കോഴികൾക്ക് തീറ്റയിട്ട് കൊടുത്തശേഷം വിശുദ്ധ ചമയുന്നത് യഥാർഥ ഇരകളോടുള്ള നീതികേട് -അഡ്വ. വിബിത ബാബു
text_fieldsതിരുവല്ല: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതൃത്വം സ്വീകരിച്ച പുറത്താക്കൽ നടപടിയെ സ്വാഗതം ചെയ്യുന്നതായും നീതി ഉറപ്പാക്കാനുള്ള പാർട്ടിയുടെ ഇച്ഛാശക്തിയാണ് ഇതിലൂടെ തെളിയുന്നതെന്നും മഹിള കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബു.
ലൈംഗികാതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന ഓരോ വ്യക്തിക്കൊപ്പവും ശക്തമായി നിലകൊള്ളുന്നു. നീതി ലഭിക്കാനായുള്ള അവരുടെ പോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇരയുടെ വേദനയുടെ ആഴം വാക്കുകൾക്കപ്പുറമാണ്. എന്നാൽ, ഈ വിഷയത്തിൽ സമീപ ദിവസങ്ങളിലായി ഉയർന്നുവരുന്ന ചില ചർച്ചകളും വ്യക്തിപരമായ "ബഹളങ്ങളും" ചില ചോദ്യങ്ങൾ ഉയർത്തുന്നതായി അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ഒരാൾ തുടർച്ചയായി ശല്യം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ചെങ്കിൽ, എന്തുകൊണ്ട് ബ്ലോക്ക് ബട്ടൺ ഉപയോഗിച്ചില്ല? വ്യക്തമായി 'നോ' പറഞ്ഞതിന് ശേഷവും സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ, എന്തു കൊണ്ട് പാർട്ടി സംവിധാനത്തിലോ, നിയമപരമായി പോലീസിലോ പരാതി കൊടുത്തില്ല? "കോഴികൾക്ക് ആവശ്യത്തിന് തീറ്റയിട്ട് കൊടുത്തശേഷം" പിന്നീട് മാധ്യമ ശ്രദ്ധക്ക് വേണ്ടി മാത്രം "വിശുദ്ധ ചമയാൻ" ശ്രമിക്കുന്നത് യഥാർത്ഥ ഇരകളോടുള്ള നീതികേടാണ്’ -വിബിത ബാബു ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
നീതിക്കൊപ്പം, സത്യത്തിനൊപ്പം: ചില ചോദ്യങ്ങൾ
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതൃത്വം സ്വീകരിച്ച ശക്തമായ നടപടിയെ (പുറത്താക്കൽ) സ്വാഗതം ചെയ്യുന്നു. നീതി ഉറപ്പാക്കാനുള്ള പാർട്ടിയുടെ ഇച്ഛാശക്തിയാണ് ഇതിലൂടെ തെളിയുന്നത്.
അതിജീവിതർക്കൊപ്പം...
ലൈംഗികാതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന ഓരോ വ്യക്തിക്കൊപ്പവും ഞാൻ ശക്തമായി നിലകൊള്ളുന്നു. നീതി ലഭിക്കാനായുള്ള അവരുടെ പോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇരയുടെ വേദനയുടെ ആഴം വാക്കുകൾക്കപ്പുറമാണ്.
എന്നാൽ, ഈ വിഷയത്തിൽ സമീപ ദിവസങ്ങളിലായി ഉയർന്നുവരുന്ന ചില ചർച്ചകളും വ്യക്തിപരമായ "ബഹളങ്ങളും" ചില ചോദ്യങ്ങൾ ഉയർത്തുന്നു.
ഒരാൾ തുടർച്ചയായി ശല്യം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ചെങ്കിൽ, എന്തുകൊണ്ട് ബ്ലോക്ക് ബട്ടൺ ഉപയോഗിച്ചില്ല?
വ്യക്തമായി 'നോ' പറഞ്ഞതിന് ശേഷവും സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ, എന്തു കൊണ്ട് പാർട്ടി സംവിധാനത്തിലോ, നിയമപരമായി പോലീസിലോ പരാതി കൊടുത്തില്ല?
"കോഴികൾക്ക് ആവശ്യത്തിന് തീറ്റയിട്ട് കൊടുത്തശേഷം" പിന്നീട് മാധ്യമ ശ്രദ്ധക്ക് വേണ്ടി മാത്രം "വിശുദ്ധ ചമയാൻ" ശ്രമിക്കുന്നത് യഥാർത്ഥ ഇരകളോടുള്ള നീതികേടാണ്.
ഏത് തൊഴിൽ മേഖലയിലാണ് ആൺകുട്ടികൾ പെൺകുട്ടികൾക്ക് മെസ്സേജ് അയക്കാത്തത്? തിരിച്ചും അയക്കുന്നില്ലേ?
വ്യക്തിപരമായ ഇടപെടലുകൾ രാഷ്ട്രീയ ചർച്ചയാകുമ്പോൾ അത് ശ്രദ്ധയുടെ കുറവായി കണക്കാക്കേണ്ടി വരും.
നീതിക്ക് വേണ്ടി ശബ്ദമുയർത്തേണ്ടവർ, "നീലകണ്ഠൻ എന്നെയും നോട്ടമിട്ടതാണെന്ന് കുളക്കടവിൽ പറയുന്നവരുടെ" നിലവാരത്തിലേക്ക് സ്വയം താഴരുത്.
വിമർശനങ്ങൾ സത്യസന്ധമാകണം. പോരാട്ടങ്ങൾ നീതിക്ക് വേണ്ടിയാകണം. യഥാർത്ഥ ഇരകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ ഇടനൽകുന്ന പ്രവണതകളെ എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യും.
അഡ്വ. വിബിത ബാബു
തിരുവല്ല.......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

