മമ്മൂട്ടിയുടെ പരാമർശം: റഫീഖിന് പിന്തുണയുമായി ഡോ. ജോ ജോസഫ്
text_fieldsഡോ. ജോ ജോസഫ് മമ്മൂട്ടിയോടൊപ്പം (ഫയൽ ചിത്രം), ഡോ. ജോ ജോസഫ്
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിനിമ താരം മമ്മൂട്ടി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡോ. ജോ ജോസഫ്. ‘മണ്ണിലെ താരങ്ങളാണെന്റെ മെഗാസ്റ്റാർസ്’ എന്ന കുറിപ്പോടെ റഫീഖിന്റെ ഫോട്ടോകൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
ചൂരൽമല ഉരുൾ ദുരന്തത്തിനിടെ സേവന പ്രവർത്തനത്തിൽ ഏർപ്പെടുന്ന റഫീഖിന്റെ ഫോട്ടോയാണ് ജോ ജോസഫ് പോസ്റ്റ് ചെയ്തത്. ടൗൺഷിപ്പ് സന്ദർശനത്തനിടെയുണ്ടായ സംഭവത്തിന്റെയും തുടർന്ന് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിന്റെയും പേരിൽ മമ്മൂട്ടിക്ക് നേരെ ഇടതുഹാൻഡിലുകളിൽനിന്ന് കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഇത് രൂക്ഷമായതോടെ, റഫീഖിനെ ഫോണിൽ വിഡിയോ കോൾ വിളിച്ച് മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞുവെന്നാണ് വിവരം.
'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ചോദിച്ചതാണ് വിവാദത്തിന് കാരണമായത്. കൂടാതെ മാധ്യമങ്ങളോട് പ്രതികരിക്കവേ ജനങ്ങളുടെ പണം ഉപയോഗിച്ച് നിർമിച്ച ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും പാർട്ടി അണികൾക്കിടയിൽ അതൃപ്തിക്ക് കാരണമായി.
ഡി.വൈ.എഫ്.ഐ പ്രാദേശിക ഘടകങ്ങളുടെ ഉൾപ്പെടെ സമൂഹമാധ്യമ പേജുകളിലാണ് കടുത്ത വിമർശനം നടനെതിരെ ഉയരുന്നത്. ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറയാൻ മമ്മൂട്ടി ആരാണ് എന്ന ചോദ്യമാണ് സൈബർ ഗ്രൂപ്പുകൾ ചോദിക്കുന്നത്. മമ്മൂട്ടിയെന്ന മഹാനടനിൽനിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. 'അപൂർവമായി മാത്രമേ ഇങ്ങനെയുണ്ടാകൂ. ഒരു നാട്ടിലെ ജനങ്ങൾ എല്ലാരും ചേർന്ന് നിരാശ്രയരായ, ആപത്തുസംഭവിച്ച ആളുകൾക്ക് വേണ്ടി സംഭാവന ചെയ്തുണ്ടാക്കിയതാണിത്. ഇത് സംഭാവനചെയ്തുണ്ടാക്കിയത് ജനങ്ങളാണ്. കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. സാമൂഹികമൂലധനം ആണ് ഈ കാണുന്നത്. മറ്റുളളവരോടുള്ള അനുതാപവും സഹതാപവും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സാമൂഹികമൂലധനമുള്ളത്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണിത്' എന്നായിരുന്നു ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

