ഇൻസ്റ്റഗ്രാമിൽ തരംഗമായി ‘ദിമാഗി നക്സൽ പാർട്ടി; ദിവസങ്ങൾക്കുള്ളിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ‘ദിമാഗി നക്സൽ’ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ‘ദിമാഗി നക്സൽ പാർട്ടി’. ദിവസങ്ങൾക്കുള്ളിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡി.എൻ.പിക്ക് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്.
കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും വിറപ്പിച്ച കോക്രോച്ച് ജനതാ പാർട്ടി രൂപം കൊണ്ടത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്നായിരുന്നു. സമാനമായ രീതിയിൽ പ്രധാനമന്ത്രിയുടെ പരാമർശത്തിൽ രൂപംകൊണ്ട ഡി.എൻ.പി കേന്ദ്രസർക്കാറിന്റെ നയങ്ങളെ വിമർശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ‘ദിമാഗി നക്സൽ’ എന്ന പ്രയോഗം നടത്തിയത്. വനമേഖലകളിലെ സായുധ നക്സലിസത്തെ നിയന്ത്രിച്ചെങ്കിലും നക്സൽ ആശയങ്ങൾ പിന്തുടരുന്ന ഒരു വിഭാഗം ഇപ്പോഴും രാജ്യത്തിന് വെല്ലുവിളിയാണെന്നും അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് ‘ദിമാഗി നക്സൽ പാർട്ടി’ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജ് ശ്രദ്ധ നേടിയത്. അക്കൗണ്ടിന്റെ യഥാർഥ ഉടമ ആരാണെന്ന് വ്യക്തമല്ല. പേജ് സ്വയം ഒരു സറ്റയർ/പരിഹാസ ഓൺലൈൻ കൂട്ടായ്മ എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. അക്കൗണ്ട് ആരംഭിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വലിയ തോതിൽ ഫോളോവേഴ്സിനെ നേടിയത്.
‘ദിമാഗി നക്സൽ’ എന്ന പദം രാഷ്ട്രീയ വിമർശനത്തിന്റെ ഭാഗമായി മോദി ഉപയോഗിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാക്കളിൽനിന്നും പ്രതികരണങ്ങൾ ഉണ്ടായിരുന്നു. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, താൻ ‘ദിമാഗി നക്സൽ’ ആണെന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മോദിയുടെ പ്രയോഗം തന്നെ പേരാക്കി ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ രൂപപ്പെട്ടത്. രാഷ്ട്രീയമായി ഉപയോഗിച്ച ഒരു വിശേഷണം തന്നെ പരിഹാസരൂപത്തിൽ സ്വീകരിച്ച് സോഷ്യൽ മീഡിയ ഐഡന്റിറ്റിയാക്കി മാറ്റുകയായിരുന്നു.
അക്കൗണ്ടിന്റെ ഉള്ളടക്കത്തിൽ യുവതലമുറയുടെ സോഷ്യൽ മീഡിയ ഭാഷയും പരിഹാസവും കൂടുതലായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ രാഷ്ട്രീയ ലക്ഷ്യവും സംഘടനാ ഘടനയും വ്യക്തമല്ല. ‘ ചിന്തിക്കുന്നു, പഠിക്കുന്നു, എതിർക്കുന്നു’ എന്നതാണ് ദിമാഗി നക്സൽ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ബയോ. ‘ഞങ്ങൾ ഭഗത് സിങ്ങിന്റെ ആശയങ്ങളുടെ പിന്തുടർച്ചക്കാരാണ്. ഞങ്ങളുടെ അക്കൗണ്ട് പൂട്ടിക്കാൻ ശ്രമിക്കുന്നവർ ഭഗത്സിങ്ങിനെ അവഹേളിക്കുന്നവരാണ്’ എന്ന് മറ്റൊരു പോസ്റ്റിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

