കഫിയ കഴുത്തിലിട്ടാലും കാഫിർ സ്ക്രീൻഷോട്ടിന്റെ വർഗീയ വിഷം മനസ്സിൽ ഒളിപ്പിക്കുന്നവരാണ് മാർക്സിസ്റ്റുകാർ -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: മുസ്ലിം ലീഗിനെതിരെ വർഗീയ അധിക്ഷേപം ഉന്നയിച്ച സി.പി.എം നേതാവ് പി. സരിനെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. സംഘപരിവാർ നാവായി വിദ്വേഷം വിളമ്പുന്ന വർഗീയ രാഘവനെ പോലുള്ള മനംപിരട്ടലുണ്ടാക്കുന്ന മാർക്സിസ്റ്റ് നേതാക്കളുടെ നിലയിലേക്ക് സരിൻ എത്തിയതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരം ഇസ്ലാമോഫോബിക് വൃത്തികേടുകൾ പറയുന്നവരോട് ‘യെസ്’ പറയുന്ന നിലവാരത്തിലേക്ക് എത്തിയത് മാർക്സിസ്റ്റ് മുല്ലച്ചുവട്ടിൽ സീനിയോരിറ്റി മറികടക്കാനുള്ള ദുർഗന്ധമാണെന്നും ജിന്റോ പറഞ്ഞു.
‘മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്നാൽ പിന്നെ മര്യാദകേടൊരു അലങ്കാരമാണല്ലോ. പിണറായിസ്റ്റ് ആയാൽ പിന്നെ പോക്രിത്തരം പറയാനുള്ള ലൈസൻസുമായി! മധുരയിൽ പോയി കഫിയ കഴുത്തിലിട്ടാലും കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കിയ വർഗ്ഗീയ വിഷം മനസ്സിൽ ഒളിപ്പിക്കുന്നവരാണ് ഈ മാർക്സിസ്റ്റുകാർ’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
വെള്ളാപ്പള്ളിയുടെ വർഗ്ഗീയ വിഷം തുപ്പലിനെതിരെ വാതുറക്കാത്ത പിണറായിസ്റ്റ് അടിമകൾ തരം കിട്ടുമ്പോൾ തനിഗുണം കാണിക്കുന്നത് ഇങ്ങനെയാണ്. ആർഎസ്എസ് ഗവർണ്ണർമാരില്ലാതെ പ്രാതലും അത്താഴവും ഇറങ്ങാത്ത പിണറായി വിജയൻ ഭരിക്കുമ്പോൾ, വർഗ്ഗീയതയുടെ മൊത്തക്കച്ചവടം ചെയ്യുന്ന വെള്ളാപ്പള്ളിയും പി സി ജോർജ്ജും കാസയും ക്രിസംഘിയും മുസംഘിയും മുഴുവൻ സംഘിയുമെല്ലാം നവോത്ഥാന കേരളം ഉഴുത് മറിച്ച് വൃത്തികേടാക്കുമ്പോൾ പി സരിന്റെ നാവ് ഉപ്പിലിട്ട് വച്ചേക്കാണ്.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ ഗാന്ധി ഘാതകരായ ഹിന്ദുമഹാസഭയുടെ അടക്കം പിന്തുണ വാങ്ങിയ സിപിഎമ്മിനെ കാണാത്ത സരിന്റെ കണ്ണുകളും ആർഎസ്എസ്സുമായി രഹസ്യവും പരസ്യവുമായി ബന്ധമുണ്ടായിരുന്നു എന്ന് അയവിറക്കിയ പാർട്ടി സെക്രട്ടറിയെ കേൾക്കാത്ത സരിന്റെ കാതുകളും കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ആർഎസ്എസ്സിന് അടിമ വച്ച പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിക്കെതിരെ മിണ്ടാത്ത സരിന്റെ നാവും ഏത് സ്വർഗ്ഗം കൊതിക്കുന്നതാണ്? സമസ്ത മേഖലയിലും നാടിന് നരകം സമ്മാനിക്കുന്ന ഈ സർക്കാരിന്റെ ഒൻപത് വർഷങ്ങൾ കാണാതെ, പ്രതിപക്ഷത്തെ ഒരു സമര സംഘടനയെ വർഗീയമായി ആക്ഷേപിക്കുന്നത് ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണെങ്കിൽ അയ്യേ സാറിന് തെറ്റി. പാലക്കാട് ഉപതെരെഞ്ഞെടുപ്പിന്റെ ആ സിജെപി പ്രണയകാലം അയവിറക്കി കൊണ്ടുവേണം വാതുറക്കാൻ.
ഇപ്പോഴും എസ്ഡിപിഐയുമായി കൂട്ടുചേർന്ന് തദ്ദേശഭരണം പലയിടങ്ങളിലും പങ്കിടുന്ന സിപിഎം മഹാരാജാസിലെ അഭിമന്യുവിന്റെ മരണം പോലും മറന്ന് അവരോടൊപ്പം മധുവിധു ആഘോഷിച്ചവരാണ്. മൂന്നാല് പതിറ്റാണ്ടോളം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങിയതിന്റെ മേനി പറഞ്ഞവർ തന്നെ ഇന്ന് വർഗീയത ആരോപിക്കുന്ന ഉളുപ്പില്ലായ്മയും ഇവിടെ കാണാം. അവരുടെയൊന്നും മതമല്ല, രാഷ്ട്രീയ നിലാപാടുകളാണ് ചർച്ചയാകേണ്ടതും എതിർക്കപ്പെടേണ്ടതും എന്നുള്ള ബോധം പോലും നഷ്ടപ്പെട്ട നരകവാസത്തിന്റെ പേരാണ് സിപിഎം.
മലപ്പുറത്തോട് ചേർന്ന് കിടക്കുന്നത് കൊണ്ട് പാലക്കാടിന് എന്തോ കുഴപ്പമുണ്ടെന്ന തോന്നലും സിപിഎമ്മിന്റെ മലപ്പുറം വിരുദ്ധ വർഗീയവേദനയുടെ രോദനമാണ്. ഇതുതന്നെയല്ലേ വെള്ളാപ്പള്ളിയും വിളമ്പിയത്? മലപ്പുറത്തോട് ചേർന്നുകിടന്നാൽ ഉണ്ടാകുന്ന കുഴപ്പം മലപ്പുറത്തെ സിപിഎം നേതാക്കളെ ആദ്യം പഠിപ്പിക്കടോ സംഘാവേ.
പിണറായി വിജയന്റെ പാർട്ടിക്ക് വോട്ട് ചെയ്യുന്നത് ആർഎസ്എസ്സിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് മതേതരരായ സകല മലയാളികളും പറയുന്ന കാലത്താണ് സരിന്റെ ഈ സംഘപരിവാർ കുറിപ്പടി. നിലപാട് മാറ്റത്തിലും നിലപാടില്ലാത്തവർക്ക് ഇതൊന്നുമൊരു പുതുമയല്ലെന്ന് അറിയാമെങ്കിലും ഇടക്കിടക്ക് മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ ഇതെന്ന് അറിഞ്ഞാൽ കൊള്ളാം. ലീഗ് കേരളത്തിൽ സമ്മാനിച്ച നരകമേതാണെന്ന് പറയാനുള്ള ബാധ്യതയും കേരളം ഭരിക്കുന്ന സിപിഎമ്മിനുണ്ട്; അങ്ങനെയൊരു നരകമുണ്ടെങ്കിൽ പ്രതിരോധിക്കേണ്ട ഇവരപ്പോൾ എന്തെടുക്കുകയായിരുന്നു എന്നും പറയണം.
ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത, പട്ടാളക്കാർക്ക് രക്തം കൊടുത്തതിന് സഖാക്കൾക്കെതിരെ സംഘടന നടപടിയെടുത്ത, രാജ്യ സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ പതിറ്റാണ്ടുകളോളം വിസ്സമ്മതിച്ച, ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച, പലകാലങ്ങളിലായി സംഘപരിവാറിന് പാർലമെന്റിലേക്ക് വഴിവെട്ടി കൊടുത്ത സിപിഎം തന്നെ ആർഎസ്എസ് ഉപമ നടത്തണം. ചൈന ഇന്ത്യയിൽ കയ്യേറ്റം നടത്തിയപ്പോൾ മിണ്ടാൻ മടിച്ച നിലപാടില്ലാത്ത സിപിഎമ്മിന് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ പോലും മതേതര കേരളത്തിൽ ഒരു പോറൽ പോലും വീഴാതിരിക്കാൻ സമചിത്തതയുള്ള നിലപാടെടുത്ത ലീഗിനെ ആക്ഷേപിക്കാൻ എന്ത് യോഗ്യതയുണ്ട്? ലീഗിന് വർഗീയ തീവ്രത ഇല്ലാത്തത് കൊണ്ട് ഇറങ്ങിപ്പോയി രൂപീകരിച്ച ഐഎൻഎല്ലിനെ മുന്നണിയിലിരുത്തി തന്നെ ലീഗിനെ ആക്ഷേപിക്കണം ഉളുപ്പില്ലാത്തവരെ നിങ്ങൾ! നവീൻ ബാബുവിന്റെ ഘാതകരിൽപ്പെടുന്ന പ്രശാന്തന് രണ്ട് പേരും രണ്ട് ഒപ്പും ഉള്ളത് പോലെ രണ്ടിലധികം നിലപാട് നിങ്ങൾക്കുണ്ടെന്ന് അപ്പോഴാണ് മതേതര മനുഷ്യർ ആഴത്തിൽ ഉറപ്പിക്കുകയുള്ളൂ.
യഥാർത്ഥ വർഗീയവാദികളെ കാണാതെ, സംഘപരിവാർ നാവായി വിദ്വേഷം വിളമ്പുന്ന വർഗീയ രാഘവനെ പോലുള്ള മനംപിരട്ടലുണ്ടാക്കുന്ന മാർക്സിസ്റ്റ് നേതാക്കളുടെ നിലയിലേക്ക് സരിൻ എത്തിയതിൽ അത്ഭുതമില്ല. നിരന്തരം ഇസ്ലാമോഫോബിക് വൃത്തികേടുകൾ പറയുന്നവരോട് 'അയ്യേ' എന്ന് പറയാതെ 'yes' പറയുന്ന നിലവാരമെത്തിയത് മാർക്സിസ്റ്റ് മുല്ലച്ചുവട്ടിൽ പെട്ടന്ന് ചേക്കേറിയതിന്റെ സീനിയോരിറ്റി പ്രശ്നം മറികടക്കാനുള്ള ദുർഗന്ധമാണെന്നും മനസ്സിലാകും. കാരണം മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്നാൽ പിന്നെ മര്യാദകേടൊരു അലങ്കാരമാണല്ലോ. പിണറായിസ്റ്റ് ആയാൽ പിന്നെ പോക്രിത്തരം പറയാനുള്ള ലൈസൻസുമായി!
മധുരയിൽ പോയി കഫിയ കഴുത്തിലിട്ടാലും കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കിയ വർഗ്ഗീയ വിഷം മനസ്സിൽ ഒളിപ്പിക്കുന്നവരാണ് ഈ മാർക്സിസ്റ്റുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

