Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightമലപ്പുറത്തൊരു ഓഫിസിന്...

മലപ്പുറത്തൊരു ഓഫിസിന് മുകളിൽ ലീഗ് 'അല്ലാഹു അക്ബർ' ബാനർ തൂക്കിയാലുണ്ടാകുന്ന പുകിൽ എന്തായിരിക്കും? -ഹരീഷ് വാസുദേവൻ

text_fields
bookmark_border
മലപ്പുറത്തൊരു ഓഫിസിന് മുകളിൽ ലീഗ് അല്ലാഹു അക്ബർ ബാനർ തൂക്കിയാലുണ്ടാകുന്ന പുകിൽ എന്തായിരിക്കും? -ഹരീഷ് വാസുദേവൻ
cancel

പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ ഉയർത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവൻ. ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും കാണുന്നുവെന്ന് നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദർഭമാണിത്. തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവർത്തകർ മലപ്പുറം നഗരസഭ ഓഫിസ് കെട്ടിടത്തിന് മുകളിൽ കയറി പച്ച നിറമുള്ള വലിയ ബാനറിൽ 'അല്ലാഹു അക്ബർ' എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ആ ദൃശ്യങ്ങൾ കേരളത്തിലുണ്ടാക്കാൻ പോകുന്ന പുകിൽ എന്തായിരിക്കുമെന്ന് ഒന്നോർത്തു നോക്കൂവെന്നും ഹരീഷ് വാസുദേവൻ ചോദിക്കുന്നു.

പാലക്കാട് നഗരസഭ ബി.ജെ.പി ജയിച്ചപ്പോൾ 'ജയ് ശ്രീറാം' എന്നുള്ള ബാനർ തൂക്കി. ശിവജിയുടെ ഫോട്ടോയും. ഇവിടെ എന്തെങ്കിലും വലിയ പുകിലുണ്ടായോ? പൊലീസ് കേസെടുത്തോ? വാസ്തവത്തിൽ അത് ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട പൊതുവാക്യം പോലുമല്ല. സംഘപരിവാറിന്‍റെ മുദ്രാവാക്യമാണ്.

'ഓ അതിലിപ്പോ എന്താ' എന്ന് നിങ്ങൾക്ക് തോന്നിയോ? എങ്കിൽ നിങ്ങളിൽ ഒരു സോഫ്റ്റ് ഹിന്ദുത്വ മതഭീകരവാദി വളരുന്നുണ്ട്. മതേതരത്വത്തിനു എതിരായ ഒരാൾ.

പാലക്കാട് സംഭവത്തെ ബി.ജെ.പി തള്ളിപ്പറയുന്നത് വരെ ബി.ജെ.പിയോട് ചർച്ചകളിൽ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് എൽ.ഡി.എഫും യു.ഡി.എഫും എടുക്കണമെന്നും അഡ്വ. ഹരീഷ് വാസുദേവൻ ആവശ്യപ്പെടുന്നു.

അഡ്വ. ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...

പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും.

മതേതരത്വം പറയുന്നവർ ഹിന്ദുവിരുദ്ധരാണ് എന്ന വിഷമാണ് കുറേക്കാലമായി BJP-RSS ടീം പ്രചരിപ്പിക്കുന്നത്. എന്നാൽ സത്യമെന്താണ്? മതേതര കേരളത്തിൽ പോലും ഒരു മുസ്‌ലീം വിരുദ്ധത / സോഫ്റ്റ് ഹിന്ദുത്വ ഉണ്ടാക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലേ?
മലപ്പുറം നഗരസഭ മുസ്‌ലീം ലീഗിന് ഭൂരിപക്ഷമുള്ള UDF ഭരിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. പേരിൽ മുസ്‌ലീം ഉണ്ടെങ്കിലും ലീഗിന് വർഗ്ഗീയതയുണ്ടെന്ന് എതിരാളികൾ പോലും പറയുമെന്നു തോന്നുന്നില്ല. അവർ ഒരുകാലത്തും മതരാഷ്ട്രവാദം എവിടെയും ഉയർത്തിയിട്ടില്ല.
ഈ തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവർത്തകർ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളിൽ കയറി പച്ച നിറമുള്ള വലിയ ബാനറിൽ
"അള്ളാഹു അക്ബർ" (God is great) എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ആ വിഷ്വൽ കേരളത്തിലുണ്ടാക്കാൻ പോകുന്ന പുകിൽ എന്തായിരിക്കും?? ഒന്നോർത്തു നോക്കൂ.

കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞാലിക്കുട്ടിയെ വരവേൽക്കാൻ പോയ ലീഗ് പ്രവർത്തകർ ടെർമിനലിന്റെ മുകളിൽ അവരുടെ കൊടി കെട്ടിയതിനു ഇവിടെയുണ്ടായ പുകിൽ ചെറുതാണോ?? തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു അരനൂറ്റാണ്ടായി കൊണ്ടുനടക്കുന്ന കൊടി പോലും പാക്കിസ്ഥാൻ കൊടിയെന്ന മട്ടിൽ, രാജ്യദ്രോഹക്കുറ്റം നടന്നെന്ന മട്ടിലാണ് അന്ന് സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടിയത്. അപ്പോൾ ഒരു മുനിസിപ്പാലിറ്റിയിൽ 'അള്ളാഹു അക്ബർ' എന്ന ദൈവവചനം തൂക്കിയാലോ !!

എത്ര വലിയ മത ധ്രുവീകരണമാകും അതുണ്ടാക്കുക? ഇത് വായിക്കുന്ന എന്റെ അമുസ്‌ലിം സഹോദരന്മാരിൽ എത്രയോ പേർ അതൊരു വർഗീയ മുസ്‌ലീംവിരുദ്ധ നീക്കമായി കണ്ട് പൊട്ടിത്തെറിക്കും? പോലീസ് ചിലപ്പോ കേസെടുക്കും. RSS നിരീക്ഷകരെ വെച്ചു ചാനലുകൾ ചർച്ചയുണ്ടാകും. ഇല്ലേ?
വിശ്വാസികളുടെ പാർട്ടി ജയിച്ചപ്പോൾ അവരുടെ ദൈവത്തിനു അവർ സ്തുതിപറഞ്ഞുവെന്നേ ഉള്ളൂ എന്നും അതിനെ കാണാവുന്നതാണ്. അല്ലാതെന്താണ്?

എന്നാൽ നമ്മൾ അങ്ങനെ കാണുമോ? ഇല്ല. മതേതരത്വം തകർന്നതായി നാം പ്രഖ്യാപിക്കും. ഇസ്ലാമിക ഭീകരവാദമായി നാമത് കൊട്ടിഘോഷിക്കില്ലേ? പത്രങ്ങൾ എഡിറ്റോറിയൽ എഴുതില്ലേ?

പാലക്കാട് നഗരസഭ BJP ജയിച്ചപ്പോൾ "ജയ് ശ്രീറാം" എന്നുള്ള ബാനർ തൂക്കി. ശിവജിയുടെ ഫോട്ടോയും. ഇവിടെ എന്തെങ്കിലും വലിയ പുകിലുണ്ടായോ? പോലീസ് കേസെടുത്തോ?

വാസ്തവത്തിൽ അത് ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട പൊതുവാക്യം പോലുമല്ല, സംഘപരിവാറിന്റെ മുദ്രാവാക്യമാണ്. എന്നിട്ടും....
"ഓ അതിലിപ്പോ എന്താ" ന്ന് നിങ്ങൾക്ക് തോന്നിയോ?? എങ്കിൽ നിങ്ങളിൽ ഒരു സോഫ്റ്റ് ഹിന്ദുത്വ മതഭീകരവാദി വളരുന്നുണ്ട്. മതേതരത്വത്തിനു എതിരായ ഒരാൾ.

ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും കാണുന്നു, ഹിന്ദുത്വവർഗ്ഗീയതയോടുള്ള നമ്മുടെ വിവേചനം നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദർഭമാണ്.
പറഞ്ഞെന്നേയുള്ളൂ.

സ്റ്റേറ്റ് അതിന്റെ അധികാര സ്ഥാപനങ്ങൾ വഴി ഒരു മതചിഹ്നവും പ്രകടിപ്പിക്കാൻ പാടില്ലാത്ത, മതരഹിതന്റെകൂടി സർക്കാറുള്ള ഒരു മതേതര രാഷ്ട്രമാണ് നമ്മുടേത്. അതിനെ തകർക്കുന്ന നാം ഒന്നും അനുവദിക്കരുത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഈ നീക്കം പരസ്യമായി തള്ളിപ്പറയാത്ത BJP യെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിൽ വെച്ചുകൊണ്ടിരിക്കരുത് എന്നു ഒരു പൗരനെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു.
ഞാൻ ഹിന്ദുവാണ്, വിശ്വാസിയാണ്.

പക്ഷെ മതേതര സർക്കാരിനെ മതവൽക്കരിക്കാനുള്ള ശ്രമങ്ങളെ ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് എനിക്ക് LDF ഉം UDF ഉം പോലെയല്ല BJP. അവർ എന്റെ വിശ്വാസങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിച്ച് അപമാനിക്കുകയാണ്. പാലക്കാട് സംഭവത്തെ തള്ളിപ്പറയാത്ത ഒരു BJP നേതാവിനെ കേരളത്തിലെ ചാനലുകൾ എങ്ങനെയാണ് ജനാധിപത്യ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത്?

പാലക്കാട് സംഭവത്തെ BJP തള്ളിപ്പറയുന്നത് വരെ BJP യോട് ചർച്ചകളിൽ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് LDF ഉം UDF ഉം എടുക്കണം. മതേതര കേരളം അത് ആവശ്യപ്പെടുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad municipalityhareesh vasudevBJP
Next Story