Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightസച്ചിയേട്ടാ.. വിട...

സച്ചിയേട്ടാ.. വിട...

text_fields
bookmark_border
സച്ചിയേട്ടാ.. വിട...
cancel

സച്ചിയേട്ടാ.. വിട...

കലയുടെയും കാഴ്ചയുടെയും അപ്പുറമുള്ള ഏതോ ലോകത്തേക്ക് നമ്മുടെ പ്രിയപ്പെട്ട സച്ചിയേട്ടൻ മറഞ്ഞു, ഒരുപാടു കഥകൾ ബാക്കി വച്ച്, ഒരു പാട് സ്വപ്നങ്ങൾ അവശേഷിപ്പിച്ച് ..

സച്ചിയേട്ടനെ അറിഞ്ഞവർക്കും മനസി ലാക്കിയവർക്കും ധാരാളം അനുഭവകഥകൾ പറയാനുണ്ടാകും, അദ്ദേഹത്തി​​​​െൻറ സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ. അതുപോലെ എനിക്കുമുണ്ട് പ്രിയപ്പെട്ട സച്ചിയേട്ടനെക്കുറിച്ചു പറയാൻ ധാരാളം.

സച്ചിയേട്ടനെ വളരെക്കാലം മുമ്പേ അറിയാമെങ്കിലും കൂടുതൽ അടുക്കുന്നത് കാഷ്മീരിലെ ഷോപ്പിയാനിൽ മേജർ രവി സാറി​​​​െൻറ പിക്കറ്റ് 43 എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. ഒരാഴ്ചയോളം സച്ചിയേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു. എപ്പോഴും ഞങ്ങൾ ഒന്നിച്ചായിരുന്നു. എന്തുണ്ടെങ്കിലും ഞാനുമായി പങ്കിടുമായിരുന്നു. അദ്ദേഹം ചെയ്യുന്ന സിനിമ തന്നെയായിരുന്നു മുഖ്യ സംസാരവിഷയം. ഒരു ദിവസം ഞാൻ ചോദിച്ചു. ചേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഞാനല്ലേ ചെയ്യുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു, അയ്യോ അതല്ലടാ.. ഇത്തവണ വേറെയാൾക്കാരാ ചെയ്യുന്നത്.

ഇനിയൊരു സിനിമ ചെയ്യുമ്പോൾ അത് നീയായിരുക്കും ചെയ്യുന്നത്. അതിൽ ഒരു സംശയവും ഉണ്ടായിരിക്കില്ല. അതിനു ശേഷം സച്ചിയേട്ട​​​​െൻറ സിനിമ അനാർക്കലി ലക്ഷദ്വീപിൽ തുടങ്ങി. ഒരു ദിവസം പൃഥ്വിരാജിനെ കാണുന്നതിനായി ഞാനും ലക്ഷദ്വീപിലെത്തി. ഒരാഴ്ച അവിടെ തങ്ങി. അന്നും സച്ചിയേട്ടനുമായി ഏറ്റവും വലിയ കൂട്ട് എനിക്കായിരുന്നു. പിന്നീട് നാട്ടിൽ വന്നു. മിക്കപ്പോഴും വിളിക്കും.

അദ്ദേഹം പറഞ്ഞതുപോലെ അദ്ദേഹത്തി​​​​െൻറ അടുത്ത സിനിമയിൽ, അയ്യപ്പനും കോശിയിൽ ഞാൻ വർക്ക് ചെയ്തു. സച്ചിയേട്ടനുമായി കൂടുതൽ അടുത്തു. വളരെ ആസ്വദിച്ച് തന്നെ ഷൂട്ട് തീർത്തു. പടം വലിയ ഹിറ്റായി. റിലീസി​​​​െൻറ അന്ന് ഞങ്ങൾ ഒരു ഫ്ളാറ്റിൽ ഇരിക്കുകയാണ്. എല്ലായിടത്തു നിന്നും പടത്തിന് ഗംഭീര റിപ്പോർട്ട്. അപ്പാൾ സച്ചിയേട്ടൻ എ​​​​െൻറയടുത്ത് വന്നിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു, പടം ഒക്കെ ഹിറ്റല്ലേ .. നമുക്ക് ചെലവൊന്നുമില്ലേ..? നിനക്ക് ഞാൻ എന്താ തരിക എന്നു പറഞ്ഞു പരതി. എന്നിട്ട് അദ്ദേഹം ഉപയോഗിച്ച വാച്ച് ഊരി എനിക്കു കെട്ടിത്തന്നു.

അയ്യപ്പനും കോശിയുടെ സെറ്റിൽ വച്ചു തന്നെ അദ്ദേഹത്തി​​​​െൻറ ഭാവി പരിപാടികൾ എന്നോടു പങ്കുവച്ചിരുന്നു. അദ്ദേഹത്തി​​​​െൻറ വലിയ സ്വപ്നമായിരുന്നു ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുക എന്നത്. അങ്ങനെയൊരു കമ്പനി തുടങ്ങിയാൽ നീ എ​​​​െൻറ കൂടെ നിൽക്കില്ലേ എന്നെന്നോടു ചോദിച്ചു. ഞാൻ റെഡിയെന്നും പറഞ്ഞു. ആ കമ്പനിയുടെ ആദ്യ സിനിമ തന്നെ സച്ചിയേട്ട​​​​െൻറ അസോസിയേറ്റായ ജയൻ നമ്പ്യാർക്കു വേണ്ടിയുള്ളതായിരുന്നു. അതേക്കുറിച്ച് സച്ചിയേട്ടൻ പറഞ്ഞു, ജയ​​​​െൻറ സിനിമയുടെ തിരക്കഥ ഞാൻ ചെയ്യും. അതി​​​​െൻറ പ്രൊഡക്ഷൻ വേണ്ടിയുള്ള കാര്യങ്ങൾ നീ മുന്നോട്ടു നീക്കിക്കോളൂ ,ഞാൻ ഒന്നിലും ഇടപെടില്ല എല്ലാം നീ തന്നെ ചെയ്യണം. സംവിധായകനായി അഡ്വാൻസ് വാങ്ങിയ സിനിമകളുണ്ട്. അത് എനിക്ക് ചെയ്തു കൊടുക്കണം.

ആ ഉത്തരവാദിത്വം എന്നെ ഏല്പിച്ചു. ആ സിനിമയ്ക്കു വേണ്ടിയുള്ള പണിപ്പുരയിലായിരുന്നു ഞാൻ. ഈയിടെയായി അദ്ദേഹം എന്നും തന്നെ വിളിക്കും. അങ്ങോട്ടുമിങ്ങോട്ടും കാണും. സിനിമയുടെ കാര്യങ്ങൾക്കായും വ്യക്തിപരമായ കാര്യങ്ങൾക്കായും ഞങ്ങൾ നിരന്തരം കണ്ടു. എന്നെ സച്ചിയേട്ടൻ രണ്ടു തരത്തിലാണ് വിളിക്കുന്നത്. ബാദുമോനെ ടാ.... എന്നായിരിക്കും ചിലപ്പോൾ വിളിക്കുന്നത്. സ്നേഹം കൂടുമ്പോൾ എടാ ബാദുക്കുട്ടാ എന്നാണ് വിളിക്കാറ്.

അങ്ങനെ ഒരു ദിവസം തന്നെ വിളിച്ചു. എടാ ബാദുക്കുട്ടാ .. ഒരുഗ്രൻ ഐറ്റം (കഥയുടെ ത്രെഡ്) കിട്ടിയിട്ടുണ്ട്. നീ വാ .. ഞാൻ അവിടെ ചെന്ന് അത് കേട്ടു. എന്ത് ഐറ്റം കിട്ടിയാലും ഞാൻ ഒരാളുടെ അടുത്ത് പറയും.. ഞാൻ ചോദിച്ചു, ആരാണത്.? പൃഥ്വിരാജായിരുന്നു അത്. രാജുവിനെ വിളിച്ചു പറഞ്ഞിട്ട് ഞാൻ നിന്നെ വിളിച്ചോളാം എന്നദ്ദേഹം പറഞ്ഞു. ഞങ്ങളോട് പറഞ്ഞിട്ടാണ് ജയനോടു പോലും സച്ചിയേട്ടൻ സബ്ജക്ട് സംസാരിക്കുന്നത്.

അതുപോലെ അയ്യപ്പനും കോശി നടക്കുന്നതിനിടെ ഒരുദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, നീയൊരു ടൈറ്റിൽ ബ്ലോക്ക് ചെയ്തിട്ട്. ബ്രിഗൻറ്​ എന്നായിരുന്നു ടൈറ്റിൽ. എങ്ങനെയുണ്ട് പേര് എന്നദ്ദേഹം ചോദിച്ചു, ഞാൻ പറഞ്ഞു, ഉഗ്രൻ, എന്താണ് സംഭവം എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു,

പടം നീ ഞെട്ടും. ആരൊക്കെയാണ് ഇതിൽ അഭിനയിക്കുന്നത് എന്നറിയാമോ? മമ്മുക്ക ഹീറോ. കൂടെ പൃഥ്വിരാജ്, ബിജു മേനോൻ , ടൊവിനോ, ആസിഫ് അലി... എന്നിവർ ഉണ്ടാകും. അതൊരു ബ്രഹ്മാണ്ഡ സിനിമയായിരിക്കും. മമ്മുക്കയുടെ ഒരു ലുക്ക് ഒക്കെ എന്നോട് പറയുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു ബ്രിഗൻറി​​​​െൻറ കാര്യം എന്നോട്​ പറഞ്ഞത്.

ബിജു മേനോനെ നായകനാക്കി ഒരു സിനിമയും അദ്ദേഹത്തിൻ്റെ മനസിലുണ്ടായിരുന്നു. അതിൻ്റെ കഥാതന്തു എന്നോടു പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചു; എടാ ഞാൻ ഒരു കഥ മമ്മൂക്കയോട് പറഞ്ഞാൽ അദ്ദേഹം കേൾക്കുമോ? അദ്ദേഹത്തിന് തിരക്കുള്ള സമയമാണോ ഇപ്പോൾ ..? ഞാൻ പറഞ്ഞു, സച്ചിയേട്ടൻ പറഞ്ഞാൽ മമ്മുക്ക കേൾക്കാതിരിക്കുമോ?

മമ്മുക്കയുടെ അടുത്തു നമുക്കൊരു സബ്ജക്ട് പറയാനുണ്ട്. ഒരു താരം കൂടിയുണ്ടെങ്കിൽ മമ്മുക്ക അഭിനയിക്കുമോ? കഥയിൽ ആവശ്യമാണെങ്കിൽ മമ്മുക്ക തയാറാകും എന്നു ഞാനും പറഞ്ഞു.

ബ്രിഗൻറിനെക്കുറിച്ചായിരിക്കാം ഒരു പക്ഷേ സച്ചിയേട്ടൻ മമ്മുക്കയോട് പറയാനിരുന്നത്.

അതിനിടെയാണ് എൻ്റെ ജന്മദിനമെത്തിയത്. എന്നെ സ്നേഹത്തോടെ വിളിച്ചു കൊണ്ടാണ് ആ ആശംസ വീഡിയോ രൂപത്തിൽ എനിക്കയച്ചത്.

ഇത്തവണ സർജറിക്കു പോകും മുമ്പും വിളിച്ചിരുന്നു. എനിക്കും ഒരു സർജറിയുണ്ടായിരുന്നു. അക്കാര്യവും ഞാൻ സച്ചിയേട്ടനോടു പറഞ്ഞു. കുഴപ്പമില്ല, നമുക്ക് രണ്ടു പേർക്കും സർജറിയൊക്കെ കഴിഞ്ഞ് റീ ഫ്രഷായി തിരിച്ചു വരാം , എന്നിട്ട് ഭാവി പരിപാടികൾ ചെയ്യാം എന്നു സച്ചിയേട്ടനും പറഞ്ഞു.

സ്വന്തമായി ഒരു വില്ല ഉണ്ടാക്കുക എന്നത് അദ്ദേഹത്തിൻ്റെ വലിയ സ്വപ്നമായിരുന്നു.

ഒരു പാട് സ്വപ്നങ്ങൾ അദ്ദേഹം എന്നോട് പറഞ്ഞു, അതിൽ ഒന്നെങ്കിലും സാധിച്ചു കൊടുക്കാൻ എനിക്കാവട്ടെ....

മരണം ഇങ്ങനെയൊക്കെയാണ് എന്ന് സ്വയം ആശ്വസിക്കാൻ നമുക്ക് പറയാം.. എന്നാൽ എത്ര ക്രൂരമായിട്ടാണ് ആ മനുഷ്യ​​​​െൻറ ജീവൻ മരണം തട്ടിയെടുത്തത്. എത്രയോ കഥകൾ, തിരക്കഥകൾ, സിനിമകൾ... മലയാളികൾക്കായി അദ്ദേഹം മനസ്സിൽ നൂറ്റെടുത്തു.

ബാദു മോനെ.. ബാദുക്കുട്ടാ... എന്നുള്ള വിളിക്ക് ഇനിയെ​​​​െൻറ സച്ചിയേട്ടനില്ലല്ലോ ..!

ഈ വേർപാട് സഹിക്കാവുന്ന തിലും അപ്പുറം

പ്രണാമം സച്ചിയേട്ടാ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story