
'ജോലി ചോദിക്കാൻ യുവാക്കൾക്ക് പേടി, കാരണം നൽകുന്നത് കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥിത്വം' -ട്രോളുമായി പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കാർട്ടൂൺ പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.
'തൊഴിൽ രഹിതരായ യുവജനങ്ങൾക്കിപ്പോൾ മുന്നോട്ടുവന്ന് ജോലി ആവശ്യപ്പെടാൻ ഭയമാണ്. തൊഴിലിന് പകരം കേരളത്തിൽ മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റാകും നൽകുക' -പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
എം.ബി.എ ഡിഗ്രി കൈയിൽ പിടിച്ച് ജോലി ആവശ്യപ്പെടുന്ന ചെറുപ്പക്കാരന് തെരഞ്ഞെടുപ്പ് ടിക്കറ്റ് കൈയിലേക്ക് നൽകുന്ന കാർട്ടുണാണ് പ്രശാന്ത് ഭൂഷൺ പങ്കുവെച്ചത്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പി ശക്തിയാർജിക്കുന്നതും കേരളത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ പോലും ആളെകിട്ടാത്തതും സമൂഹമാധ്യമങ്ങളിലടക്കം വൻ ചർച്ചയായിരുന്നു.
മാനന്തവാടിയിൽ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ പിൻമാറിയ വാർത്ത വലിയ ചർച്ചയായിരുന്നു. താൻ അറിയാതെയായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനമെന്നും ബി.ജെ.പി അനുഭാവിയല്ലെന്നും അതിനാൽ ബി.ജെ.പിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുന്നുവെന്നും മണികണ്ഠൻ വ്യക്തമാക്കിയിരുന്നു.