സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വീഴുന്നോ? കുറഞ്ഞ വിലയും അമിത ലാഭവും ചതിക്കുഴികളാകാം, ഓൺലൈൻ ഷോപ്പിങ്ങിലെ തട്ടിപ്പ് രീതികൾ ഇങ്ങനെ..
text_fieldsമുംബൈ: സമൂഹ മാധ്യമങ്ങളിലെ ആകർഷകമായ പരസ്യങ്ങൾ വലിയ സാമ്പത്തിക കെണികളായി മാറുന്നതായി റിപ്പോർട്ട്. കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്തും ഓഹരി വിപണിയിൽ അമിത ലാഭം വാഗ്ദാനം ചെയ്തും തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നമ്മൾ കാണുന്ന സാധാരണ പരസ്യങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന ഇവയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. ഉപയോക്താക്കളുടെ വിശ്വാസ്യതയും ധൃതിയും കൃത്രിമമായി സൃഷ്ടിച്ചാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.
മുംബൈയിൽ നിന്നുള്ള ഒരു ഐ.ടി പ്രഫഷനലിന് ഓഹരി വിപണിയിലെ നിക്ഷേപം വാഗ്ദാനം ചെയ്തുള്ള പരസ്യം വഴി 1.16 കോടി രൂപയാണ് നഷ്ടമായത്. മറ്റൊരു സംഭവത്തിൽ, വെറും 299 രൂപയ്ക്ക് സ്റ്റൈലിഷ് വസ്ത്രങ്ങൾ നൽകാമെന്ന ഫേസ്ബുക്ക് പരസ്യത്തിൽ ആകൃഷ്ടയായ നഴ്സിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായി. ഓർഡർ നൽകിയ ശേഷം ഷിപ്പിങ് ചാർജ്, ജി.പി.എസ് ഫീസ്, വെരിഫിക്കേഷൻ എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞ് വാട്സാപ്പിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. പണം നൽകുന്തോറും അത് തിരികെ ലഭിക്കുമെന്നും ഉൽപന്നം ഉടൻ എത്തുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ ഇത്രയും വലിയ തുക കൈക്കലാക്കിയത്.
മനഃശാസ്ത്രപരമായ നീക്കങ്ങളിലൂടെയാണ് സൈബർ ക്രിമിനലുകൾ ഇത്തരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്. കുറഞ്ഞ തുകയ്ക്ക് സാധനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് തോന്നുന്ന ആകാംക്ഷ ഇവർ മുതലെടുക്കുന്നു. പകുതി വഴിയിൽ വെച്ച് പണം നൽകുന്നത് നിർത്തിയാൽ ആദ്യം നൽകിയ തുക നഷ്ടപ്പെടുമെന്ന ഭയമാണ് പലരെയും വീണ്ടും പണമടയ്ക്കാൻ പ്രേരിപ്പിക്കുന്നത്. മെറ്റ പോലുള്ള കമ്പനികൾ കോടിക്കണക്കിന് വ്യാജ പരസ്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങളുമായി വീണ്ടും സജീവമാകുകയാണ്. 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലൂടെയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഇത്തരം തട്ടിപ്പുകൾക്കെതിരെ പരാതി നൽകാൻ അധികൃതർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

