ബഹിരാകാശത്തും സോംബികളോ? സൗരയൂഥത്തിന്റെ ഭാവിയെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രലോകം
text_fieldsസീരീസിലും സിനിമയിലും മാത്രമല്ല അങ്ങ് ബഹിരാകാശത്തും സോംബികളുണ്ട്. അതെ, ഭൂമിയിൽ നിന്നും ഏകദേശം 1600 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിന് ചുറ്റും കറങ്ങുന്ന വിചിത്രമായ രണ്ട് സോംബി ഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. നക്ഷത്രത്തിന്റെ മരണശേഷവും അവശിഷ്ടങ്ങൾക്കിടയിലൂടെ അതിജീവിച്ചു മുന്നേറുന്ന ഈ ഗ്രഹങ്ങൾ, ഒരുപക്ഷേ നമ്മുടെ സ്വന്തം സൗരയൂഥത്തിന്റെ ഭാവിയിലേക്കുള്ള ഭയപ്പെടുത്തുന്ന മുന്നറിയിപ്പാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. പ്രമുഖ ശാസ്ത്ര ജേണലായ നേച്ചർ അസ്ട്രോണമിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങൾ അവയുടെ ആയുസ്സിന്റെ അവസാന ഘട്ടത്തിലെത്തുമ്പോൾ കേന്ദ്രത്തിലെ ഹൈഡ്രജൻ ഇന്ധനം പൂർണ്ണമായി തീരുന്നു. തുടർന്ന് അവ റെഡ് ജയന്റ് അഥവാ ചുവന്ന ഭീമൻ എന്ന അവസ്ഥയിലേക്ക് കടക്കുകയും, വികസിച്ച് ചുറ്റുമുള്ള ഗ്രഹങ്ങളെ വിഴുങ്ങുകയും ചെയ്യും. ഏകദേശം 5 ബില്യൺ വർഷങ്ങൾക്ക് ശേഷം നമ്മുടെ സൂര്യനും ഈ അവസ്ഥയിലാകുമെന്നും അത് ഭൂമിയെ ഉൾപ്പെടെ നശിപ്പിക്കുമെന്നുമാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.
എന്നാൽ, ഈ ചുവന്ന ഭീമൻ ഘട്ടം കഴിഞ്ഞ് പുറംപാളികൾ നശിക്കുമ്പോൾ ശേഷിക്കുന്ന കേന്ദ്രഭാഗം വെള്ളക്കുള്ളൻ നക്ഷത്രമായി മാറുന്നു. ജെ1328−1450 എന്ന നക്ഷത്രത്തിന് ചുറ്റും നടത്തിയ നിരീക്ഷണത്തിലാണ് ഇതിനുമുമ്പ് എങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഇരട്ട അവശിഷ്ട വലയങ്ങളും അതിജീവിച്ച ഗ്രഹശകലങ്ങളും ഗവേഷകർ കണ്ടെത്തിയത്. പൂർണ്ണമായി നശിക്കാതെ അവശിഷ്ടങ്ങൾക്കിടയിൽ അവശേഷിക്കുന്നതുകൊണ്ടാണ് ഇവയെ സോംബി ഗ്രഹങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്.
ഈ നക്ഷത്രത്തെ ചുറ്റുന്ന അവശിഷ്ടങ്ങളിൽ കാൽസ്യം, ഓക്സിജൻ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നതായി യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ അതിവലിയ ദൂരദർശിനി കണ്ടെത്തി. നശിച്ചുപോയ ഈ ഗ്രഹങ്ങൾക്ക് നമ്മുടെ സൗരയൂഥത്തിലെ പാറഗ്രഹങ്ങളോട് സമാനമായ ഘടനയുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
നക്ഷത്രങ്ങളുടെ അക്രമാസക്തമായ അവസാനവും, അതിനുശേഷവും ഗ്രഹവ്യവസ്ഥകൾ എങ്ങനെ നിലനിൽക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണ്ടെത്തൽ നൽകുന്നത്. ഭാവിയിൽ നമ്മുടെ സൗരയൂഥവും ഇത്തരത്തിലുള്ള ഒരു ഘട്ടത്തിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്നതിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ കോസ്മിക് ശ്മശാനം.

