‘അടുത്ത ഇന്നിങ്സ് ജയലക്ഷ്മി പൊളിക്കും... സൂപ്പറായി, ദൈവം അനുഗ്രഹിക്കട്ടെ’; 60 വയസ്സ് കഴിഞ്ഞവരിലെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് കുറിപ്പുമായി അദീല അബ്ദുല്ല ഐ.എ.എസ്
text_fieldsവയോധികരുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് കുറിപ്പുമായി അദീല അബ്ദുല്ല ഐ.എ.എസ്. സെക്രട്ടറിയറ്റിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന ജയലക്ഷ്മിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് പങ്കുവെച്ച പോസ്റ്റിലാണ് 60 വയസ്സ് കഴിഞ്ഞവരിലെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് അദീല അബ്ദുല്ല എഴുതിയത്.
'60 വയസ്സ് കഴിഞ്ഞവരിലെ സാമ്പത്തിക ഭദ്രത, പഠനത്തിന് വിധേയമാക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയമാണ്. ഇതെത്രയാണെന്നു ലോകബാങ്ക് കണക്ക് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിൽ 65 ശതമാനമാണ് സാമ്പത്തിക ഭദ്രത ഇല്ലാത്ത വയോജനങ്ങൾ. അതായത്,വയോജനങ്ങളിൽ സാമ്പത്തിക ഭദ്രത വെറും 35 ശതമാനം പേർക്ക് മാത്രമേ ഉള്ളൂ ഇന്ത്യയിൽ' -അദീല അബ്ദുല്ല കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ജയലക്ഷ്മി മിടുക്കിയാണ്. ഇപ്പോ 56 വയസ്സാകുന്നു. മഞ്ചേരിക്കാരി. മേയ് മാസത്തിൽ വിരമിക്കുന്നു. സെക്രട്ടറിയേറ്റിൽ ഞാൻ ജോലി തുടങ്ങിയിട്ട് മാസം നാലെ ആയുള്ളൂ. ചുരുങ്ങിയ കാലയളവിൽ എനിക്കൊരു കാര്യം മനസ്സിലായി. വർഷങ്ങളായി സെക്രട്ടറിയറ്റിൽ ഉള്ളവർ നാടിന്റെ പുരോഗതിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അറിയപ്പെടുന്നില്ലെന്നു മാത്രമല്ല, ഓവർടൈം പോലും ചിലവാക്കിയ അവർ അതിന്റെ ഭാഗമായിരുന്നു എന്ന് പോലും അറിയപ്പെടുന്നില്ലെന്നു.
വർഷങ്ങളോളം അങ്ങനെ തന്നെ ആയിട്ടും അവർ കഠിനാധ്വാനം ചെയ്യുന്നു. ഒരുപക്ഷേ മുഖമില്ലാത്ത ജോലി ചെയ്യുന്ന അവരിലൊരാളായ ജയലക്ഷ്മിയും. കാറും ടു വീലറും ഒക്കെ ഓടിക്കുന്ന ജയലക്ഷ്മി, രാത്രി പതിനൊന്ന് മണിക്ക്, സെക്രട്ടേറിയറ്റിൽ വന്നു അടിയന്തിര ജോലികൾ തീർത്ത കഥകൾ ഞാനും കേട്ടു. അദ്ധ്വാനി, നല്ല അറിവും നിലപാടുള്ള സ്ത്രീയാണ് ജയലക്ഷ്മി.
എനിക്ക് രസകരമായൊരു കാര്യം കൂടെ തോന്നി അവരുടെ യാത്രയയപ്പ് യോഗത്തിൽ. ഈയിടെ എൺപതാം പിറന്നാൾ ആഘോഷിച്ച നമ്മളുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രായത്തിലേക്ക് ജയലക്ഷ്മി എത്തണമെങ്കിൽ ഇനിയുമൊരു 25 വർഷം കൂടെയുണ്ട്. അതായത് 25 വർഷം, ദൈവം സഹായിച്ച് അരുതാത്തതൊന്നും പറ്റിയില്ലെങ്കിൽ ജയ വീണ്ടും സെക്രട്ടറിയറ്റിനുള്ളിൽ കഴിച്ചു കൂടിയ അത്രയും സമയം തന്നെ വളരെ ഊർജ്വസലയായി നമ്മുടെ പ്രായമായ രാഷ്ട്രീയക്കാരെ പോലെ തന്നെ സജീവമായി ഉണ്ടാവും.
അപ്പോൾ പിരിയുന്നതിന് റിട്ടയർമെന്റ് എന്ന് പറയാൻ സാധിക്കുമോ? ഒരിക്കലുമില്ല. ഒരു ജോലി നിർത്തുന്നു എന്ന് മാത്രമേ പറയാൻ പറ്റൂ. അടുത്ത ജോലി തുടങ്ങാൻ സമയമായി. അത്ര തന്നെ. 60 വയസ്സ് കഴിഞ്ഞവരിലെ സാമ്പത്തിക ഭദ്രത, പഠനത്തിന് വിധേയമാക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയമാണ്. ഇതെത്രയാണെന്നു ലോകബാങ്ക് കണക്ക് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിൽ 65 ശതമാനമാണ് സാമ്പത്തിക ഭദ്രത ഇല്ലാത്ത വയോജനങ്ങൾ. അതായത്,വയോജനങ്ങളിൽ സാമ്പത്തിക ഭദ്രത വെറും 35 ശതമാനം പേർക്ക് മാത്രമേ ഉള്ളൂ ഇന്ത്യയിൽ. (helpage ഇന്ത്യ കണക്ക് )
സാമ്പത്തിക ഭദ്രത വയോജനങ്ങൾക്ക് വരുന്നത് 4 കാര്യത്തിലൂടെ
1. മക്കൾ നൽകുന്നത്
2. ജീവിതകാലം അധ്വാനിച്ചു ആർജിച്ച സ്വത്ത്
3. പെൻഷനുകൾ
4.വാർദ്ധക്യത്തിലും തുടർന്ന് ജോലി ചെയ്തു ലഭിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇവയിൽ, മക്കളുടെ സംരക്ഷണത്തിലാണ് 80 ശതമാനം പേരും എന്നുള്ളതാണ് ആക്കം. എന്നാൽ മാറിവരുന്ന സാമൂഹിക ചുറ്റുപാടും, പാശ്ചാത്യ ലോകത്തേക്കുള്ള പലായനങ്ങളും, തലമുറകൾ തമ്മിലുള്ള ജൻറേഷൻ ഗ്യാപ്പും, ഒറ്റക്ക് താമസിക്കാൻ പ്രേരിപ്പിക്കുന്ന സമൂഹിക സാഹചര്യങ്ങളും ഒക്കെ കൂടിയാൽ ഈ കണക്ക് വരുന്ന 10 വർഷത്തിൽ 80 ഇൽ നിന്ന് കുറയാനാണ് സാധ്യത. അങ്ങനെയെങ്കിൽ 65 ശതമാനത്തിൽ വാർദ്ധക്യ കാല സാമ്പത്തിക ഭദ്രതയില്ലായ്മ കൂടും. 65-75 വരെ പോകാം.
ജീവിതത്തിൽ സ്വത്തുക്കൾ ഉണ്ടാക്കാനുള്ള ഭാഗ്യം ലഭിച്ചവർ ഇനിയും ഭദ്രതയോടെ മുന്നോട്ട് പോകും. എന്നാലതിൽ മക്കളെ കെട്ടിക്കുമ്പോൾ, ലോകം അവസാനിക്കാൻ പോകുന്നത് പോലെ, കയ്യിൽ ഉള്ള സമ്പാദ്യം മുഴുവൻ എഴുതി കൊടുക്കുന്ന മണ്ടൻമാരുടെ എണ്ണം തീരെ ചെറുതല്ല. ഇതിൽ കടമെടുത്ത് വിവാഹം നടത്തി കൊടുക്കുന്നവരോ, അവരുടെ എണ്ണവും കൂടുതൽ. എനിക്ക് അത്തരക്കാരെ പണ്ട് മുതലേ കാണുമ്പോ ചോദിക്കണം എന്ന് വിചാരിച്ച കാര്യം ഉണ്ടായിരുന്നു. നിങ്ങളും മക്കളും തമ്മിൽ വയസ്സ് വ്യത്യാസം ഇരുപതിനും 30 നം ഇടക്ക്. അതായത്. മക്കൾക്ക് 60 വയസ്സകുമ്പോ നിങ്ങൾക്ക് 80 ഓ 85 ഓ വയസ്സ് തന്നെ. സാക്ഷാൽ പയർമണി പ്രായം. നമ്മളുടെ ചുറ്റുമുള്ള 80 വയസ്സായ ആളുകൾ ആരെങ്കിലും നടക്കാൻ വയ്യാതെ കിടക്കുന്നുണ്ടോ? ഒന്ന് നോക്കിനോക്കിയേ. ബഹുഭൂരിപക്ഷവും ആളുകൾ നല്ല ഉഷാറായി ഉഗ്രനായി നല്ല സ്കോർ അടിച്ചു ഇന്നിങ്സ് പൂർത്തിയാകുന്നു. എന്നിട്ട് നമ്മൾ, മക്കളെ കല്യാണം കഴിഞ്ഞാൽ ഉടൻ നമ്മൾ വടിയായി, മക്കൾ നന്നായി ജീവിക്കുന്നത് സ്വർഗത്തിൽ വച്ച് കാണും എന്ന നിലക്ക് കയ്യിലുള്ള സമ്പാദ്യമെല്ലാം ധിം തോം തരികിട തോം.
ആഫ്റ്റർ മാര്യേജ് ഓഫ് കിഡ്സ്, ഒന്നും കയ്യിലില്ല. ശൂന്യം.വീണ്ടും ഉണ്ടാക്കുമത്രേ..എന്തോനു ഉണ്ടാക്കാൻ.യൗവ്വനത്തിൽ സ്വരൂപിച്ച പോലെ വയ്സ്സാകുമ്പോ സ്വരൂപിക്കുമോ? ഇല്ല എന്നല്ല. സമയമെടുക്കും.
അപ്പം എല്ലാർക്കും ഒരു സ്റ്റോറി.
ഗുണപാഠം.
ദാരിദ്ര്യത്തിലേക്ക് വീഴുന്ന 65 ശതമാനത്തിൽ പെടേണ്ട എങ്കിൽ വയസ്സാകുമ്പോ ഉള്ള സമ്പാദ്യം എങ്ങനെ കിട്ടുമെന്ന് നോക്കി വെക്കണം. കയ്യിലുള്ള എല്ലാം കൊടുത്തു കളയരുത്. നമ്മളേം കൂടെ നോക്കിയേക്കണം, മക്കളെ നോക്കുന്നതിനൊപ്പം .
തിരിച്ചു ജയയിലേക്ക്,
ജയലക്ഷ്മിക്ക് പെൻഷൻ ഉണ്ട്. പണ്ട് കോഓപ്പറേറ്റീവ് കോളജിൽ ഹിസ്റ്ററി അധ്യാപിക ആയിരുന്നു. ശിഷ്യഗണങ്ങൾ കൂടുതൽ. നാടിനോട് നല്ല ബന്ധം. കൂടാതെ പെൻഷൻ.
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ജയലക്ഷ്മി അതിലേക്കൊക്കെ നീങ്ങും. അവർ ആർജ്ജിച്ച അറിവ് സമൂഹത്തിന് ലഭിക്കും.
സെക്രട്ടേറിയറ്റിൽ കാഴ്ച വച്ച അധ്വാനം കൊണ്ട് ഉണ്ടായ നന്മകൾ പോലെ അനേകം കാര്യങ്ങൾ ഇനിയും ജയലക്ഷ്മി കൊടുത്തു കൊണ്ടിരിക്കും.
ചുരുക്കം പറഞ്ഞ അടുത്ത ഇന്നിങ്സ് ജയലക്ഷ്മി പൊളിക്കും. സൂപ്പറായി. നല്ല പവറിൽ. മൊഞ്ചായി പൊളിക്കും.
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

