‘സി.പി.എം എന്നായിരുന്നു ആദ്യ ചാപ്പ, ഇപ്പോൾ ജമാഅത്തെ ഇസ്ലാമി ഏജൻറ്! വർഗീയത മാത്രമാണ് കാപ്സ്യൂളിന്റെ ലക്ഷ്യം’ -പിരിച്ചുവിട്ട പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്ന്
text_fieldsകോഴിക്കോട്: തനിക്കെതിരായ സി.പി.എം സൈബർ ഹാൻഡിലുകളുടെ ആരോപണങ്ങൾക്ക് പിന്നിൽ വർഗീയത ആരോപിക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് ഉമേഷ് വള്ളിക്കുന്ന്. സിവിൽ പൊലീസ് ഓഫിസറായ ഇദ്ദേഹത്തെ പൊലീസിലെ നെറികേടുകൾ ചോദ്യം ചെയ്തതിന് കഴിഞ്ഞ ദിവസം സർവിസിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങൾ ഉമേഷിനെതിരെ സൈബറിടങ്ങളിൽ ആസൂത്രിതമായി പ്രചരിപ്പിച്ചത്.
‘ആദ്യകാലത്ത് സി.പി.എമ്മുകാരൻ എന്നായിരുന്നു ചാപ്പ. പിന്നെ ആർ.എസ്.എസ് എന്നായി. എം.എൽ ആക്കി. പിന്നെ മാവോയിസ്റ്റ് ആക്കാനായി ശ്രമം. പിരിച്ചുവിടാനുള്ള നോട്ടീസ് കിട്ടിയ വാർത്ത വന്നപ്പോൾ കൊങ്ങി എന്ന് വിളിക്കുന്നത് കണ്ടു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി - പോപുലർ ഫ്രണ്ട് ഏജൻറ് എന്നായി.! കാലമിനിയുമുരുളും. പുത്തൻ ചാപ്പകളും വരും. കൊണ്ട് വാ മക്കളേ ആവുംവിധം..’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
സ്ക്രീൻ ഷോട്ടിലുള്ളതാണ് സൈബർ കീടങ്ങളുടെ കാപ്സ്യൂൾ 😄
എന്നെ പിരിച്ചു വിട്ടതിൻ്റെ 11 കാരണങ്ങൾ കൃത്യമായി എണ്ണമിട്ട് പറയുന്നുണ്ട് പത്തനംതിട്ട SP യുടെ നോട്ടീസിലും ഉത്തരവിലും . അത് മുഴുവൻ ഞാൻ പോസ്റ്റുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. #കുറ്റം എന്ന ഹാഷ്ടാഗിൽ 1 മുതൽ 11 വരെ അത് ആർക്കും വായിക്കാം. അത് ഒരിക്കൽ കൂടി താഴെ കൊടുക്കുന്നുണ്ട്. സ്വന്തം തലച്ചോറുപയോഗിക്കാൻ ശേഷിയുള്ള മനുഷ്യന്മാർക്ക് അത് വായിച്ച് മനസ്സിലാക്കാൻ പറ്റും. കീടങ്ങൾക്ക് പറ്റൂല.
അനസിൻ്റെ കാര്യത്തിൽ വ്യാജ ആരോപണമാണ് എന്ന് തെളിഞ്ഞ് അനസിനെ തിരിച്ചെടുക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടതാണ്. അയാൾക്കെതിരെ പഴയ വാർത്തകൾ ഉപയോഗിച്ച് വർഗീയ പ്രചരണം നടത്തുന്നത് വിവരക്കേട് കൊണ്ടല്ല, കുബുദ്ധി കൊണ്ടാണ്. സദന്റെ ആ കുബുദ്ധി മനസ്സിലാക്കാനുള്ള ബുദ്ധി പോലും കീടങ്ങൾക്ക് ഇല്ല.
കേരളാ പോലീസിൽ RSS കാരുടെ ഡാറ്റാബേസ് ഇല്ല എന്നതാണ് വാസ്തവം. ഇല്ലാത്ത സാധനം ചോർത്തുന്നതെങ്ങനെ എന്ന് ചിന്തിക്കാനുള്ള ശേഷിയുള്ള കോടതിയാണ് അനസിനെ തിരിച്ചെടുക്കാൻ പറഞ്ഞത്. അന്തവും കുന്തവുമില്ലാത്തവർക്ക് എന്ത് ചിന്ത!
ഞാൻ എഴുതിയ കാര്യങ്ങൾ കാപ്സ്യൂളിൽ പറഞ്ഞ മൂന്ന് പത്രങ്ങളിൽ മാത്രമല്ല വന്നിട്ടുള്ളത്.
കൈരളി, ദേശാഭിമാനി എന്നിവ ഒഴികെയുള്ള പ്രധാന മാധ്യമങ്ങൾ വാർത്തകളായും സ്റ്റോറികളായും നൽകിയിട്ടുണ്ട്. വർഗീയത ആരോപിക്കുക മാത്രമാണ് കാപ്സ്യൂളിന്റെ ലക്ഷ്യം എന്ന് വ്യക്തമാണ്.
കുറേ നാളായി ജോലിക്കും പോകാറില്ല എന്നാണ് അടുത്ത ആരോപണം. സസ്പെൻഷൻ എന്ന് പറഞ്ഞാൽ 'ജോലി ചെയ്യുന്നതിൽ നിന്നുള്ള വിലക്ക്' ആണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്!
ആദ്യകാലത്ത് CPM കാരൻ എന്നായിരുന്നു ചാപ്പ. പിന്നെ RSS എന്നായി. ML ആക്കി. പിന്നെ മാവോയിസ്റ്റ് ആക്കാനായി ശ്രമം. പിരിച്ചുവിടാനുള്ള നോട്ടീസ് കിട്ടിയ വാർത്ത വന്നപ്പോൾ കൊങ്ങി എന്ന് വിളിക്കുന്നത് കണ്ടു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി - പോപ്പുലർ ഫ്രണ്ട് ഏജൻ്റ് എന്നായി.!
കാലമിനിയുമുരുളും . പുത്തൻ ചാപ്പകളും വരും. കൊണ്ട് വാ മക്കളേ ആവുംവിധം.
( നുണപ്രചരണം നടത്താനിറങ്ങുമ്പോൾ രണ്ടോ മൂന്നോ കാപ്സ്യൂൾ ഡ്രാഫ്റ്റ് ചെയ്യണം മക്കളേ.. ഇതിപ്പോ ഒരേ സാധനം തന്നെ ആയിരക്കണക്കിന് പേസ്റ്റ്!! ഇതൊന്ന് പാരഗ്രാഫ് മാറ്റിയിടാൻ പോലും ഒരുത്തനുമില്ലേ നിങ്ങടെ കൂടെ?)
***
എന്നെ പിരിച്ചു വിടുന്നതിന് കാരണമായി പത്തനംതിട്ട എസ്. പി. യുടെ ഉത്തരവിലുള്ള കുറ്റങ്ങൾ താഴെ പറയുന്നവയാണ്. അത് വായിച്ചിട്ടും തെറിവിളിയിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ആ പാവങ്ങളോട് സഹതാപം മാത്രം.
കുറ്റം 1
"ഡിജിപിക്കും യതീഷ് ചന്ദ്രയ്ക്കും കുടപിടിച്ചു കൊടുക്കുന്ന പോലീസുകാരെ കണ്ടു.
ഹേ കൂട്ടുകാരാ, നിങ്ങളെപ്പോഴാണ് നിങ്ങളുടെ പണി എന്തെന്നും നിങ്ങൾ രാജഭരണ കാലത്തെ കിങ്കരന്മാർ അല്ല എന്നും തിരിച്ചറിയുക" എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് പോലീസ് സേനയ്ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കി.
കുറ്റം 2
കോഴിക്കോട് നടന്ന ഹർത്താലിൽ അക്രമമുണ്ടായതിൽ പോലീസ് മേധാവിയുടെ വീഴ്ച ചൂണ്ടിക്കാണിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടു.
കുറ്റം 3
“കാട് പൂക്കുന്ന നേരം” എന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തു. പന്തീരങ്കാവ് UAPA കേസ് നിലനിൽക്കുന്ന സമയത്ത് ഭരണകൂട ഭീകരത പ്രമേയമാക്കിയ സിനിമയെക്കുറിച്ച് ആസ്വാദനം എഴുതി.
കുറ്റം 4
പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം നൽകിയ കോടതിവിധി വായിക്കണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു.
കുറ്റം 5
ആതിര കെ കൃഷ്ണൻ എന്ന യുവതിയെ പ്രണയിച്ചു എന്നും മറ്റും.
കുറ്റം 6
ആതിരയെ പ്രണയിച്ചതിന് സസ്പെൻഡ് ചെയ്ത ഉത്തരവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും മാധ്യമങ്ങളോട് അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
കുറ്റം 7
കോവിഡ് മാറിയിട്ടും കോവിഡിന്റെ പേരിൽ ടാർജറ്റ് വെച്ച് പിഴ ഈടാക്കുന്നതിനെ കുറിച്ച് ലേഖനം എഴുതി.
കുറ്റം 8
ഞാനും ആതിരയും നേരിട്ട നായാട്ടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.
കുറ്റം 9
ലൊടുക്ക ഹെൽമെറ്റ് നൽകി പോലീസുകാരെ കൊലയ്ക്ക് കൊടുക്കുന്നതിനെതിരെ പ്രതികരിച്ചു.
കുറ്റം 10
പോലീസുകാരുടെ സാലറി റിക്കവറിയും ഡാറ്റയും സ്വകാര്യ ബാങ്കിന് നൽകാനുള്ള നീക്കം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി പരസ്യപ്പെടുത്തി പദ്ധതി പൊളിച്ചു.
കുറ്റം 11
സായ എന്ന കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിനാഘോഷത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

