Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നലെ ലോകം അവസാനിച്ചു; 66 വർഷം മുമ്പ് ശാസ്ത്രജ്ഞർ പ്രവചിച്ച അന്ത്യദിന തീയതി 2026 നവംബർ 13

text_fields
bookmark_border
ഇന്നലെ ലോകം അവസാനിച്ചു; 66 വർഷം മുമ്പ് ശാസ്ത്രജ്ഞർ പ്രവചിച്ച അന്ത്യദിന തീയതി 2026 നവംബർ 13
cancel

ലോകം ഇന്നലെ അവസാനിച്ചിരുന്നുവെങ്കിൽ. അങ്ങനെയൊരു ‘ശാസ്ത്രീയ പ്രവചനം’ ഉണ്ടായിരുന്നു. 66 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രീയ പഠനമാണ് നവംബർ 13 വീണ്ടും ചർച്ചയാകാൻ കാരണം. 1960ൽ പുറത്തിറങ്ങിയ പഠനത്തിൽ 2026 നവംബർ 13 വെള്ളിയാഴ്ചയെ ‘ലോകാവസാന ദിനം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഭൂമി നശിക്കുമെന്നോ മനുഷ്യരാശി ഇല്ലാതാകുമെന്നോ ആയിരുന്നില്ല പഠനത്തിലെ പ്രവചനം. ലോകജനസംഖ്യയുടെ അനിയന്ത്രിതമായ വർധനയെക്കുറിച്ചുള്ള ഗണിതശാസ്ത്രപരമായ മുന്നറിയിപ്പായിരുന്നു അത്.

1960 നവംബർ നാലിന് പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ 'സയൻസ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഭൗതികശാസ്ത്രജ്ഞനായ ഹൈൻസ് വോൺ ഫോർസ്റ്ററും സഹപ്രവർത്തകരായ പട്രീഷ്യ എം. മോറ, ലോറൻസ് ഡബ്ല്യു. അമിയോട്ട് എന്നിവരുമായിരുന്നു ഗവേഷകർ. 'ഡൂംസ്‌ഡേ: ഫ്രൈഡേ, നവംബർ 13, എ.ഡി. 2026' എന്നായിരുന്നു പഠനത്തിന്റെ തലക്കെട്ട്. ബി.സി 400 മുതൽ എ.ഡി 1958 വരെയുള്ള ലോകജനസംഖ്യയുടെ കണക്കുകളാണ് ഗവേഷകർ പരിശോധിച്ചത്. ജനസംഖ്യ ഇരട്ടിയാകാൻ വേണ്ടിവരുന്ന സമയം ക്രമേണ കുറഞ്ഞുവരുന്നതായി അവർ കണ്ടെത്തി. ഈ പ്രവണത തുടർന്നാൽ ലോകജനസംഖ്യ അസാധാരണമായ വേഗത്തിൽ വർധിക്കുമെന്ന് ഗണിതശാസ്ത്ര മാതൃകയിലൂടെ വിലയിരുത്തി. ഗവേഷകരുടെ കണക്കുകൂട്ടൽ പ്രകാരം 2020ഓടെ ലോകജനസംഖ്യ 2500 കോടി കടക്കുകയും 2026 നവംബർ 13ന് ഗണിതശാസ്ത്രപരമായി അനന്തതയിലേക്ക് അടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ജനസംഖ്യ യഥാർഥത്തിൽ അനന്തമാകുമെന്നല്ല ഇതിനർഥം. ജനസംഖ്യാ വർധനയെക്കുറിച്ചുള്ള ഗണിതമാതൃകയ്ക്ക് യാഥാർഥ്യത്തെ വിശദീകരിക്കാൻ കഴിയാത്ത ഘട്ടമാണ് ഇതിലൂടെ സൂചിപ്പിച്ചത്. ഭാവിതലമുറ പട്ടിണികിടന്നല്ല, മറിച്ച് ജനപ്പെരുപ്പം മൂലമുള്ള സ്ഥലപരിമിതിയും തിരക്കും കാരണം ദുരിതത്തിലാകുമെന്നായിരുന്നു ഗവേഷകർ നൽകിയ മുന്നറിയിപ്പ്. അതിനെയാണ് അവർ ‘അന്ത്യദിന’മായി പരിഗണിച്ചത്. നവംബർ 13 എന്ന തീയതിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. പഠനത്തിന് നേതൃത്വം നൽകിയ ഹൈൻസ് വോൺ ഫോർസ്റ്ററുടെ ജന്മദിനമാണിത്. 1911 നവംബർ 13നാണ് അദ്ദേഹം ജനിച്ചത്. അതിനാൽ ലോകാവസാന പ്രവചനത്തിന് ഈ തീയതി തിരഞ്ഞെടുത്തതിൽ തമാശയുടെ അംശവും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.

എന്നാൽ, കാലക്രമേണ ഗവേഷകരുടെ കണക്കുകൂട്ടലുകൾ തെറ്റി. ഏകദേശം മൂന്ന് പതിറ്റാണ്ടോളം യഥാർഥ ജനസംഖ്യാ വർധനയുമായി പഠനത്തിലെ ഗണിതമാതൃകയ്ക്ക് സാമ്യമുണ്ടായിരുന്നു. എന്നാൽ, 1993ഓടെ ജനസംഖ്യാ വർധന പ്രവചനത്തെക്കാൾ താഴെയായി. ജനനനിരക്കിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. 1960നെ അപേക്ഷിച്ച് ആഗോള ജനനനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, നഗരവത്കരണം, കുടുംബാസൂത്രണം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ജനസംഖ്യാ വർധനയുടെ വേഗം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പഴയ ഗണിതമാതൃക പ്രകാരം 2025ൽ ലോകജനസംഖ്യ ഏകദേശം 13,100 കോടിയിലെത്തേണ്ടതായിരുന്നു. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ ഏകദേശം 820 കോടിയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തിനുമുമ്പ് ജനസംഖ്യ പരമാവധിയിലെത്തിയശേഷം ക്രമേണ കുറയുമെന്നാണ് പുതിയ വിലയിരുത്തലുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World Didn't End: 1960 Doomsday Prediction
Next Story