ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്! ലോകത്തെ ആദ്യ ‘ദിനോസർ ലെതർ’ ഹാൻഡ്‌ബാഗെന്ന് അവകാശവാദം
text_fieldsആംസ്റ്റർഡാം: പല ജീവികളുടെയും തൊലികൊണ്ടുണ്ടാക്കുന്ന വസ്തുക്കളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദിനോസറിന്റെ തൊലികൊണ്ട് ബാഗ് നിർമിച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ചിലർ. ‘ടൈറനോസോറസ് റെക്സ്’ ദിനോസർ ഫോസിലുകളിൽനിന്ന് ഉരുത്തിരിഞ്ഞ, ലബോറട്ടറിയിൽ വളർത്തിയ പ്രോട്ടീൻ ഭാഗമായ കൊളാജൻ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ഈ ആദ്യത്തെ ഹാൻഡ്‌ബാഗ് ശാസ്ത്രജ്ഞരും ഡിസൈനർമാരും ചേർന്നാണ് ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചത്. മൂന്ന് കമ്പനികൾ ചേർന്നാണ് ഈ പദ്ധതി നടപ്പാക്കിയത്. ഓർഗനോയിഡ് കമ്പനി, ജീനോമിക് എൻജിനീയറിങ് സ്ഥാപനമായ ഓർഗനോയിഡ്, ക്രിയേറ്റീവ് ഏജൻസിയായ വി.എം.എൽ എന്നിവയുടെ 2023 മുതലുള്ള പ്രവർത്തനമാണ് ഇത് സാധ്യമാക്കിയതെന്ന് അവർ അവകാശപ്പെടുന്നു. മാമത്തിന്റെ ഡി.എൻ.എയും ആടുകളുടെ കോശങ്ങളും സംയോജിപ്പിച്ച് ഒരു ഭീമൻ മീറ്റ്ബോൾ മുമ്പ് ഇതേ ടീം നിർമിച്ചിരുന്നു.
ദിനോസർ അവശിഷ്ടങ്ങളിൽനിന്ന് പ്രോട്ടീൻ ശകലങ്ങൾ വേർതിരിച്ചെടുത്ത് മറ്റൊരു മൃഗത്തിന്റെ കോശങ്ങളിലേക്ക് കുത്തിവെച്ച് കൊളാജൻ ഉൽപ്പാദിപ്പിക്കുകയും പിന്നീട് അത് തുകലാക്കി മാറ്റുകയും ചെയ്യുകയായിരുന്നെന്ന് ഇവർ പറയുന്നു. ഈ ദൗത്യത്തിൽ ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും എന്നാൽ ഒടുവിൽ വിജയം നേടാനായി എന്നും ഓർഗനോയിഡ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് തോമസ് മിച്ചൽ പറഞ്ഞു. ഇവർ നിർമിച്ച ബാഗ് ആംസ്റ്റർഡാമിലെ ആർട്ട് സൂ മ്യൂസിയത്തിൽ മെയ് 11 വരെ ടി-റെക്സ് അസ്ഥികൂടത്തിന് കീഴിൽ പ്രദർശിപ്പിക്കുമെന്നും അതിനുശേഷം അര മില്യൺ ഡോളറിൽ കൂടുതൽ പ്രാരംഭ വിലക്ക് ലേലം ചെയ്യുമെന്നും അവർ പറഞ്ഞു.
അതേസമയം ഈ അവകാശ വാദം ചിലർ അംഗീകരിച്ചിട്ടില്ല. ബാഗിന് ദിനോസർ ലേബൽ ഉപയോഗിക്കാൻ കഴിയില്ലെന്നും ടി-റെക്സ് ചർമം പുനർനിർമിക്കാൻ ഉപയോഗിക്കാൻ കഴിയാത്ത വിഘടിച്ച അവശിഷ്ടങ്ങളായി മാത്രമേ കൊളാജൻ ദിനോസർ അസ്ഥികളിൽ നിലനിൽക്കുന്നുള്ളൂവെന്നും ആംസ്റ്റർഡാമിലെ വ്രിജെ യൂണിവേഴ്സിറ്റിയിലെ പാലിയന്റോളജിസ്റ്റായ മെലാനി ഡ്യൂറിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

