‘പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അവധി ചോദിച്ചുള്ള കമന്റും മെസേജും കാണുന്നുണ്ട്, സങ്കടം മനസിലാകുന്നുണ്ട്..’ -വിദ്യാർഥികൾക്ക് ആലപ്പുഴ കലക്ടറുടെ കുറിപ്പ്
text_fieldsആലപ്പുഴ: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 11 ജില്ലകളിൽ മുഴുവനും ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, അമ്പലപ്പുഴ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. ഇതിന് പിന്നാലെ, ജില്ല മുഴവൻ അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ അലക്സ് വർഗീസിന്റെ ഫേസ്ബുക് പേജിൽ കമന്റുകളുടെ പ്രവാഹമാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം തങ്ങളുടെ ആശങ്ക കലക്ടറുടെ ഫേസ്ബുക് പേജിൽ പങ്കുവെക്കുന്നുണ്ട്.
‘എന്റെ പൊന്നു സാറേ കുട്ടനാട് മാത്രം അല്ല ആലപ്പുഴ ജില്ലയിൽ ഉള്ളത്. എല്ലായിടത്തും മഴ ആണ്. റോഡ് എല്ലാം വെള്ളം ആണ്. ഈ കാലാവസ്ഥയിൽ ആണ് നാളെ പിള്ളാര് സ്കൂളിൽ പോകേണ്ടത്. എല്ലാരും. കാറിൽ പോകുന്നവർ അല്ല. സർ വ്യക്തമായി അന്വേഷിച്ചിട്ടു തീരുമാനം എടുക്കൂ, അപേക്ഷയാണ്, പ്ലീസ്.’ എന്നായിരുന്നു ഒരാളുടെ കമന്റ്. 'ചേർത്തല എറണാകുളം ജില്ലക്ക് കൊടുത്തേക്കൂ സാറേ' എന്ന് വേറൊരാളും പറയുന്നു.
‘ഈ അവസ്ഥയിൽ നമ്മൾ വലിയവർ പോലും വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങാൻ മടിക്കുന്നു, അപ്പോൾ കുഞ്ഞുങ്ങൾ തണുപ്പും പിടിച്ച് ഈ മഴയത്ത് ക്ലാസ്സിൽ ഇരിക്കുമ്പോൾ ഞങ്ങൾ അമ്മമാർക്ക് എന്തു സമാധാനം ആണുള്ളത്? അതുകൊണ്ടാ ഞങ്ങൾ അവധി ചോദിക്കുന്നത്. എന്റെ മോളെ കൊണ്ട് പോകാൻ വീടിന്റെ വാതുക്കൽ വണ്ടി വരും. പക്ഷെ അങ്ങനെ പോലും ഇല്ലാത്ത ഒരുപാട് കുഞ്ഞുങ്ങൾ ഈ ശക്തമായ മഴയത്ത് കുട ഉണ്ടെങ്കിലും നനഞ്ഞു വാരി സൈക്കിളിലും നടന്നും ബസ് നോക്കി നിന്നും സ്കൂളുകളിലും ട്യൂഷൻ ക്ലാസിലും ഒക്കെ പോകുന്നു’ -എന്നായിരുന്നു മറ്റൊരു രക്ഷിതാവിന്റെ കുറിപ്പ്.
‘ഇടക്കിടക്ക് സാർ ഓരോ താലൂക് തിരിച്ചു അവധി കൊടുക്കാതെ ആലപ്പുഴ ജില്ലക്ക് മൊത്തത്തിൽ അവധി കൊടുക്കരുതോ എന്തിനാ ഇത്ര വാശി? കാർത്തികപള്ളി, ചേർത്തല താലൂക്കിൽ ഒക്കെ നല്ല വെള്ളക്കെട്ട് ആണ് സാർ. വൈകിട്ട് അടിച്ച കാറ്റിൽ കറന്റ് പോലും എങ്ങും ഇല്ല. രാവിലെ അറിയാം എവിടൊക്കെ മരം വീണെന്ന്. ഞാൻ മക്കളെ സ്കൂളിൽ വിടുന്നില്ല. പക്ഷെ എന്ത് പ്രളയം ഉണ്ടേലും പിള്ളേരെ സ്കൂളിൽ വിടുന്ന ചിലർ ഉണ്ട്. അവധി ആണെങ്കിൽ അവർക്ക് ഉപകാരം ആയേനെ. കഷ്ടം ഉണ്ട് എന്തായാലും..’ വേറൊരു രക്ഷിതാവിന്റെ പരിഭവം ഇങ്ങനെയായിരുന്നു. കമന്റുകളുടെ എണ്ണം പെരുകിയതോടെ മറുപടിയുമായി കലക്ടറും രംഗത്തെത്തി. ഓരോ സ്ഥലത്തെ കുറിച്ചും തഹസിൽദാർമാരും വില്ലേജ് ഓഫിസർമാരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് അവധി നൽകുന്നതെന്ന് കലക്ടർ അലക്സ് വർഗീസ് അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം: ‘പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, അവധി ചോദിച്ചുള്ള കമന്റുകളും മെസേജുകളും കാണുന്നുണ്ട്. ഓരോ സ്ഥലത്തെ കുറിച്ചും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് അവധി നൽകുന്നത്. പ്രിയപ്പെട്ട മക്കളുടെ സങ്കടം മനസിലാകുന്നുണ്ട്. ജില്ലാ ഭരണകൂടവും സർക്കാർ സംവിധാനങ്ങളും നിങ്ങളുടെ സുരക്ഷയ്ക്കാണ് മുൻകരുതൽ നൽകുന്നത്. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് കേട്ടോ..’
‘കനത്ത മഴയെ തുടർന്ന് അമ്പലപ്പുഴ താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും അമ്പലപ്പുഴ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും ( ജൂൺ 16) അവധി നൽകി ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്’ -എന്ന തന്റെ ഫേസ്ബുക് പോസ്റ്റിലാണ് കലക്ടർ കമന്റ് ചെയ്തത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി. മാഹിയിലേയും കുട്ടനാട്, അമ്പലപ്പുഴ താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നതും, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നത്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയേക്കും. ഈ സാഹചര്യത്തിൽ മലയോര തീരദേശ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

