Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രേയസ് നയിക്കും,...

ശ്രേയസ് നയിക്കും, ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; സഞ്ജുവിനായി കാത്തിരുന്ന് മലയാളികൾ

text_fields
bookmark_border
ശ്രേയസ് നയിക്കും, ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; സഞ്ജുവിനായി കാത്തിരുന്ന് മലയാളികൾ
cancel

ബെൽഫാസ്റ്റ്: ട്വന്റി-20 ലോകകപ്പ് കിരീടം നിലനിർത്തിയതിന് ശേഷമുള്ള ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് യുഗത്തിന് ഇന്ന് അയർലൻഡിൽ തുടക്കമാകും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20 പോരാട്ടത്തിന് നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റ് സ്റ്റോർമോണ്ട് സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ്ബാണ് വേദിയാകുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം ആരംഭിക്കുക. പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് കീഴിൽ അണിനിരക്കുന്ന യുവനിരയിൽ മലയാളി താരം സഞ്ജു സാംസൺ കളത്തിലിറങ്ങുന്നത് കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.

സഞ്ജു മൂന്നാമതോ? കാത്തിരിപ്പിൽ ആരാധകർ

ഇന്ത്യയുടെ മൂന്നാം ട്വന്റി-20 ലോകകപ്പ് വിജയത്തിൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി തിളങ്ങിയ സഞ്ജു സാംസൺ മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങുമെന്നാണ് സൂചനകൾ. വിക്കറ്റ് കീപ്പർ ബാറ്ററായി മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ ടീമിലുണ്ടെങ്കിലും, ലോകകപ്പിലെ അവിസ്മരണീയ പ്രകടനം സഞ്ജുവിന് ആദ്യ ഇലവനിൽ മുൻഗണന നൽകുന്നു. മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ സ്വന്തമാക്കിയ അയർലൻഡിലെ മലയാളി സമൂഹം ഗാലറിയിൽ സഞ്ജുവിനായി വലിയ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.

ശ്രേയസ് നയിക്കും; സൂര്യകുമാർ പുറത്ത്

ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം അയർലൻഡിൽ എത്തിയിരിക്കുന്നത്. മോശം ബാറ്റിങ് ഫോമിനെ തുടർന്ന് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യറാണ് പുതിയ ക്യാപ്റ്റൻ. അടുത്തിടെ ഇന്ത്യ 'എ' ടീമിനെ ശ്രീലങ്കയിൽ വിജയത്തിലേക്ക് നയിച്ച തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. ശ്രേയസ് നാലാമതായും തിലക് അഞ്ചാമതായും ക്രീസിലെത്താനാണ് സാധ്യത. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം സൂര്യൻഷ് ഷെഡ്ഗെ ടീമിൽ ഇടംനേടിയിട്ടുണ്ട്. പരിക്ക് മാറാത്തതിനാൽ വരുൺ ചക്രവർത്തിയും ടീമിലില്ല. രവി ബിഷ്‌ണോയിയായിരിക്കും പ്രധാന സ്പിന്നർ. പരിക്കിൽ നിന്ന് മോചിതനായ ഹർഷിത് റാണ എട്ടാം നമ്പരിൽ ഓൾറൗണ്ടറായി കളിച്ചേക്കും. കഴിഞ്ഞ ആഴ്ച ഏകദിന അരങ്ങേറ്റം കുറിച്ച പ്രിൻസ് യാദവിനും ആദ്യ ഇലവനിൽ സാധ്യതയുണ്ട്.

15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം?

ഈ പരമ്പരയിലെ ഏറ്റവും വലിയ ചർച്ചാവിഷയം 15 വയസുകാരൻ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ്. ഈ വർഷത്തെ ഐപിഎല്ലിൽ 72 സിക്സറുകളുമായി തിളങ്ങിയ വൈഭവ് സീനിയർ ടീമിൽ ഇടംപിടിക്കുന്നത് കാണാൻ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നുണ്ട്. താരം ഓപ്പണർ അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് സൂചനകൾ. എന്നാൽ, ലോകകപ്പ് നേടിയ ടോപ്പ് ഓർഡറിൽ തൊട്ടുകളിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറാകുമോ എന്ന കാര്യത്തിൽ ചെറിയ അനിശ്ചിതത്വവുമുണ്ട്.

ജന്മനാടിനെതിരെ കളിക്കാൻ ജയ് മൂന്ദ്ര

പരിക്കുകൾ വലയ്ക്കുന്ന അയർലൻഡ് ടീം പുതിയ ക്യാപ്റ്റൻ ലോർക്കൻ ടക്കറുടെ കീഴിലാണ് ഇന്ന് ഇറങ്ങുന്നത്. മുതിർന്ന താരം പോൾ സ്റ്റിർലിങ് പരിക്കേറ്റ് പുറത്താണ്. ജോഷ് ലിറ്റിൽ, മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ബാരി മക്കാർത്തി എന്നിവരുടെ അഭാവം ഐറിഷ് പടയ്ക്ക് തിരിച്ചടിയാണ്.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ ജനിച്ച ബൗളിങ് ഓൾറൗണ്ടർ ജയ് മൂന്ദ്രയ്ക്ക് അയർലൻഡ് ടീമിലേക്ക് ആദ്യ രാജ്യാന്തര കോൾ-അപ്പ് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയായ ജയ് മൂന്ദ്ര, വിദ്യാർത്ഥിയായി അയർലൻഡിൽ എത്തിയതായിരുന്നു. പിന്നീട് ഐറിഷ് പൗരത്വം നേടുകയും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിൽ ഇടംപിടിക്കുകയുമായിരുന്നു. സ്വന്തം ജന്മനാടിനെതിരെ പാഡ് അണിയാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഈ യുവതാരം. റൂബൻ വിൽസൺ, മാത്യു ഹോളണ്ട് എന്നിവരും ഐറിഷ് നിരയിൽ അരങ്ങേറ്റത്തിന് സാധ്യതയുള്ളവരാണ്.

ചരിത്രപരമായി ഇന്ത്യയ്ക്ക് വ്യക്തമായ മേധാവിത്വമുള്ള (ഇതുവരെ കളിച്ച 8 മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം) പോരാട്ടമാണിത്. എന്നാൽ 2007-ന് ശേഷം ആദ്യമായാണ് ഇന്ത്യ ബെൽഫാസ്റ്റിൽ ഒരു ട്വന്റി-20 മത്സരം കളിക്കുന്നത്. നിലവിലെ ഹെഡ് കോച്ച് ഗൗതം ഗംഭീർ അന്ന് ഇവിടെ നടന്ന ഏകദിനത്തിൽ മാൻ ഓഫ് ദി മാച്ച് ആയിരുന്നു. മത്സരസമയത്ത് ബെൽഫാസ്റ്റിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരത്തെ പൂർണ്ണമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പച്ചപ്പ് നിറഞ്ഞ പിച്ചായതിനാൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പേസർമാർക്ക് തുടക്കത്തിൽ ആനുകൂല്യം ലഭിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irelandSanju SamsonShreyas IyerT20 seriesIndia
News Summary - Shreyas Iyer to Lead India in Ireland; Malayali Fans Eagerly Await Sanju Samson’s Performance
Next Story