Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'സംസ്‌കാരശൂന്യമായ ഈ...

'സംസ്‌കാരശൂന്യമായ ഈ വെട്ടുകിളികളെ നിലക്കുനിർത്തൂ'; മുഖ്യമന്ത്രിക്ക് അരിതാ ബാബുവി​െൻറ കത്ത്

text_fields
bookmark_border
സംസ്‌കാരശൂന്യമായ ഈ വെട്ടുകിളികളെ നിലക്കുനിർത്തൂ; മുഖ്യമന്ത്രിക്ക് അരിതാ ബാബുവി​െൻറ കത്ത്
cancel

കോഴിക്കോട്​: ഇടതുപക്ഷ അനുഭാവികൾ നടത്തുന്ന സൈബർ ആക്രമണത്തെ കുറിച്ച്​ വിശദീകരിച്ച്​ മുഖ്യമന്ത്രി പിണറായി വിജയന് കത്തുമായി കായംകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ അനുയായികളും പാർട്ടിക്കാരും അനുഭാവികളുമായ ചിലരും തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചു പറയാനാണ് ഈ കുറിപ്പെന്ന് അരിത, ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിങ്ങൾ പറയുന്ന പുരോഗമനപക്ഷ, സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാർത്ഥതയുള്ളതാണെങ്കിൽ ഈ വെട്ടുകിളികളെ നിലക്കുനിർത്തണമെന്നും എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവരുടെ നിത്യഭക്ഷണമെങ്കിൽ അവരെ തള്ളിപ്പറയാൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റുമാണ് താൻ ഉപജീവനം നയിക്കുന്നത്. ചെത്തുകാരൻറെ മകനായതിൽ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന രാഷ്ട്രീയമായി മറുചേരിയിൽ നിന്നുകൊണ്ടുതന്നെ ആഹ്ലാദത്തോടെ കേട്ട ഒരാളാണ് താൻ. ചിലർ ഫെയ്സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നിൽക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നുവെന്നും അരിത ഫേസ്ബുക്കിൽ കുറിച്ചു.

അരിതാ ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അഭിവന്ദ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്, ഞാൻ അരിത ബാബു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽനിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും പാർട്ടിക്കാരും അനുഭാവികളുമായ ചിലർ എനിക്കെതിരെ നിർത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് ഈ കുറിപ്പ്.

എന്റേതുപോലുള്ള ജീവിത, സാമൂഹിക സാഹചര്യങ്ങളിൽനിന്നുള്ള ഒരു സ്ത്രീക്ക് ഒരു മുഖ്യധാരാ മുന്നണിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുന്നതുതന്നെ വലിയ കാര്യമായി ഞാൻ കാണുന്നു. പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റുമാണ് ഞാൻ ഉപജീവനം നടത്തുന്നത്. ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്നുവെന്ന അങ്ങയുടെ പ്രസ്താവന, രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയിൽ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാൻ. എന്നാൽ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തിൽ വിളംബരം ചെയ്യുന്ന ചിലർ ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്ത് നിൽക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു.

എന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളിൽനിന്ന് വരുന്ന സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിൽ സവിശേഷമായ ശ്രദ്ധകിട്ടാറുണ്ട്. ക്ഷീരകർഷകനായ സികെ ശശീന്ദ്രൻ കൽപ്പറ്റയിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ ലളിതജീവിതവും കാർഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങൾ ആഘോഷിച്ചത് അങ്ങേയ്ക്ക് ഓർമ കാണുമല്ലോ. കർഷകത്തൊഴിലാളിയായ കെ രാധാകൃഷ്ണൻ ചേലക്കരയിൽ ആദ്യം മത്സരിച്ചപ്പോൾ മാത്രമല്ല ഒടുവിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പോലും തലയിൽ തോർത്ത് കെട്ടി കൃഷിയിടത്തിൽ ഇറങ്ങുന്നതിന്റെ വിഷ്വൽ സ്റ്റോറികൾ പുറത്തുവന്നു. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്ഡി ഹോൾഡറുമായ പികെ ബിജു ആലത്തൂരിൽ മത്സരിച്ചപ്പോൾ വന്ന ഒരു വാർത്ത ഞാനോർക്കുന്നു. ബിജു സ്ഥാനാർഥിയായി നാമനിർദേശം നൽകുന്ന ദിവസം, കോട്ടയത്തെ പണി പൂർത്തിയാകാത്ത വീട്ടിൽനിന്ന് വയലിൽ കറ്റ കെട്ടാൻ പോയി മടങ്ങിവരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാർത്ത. ബിജുവിന്റെ അമ്മ 20 വർഷം മുമ്പ് നിർത്തിയ ഒരു ജോലി, മകന്റെ തെരഞ്ഞെടുപ്പ് കാലത്ത് കാമറയ്ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവർത്തകർ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പികെ ബിജുവിന്റെ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേർന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാൾക്ക് അതിനെ അധിക്ഷേപിക്കാൻ കഴിയില്ല. ഞാനത് ചെയ്യില്ല.

കോൺഗ്രസ് പാർട്ടി എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ ഞാൻ ചെയ്ത ജോലിയാണ് പാൽവിൽപന. തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവച്ചത് ഒഴിച്ചാൽ അതാണ് എന്റെ ജോലി. ഇപ്പോഴും, ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാൻ ചെയ്യുന്ന ജോലി. സ്വാഭാവികമായും ആ ജോലി മുൻനിർത്തിയാണ് എന്നെ കുറിച്ചുള്ള വാർത്തകൾ തയാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികൾ ഇപ്പോഴും എന്നെ അപഹസിക്കുന്നത്.

എന്റെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയെയും പരിഹസിക്കുകയാണോ നിങ്ങൾ? ഏഷ്യാനെറ്റിലെ ലക്ഷ്മിപത്മ എന്ന മാധ്യമപ്രവർത്തക എന്നെക്കുറിച്ച് തയാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരിൽ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. 'പാൽക്കാരീ' 'കറവക്കാരീ' എന്നുമൊക്കെയുള്ള വിളികൾ അതിന്റെ നേരിട്ടുള്ള അർത്ഥത്തിലാണെങ്കിൽ സന്തോഷത്തോടെ കേൾക്കാവുന്ന രാഷ്ട്രീയബോധ്യം എനിക്കുണ്ട്. എന്നാൽ, 'കറവ വറ്റിയോ ചാച്ചീ', 'നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അൽപം പാൽ കറന്നാലോ ഈ രാത്രിയിൽ?' എന്നൊക്കെ ചോദിക്കുന്നവർ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവർചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലിൽ എഴുതി വെക്കുന്നവർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്.

എന്നെ കുറിച്ച് വന്ന വാർത്തകൾ ഞാൻ പണംകൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിന്റെയും പിൻബലമില്ലാതെ അവർ പ്രചരിപ്പിക്കുന്നു. മാത്രമല്ല ലിന്റോ ജോസഫ്(തിരുവമ്പാടി), ആർ ബിന്ദു(ഇരിഞ്ഞാലക്കുട), പി പ്രഭാകരൻ (മലമ്പുഴ), എൽദോ എബ്രഹാം (മൂവാറ്റുപുഴ), ഷെൽന നിഷാദ് (ആലുവ) എന്നീ ഇടത് സ്ഥാനാർത്ഥികളുടെയൊക്കെ കഥകൾ ഇതേ രീതിയിൽ ഇതേ ചാനലിന്റെ ഇതേ പരിപാടിയിൽ തന്നെ വന്നിരുന്നു. അവരുടെ ഒന്നും എതിർസ്ഥാനാർത്ഥികളോ അണികളോ ഈ വിധം അസഹിഷ്ണുക്കളായി കണ്ടില്ല. ഈ അധിക്ഷേപ വർഷത്തിന്റെ തുടക്കത്തിൽ സിപിഐഎമ്മിനാൽ നിയോഗിക്കപ്പെട്ടവരാണ് ഇവർ എന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ ഒരു പൊതുപ്രവർത്തകയായ ഞാനും മാധ്യമപ്രവർത്തകയായ ലക്ഷ്മിപത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തിൽനിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു. മാറ്റിച്ചിന്തിപ്പിക്കുന്നു.

ഈ അധിക്ഷേപം നടത്തിയവരിൽ ചിലർ വ്യാജ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണെന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാർ. എന്നാൽ അവരെ ഓർത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്ട്രീയനേതൃത്വത്തെ ഓർത്താണ് ഇന്ന് ഞാൻ ലജ്ജിക്കുന്നത്. നിങ്ങൾ പറയുന്ന പുരോഗമനപക്ഷ/ സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാർത്ഥതയുള്ളതാണെങ്കിൽ സംസ്‌കാരശൂന്യമായ ഈ വെട്ടുകിളികളെ നിലക്കുനിർത്തൂ. അതല്ല, എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കിൽ, ദയവായി അവരെ തള്ളിപ്പറയൂ..



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postcyber attackCPMAritha Babukayamkulam election
News Summary - Aritha Babu facebook post about cyber attack of cpm workers
Next Story