറിയ കട നടത്തുന്നുണ്ട് ബജ്റംഗ്.
മൂന്നുമണിക്കൂറെടുത്താണ് നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് ഷോറൂം ഉടമ ആനന്ദ് ഗുപ്ത പറഞ്ഞു. സാധനങ്ങൾ കൊണ്ടുപോകുന്നതിനും ദൈനംദിന ജോലികൾക്കും കുടുംബത്തെ സഹായിക്കുന്നതിനാണ് സ്കൂട്ടർ വാങ്ങിയതെന്ന് ചമ്പ പറഞ്ഞു.ബി.കോം ബിരുദധാരിയാണ് ചമ്പ.
സ്കൂട്ടർ വാങ്ങിയതിന് പിന്നാലെ കമ്പനിയിലെ ഉത്സവ ഓഫറിന്റെ ഭാഗമായുള്ള ഭാഗ്യ നറുക്കെടുപ്പിൽ പങ്കെടുത്തപ്പോൾ അവർക്ക് ഒരു മിക്സർ ഗ്രൈന്ററും ലഭിച്ചു.
ഷോറൂമിലെ ജീവനക്കാർ നാണയം എണ്ണുന്നതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വിഡിയോക്ക് വൻ പ്രചാരമാണ് ലഭിച്ചത്. വായ്പയെടുക്കാതെ മകൾക്ക് സ്കൂട്ടർ വാങ്ങിക്കൊടുക്കാനുള്ള ആ അച്ഛന്റെ നിശ്ചയദാർഢ്യത്തെയാണ് പലരും പ്രശംസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

