വീണ്ടും ചന്ദ്രനിലേക്ക്...
text_fieldsറെയ്ഡ് വിസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ.
1972 ഡിസംബർ 19. ഏതാണ്ട് 75 മണിക്കൂർ ചന്ദ്രനിൽ ചെലവഴിച്ച ശേഷം യുജിൻ കെർമാൻ, റൊണാൾഡ് ഇവാൻസ്, ഹാരിസൺ ഷ്മിറ്റ് എന്നിവരടങ്ങുന്ന സംഘം സുരക്ഷിതമായി പസഫിക്കിൽ ഇറങ്ങിയത് ആ ദിവസമാണ്. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ആ ദിവസത്തോടെ ഒരധ്യായം അവസാനിക്കുകയും ചെയ്തു. അതിനുശേഷം, മറ്റൊരാളും പിന്നെ ചന്ദ്രനിലേക്ക് പോയിട്ടില്ല. 53 വർഷങ്ങൾക്കു മുമ്പ് ശാസ്ത്രലോകം അടച്ചുവെച്ച ആ വാതിലുകൾ വീണ്ടും തുറക്കുകയാണ്. മൂന്നാഴ്ചക്കുള്ളിൽ, നാലുപേരടങ്ങുന്ന സംഘം ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്നു. പണ്ട് 12 മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ പിന്നിലുണ്ടായിരുന്ന നാസ തന്നെയാണ് ആർട്ടിമിസ് എന്ന പുതിയ ദൗത്യത്തിന്റെ അണിയറയിലുമുള്ളത്. ആർട്ടിമിസിന്റെ വിശേഷങ്ങളറിയാം
മാനവരാശിക്ക് പ്രതീക്ഷയും സമാധാനവുമായി നാം വീണ്ടും ഇവിടേക്ക് തിരികെയെത്തുകതന്നെ ചെയ്യും’’യുജിൻ കെർമാന്റേതാണ് വാക്കുകൾ. 1972 ഡിസംബർ 14ന് ചന്ദ്രനിൽനിന്ന് മടങ്ങവെയായിരുന്നു ഇങ്ങനെയൊരു പ്രസ്താവന. മനുഷ്യരെ ചന്ദ്രനിലെത്തിച്ച നാസയുടെ ‘അപ്പോളോ 17’ ദൗത്യത്തിലെ അവസാന യാത്രികരായിരുന്നു കെർമാനും ഹാരിസൺ ഷ്മിറ്റും. ഡിസംബർ 11ന് ചന്ദ്രനിലിറങ്ങിയ അവർ മൂന്ന് ദിവസത്തോളം അവിടെ ചെലവഴിച്ചു. ചാന്ദ്രവാഹനത്തിൽ (ലൂണാർ റോവർ) ഏതാണ്ട് 30 കിലോമീറ്റർ സഞ്ചരിച്ച് 100 കിലോയിലധികം പാറക്കല്ലും മണ്ണും ശേഖരിച്ചു; അവർക്കൊപ്പം അവയും ഭൂമിയിലെത്തി. അപ്പോളോ 18, 19 ദൗത്യങ്ങളെല്ലാം നാസ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങളാൽ അതൊന്നും സംഭവിച്ചില്ല. അതോടെ, ബഹിരാകാശ പര്യവേക്ഷണത്തിലെ ഒരു യുഗം അവസാനിച്ചു. പിന്നീട് ബഹിരാകാശ നിലയങ്ങൾ സ്ഥാപിച്ച് അവിടേക്കുള്ള പ്രയാണമായി. ഇതിനിടയിൽ ചൊവ്വ അടക്കമുള്ള ഗ്രഹങ്ങളിലേക്ക് റോബോട്ടിക് വാഹനങ്ങൾ അയച്ചും മറ്റും ശാസ്ത്രലോകം പുതിയ വിസ്മയങ്ങൾ തീർത്തു. അപ്പോഴും ഒരു ചോദ്യം അവശേഷിച്ചു: മനുഷ്യർ ഇനിയെന്നെങ്കിലും ചന്ദ്രനിലേക്ക് തിരിക്കുമോ?
ലോകം പുതുനൂറ്റാണ്ടിലേക്ക് കടന്നപ്പോൾതന്നെ ആ ചോദ്യത്തിന് ഉത്തരമായിരുന്നു. മനുഷ്യർ ഇനിയും ചാന്ദ്ര യാത്രതുടരും. 60കളിൽ, യു.എസും സോവിയറ്റ് യൂനിയനും മാത്രമായിരുന്നു ആ യജ്ഞത്തിലേർപ്പെട്ടിരുന്നതെങ്കിൽ പുതിയ ‘ബഹിരാകാശ മത്സര’ത്തിന് അര ഡസൻ രാജ്യങ്ങളെങ്കിലുമുണ്ടായിരുന്നു. അതിൽ ഇന്ത്യയും ജപ്പാനും ചൈനയും യു.എ.ഇയുമെല്ലാമുണ്ട്. വലിയ മത്സരമാണ് അരങ്ങേറിയത്. ഇന്ത്യയുടെ ചാന്ദ്രയാൻ, ചൈനയുടെ ഷാങ്ങെ തുടങ്ങിയ ദൗത്യങ്ങൾ യു.എസിന്റെ ആർട്ടിമിസ് പദ്ധതിക്കൊപ്പംതന്നെ തുടക്കത്തിൽ കുതിച്ചുപാഞ്ഞു. വർഷങ്ങൾക്കിപ്പുറം ആ മത്സരം നിർണായക സന്ധിയിലെത്തിയിരിക്കുന്നു. ആർട്ടിമിസിലൂടെ മനുഷ്യൻ ഒരിക്കൽകൂടി ചന്ദ്രനിലേക്ക് പറക്കുകയാണ്. ജനുവരി ഒമ്പതിന് നാസ അക്കാര്യം പ്രഖ്യാപിച്ചു: ഫെബ്രുവരി ആറിന് ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഭാഗമായി നാല് യാത്രികർ ചന്ദ്രനിലേക്ക് കുതിക്കും.
ആർട്ടിമിസ് ദൗത്യം
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടിമിസ് ദൗത്യത്തിന് തുടക്കംകുറിച്ചത് 2017ലാണ്. അതിനുമുമ്പുതന്നെ ഇതുസംബന്ധിച്ച ഗവേഷണങ്ങൾ നാസയിൽ നടന്നിരുന്നു. ദൗത്യത്തിന് മൂർത്ത രൂപം കൈവന്നതോടെയാണ് അത് ആർട്ടിമിസ് എന്ന പേരിൽ ആവിഷ്കരിച്ചുതുടങ്ങിയത്. യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ എയ്റോസ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നീ ഗവേഷണ സ്ഥാപനങ്ങളുടെകൂടി സഹകരണത്തോടെയാണ് ആർട്ടിമിസ് പുരോഗമിച്ചത്. അപ്പോളോ 17ന്റെ 50ാം വാർഷികമായിരുന്ന 2022ൽ ആർട്ടിമിസ് 1 വിക്ഷേപിച്ചു. അതൊരു ആളില്ലാ യാത്രയായിരുന്നു. നവംബർ 16ന് ഒറിയോൺ എന്ന ബഹിരാകാശപേടകവുമായി കുതിച്ച എസ്.എൽ.എസ് റോക്കറ്റ് നാല് ദിവസത്തിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം ഒമ്പതിനായിരം കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ വലംവെച്ച ഓറിയോണിൽനിന്നുള്ള വിവിധ ചിത്രങ്ങളും നാസ പുറത്തുവിട്ടു. കെർമാനും ഹാരിസൺ ഷ്മിറ്റും ചന്ദ്രനിൽനിന്ന് മടങ്ങിയ അതേ ദിവസംതന്നെ (ഡിസംബർ 11) ഓറിയോൺ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ മടങ്ങിയെത്തി. ഇതോടെ, ഓറിയൺ പേടകത്തിന് സുരക്ഷിതമായി യാത്രികരെ വഹിക്കാനാകുമെന്ന് ഉറപ്പായി.
ആദ്യ ദൗത്യം വിജയിച്ചതോടെ, രണ്ടു വർഷത്തിനുള്ളിൽ ആർട്ടിമിസ്-2 ദൗത്യവും യാഥാർഥ്യമാകുമെന്നാണ് നാസ പ്രഖ്യാപിച്ചത്. പക്ഷേ, അതുണ്ടായില്ല. ആ രണ്ട് വർഷവും നാസയെ സംബന്ധിച്ച് പലവിധ കാരണങ്ങളാൽ നിർഭാഗ്യത്തിന്റെകൂടി കാലമായിരുന്നുവെന്നുവേണം പറയാൻ. രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾ നാസയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചപ്പോൾ ആർട്ടിമിസ് ദൗത്യം മന്ദഗതിയിലായി. ഇതിനിടയിൽ, ആശങ്കയേറ്റുന്ന പല സാങ്കേതിക തകരാറുകൾ സംഭവിക്കുകയും ചെയ്തു. 2025ൽ എന്തായാലും ആർട്ടിമിസ് 2 പുറപ്പെടുമെന്നായിരുന്നു പ്രതീക്ഷ. അതുമുണ്ടായില്ല. ഇപ്പോഴിതാ, നാസയുടെ സർപ്രൈസ് പ്രസ് കോൺഫറൻസിൽ ആ പ്രഖ്യാപനം വന്നു. എല്ലാം അനുകൂലമായാൽ ഫെബ്രുവരി ആറിനുതന്നെ പുറപ്പെടും.
ചന്ദ്രനിലേക്ക് പോകും, ഇറങ്ങില്ല
ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഭാഗമായി പുറപ്പെടുന്ന ഒറിയോൺ പേടകത്തിൽ നാലു യാത്രികരാണുണ്ടാവുക. ചന്ദ്രന്റെ അരികിൽ വരെ എത്തുമെങ്കിലും (4900 മൈൽ) ഇവർക്ക് ചന്ദ്രനിലിറങ്ങാനാവില്ല. 1968ൽ വിക്ഷേപിച്ച അപ്പോളോ 8ന് തുല്യമായ ദൗത്യമാണിത്. പ്രസ്തുത ദൗത്യത്തിൽ മൂന്ന് യാത്രികർ ചന്ദ്രനരികെ എത്തി മടങ്ങി. എന്നാൽ, ആ യാത്രയാണ് തൊട്ടടുത്ത വർഷം നീൽ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും ചന്ദ്രനിൽ കാലുകുത്താൻ സഹായിച്ചത്. സമാനമായി, ആർട്ടിമിസ് 2, അടുത്ത വർഷം പുറപ്പെടുന്ന ആർട്ടിമിസ്-3ലെ യാത്രികർക്ക് വഴിയൊരുക്കും. അതിനുശേഷമുള്ള ആർട്ടിമിസ്-4, ചാന്ദ്രഭ്രമണപഥത്തിൽ ഒരു ബഹിരാകാശ നിരീക്ഷണശാല സ്ഥാപിക്കാനുള്ള സാമഗ്രികളുമായി പുറപ്പെടും. ഭൗമേതര ലോകത്ത് ആദ്യമായി ഒരു നിരീക്ഷണാലയം സ്ഥാപിക്കുക എന്നതുകൂടിയാണ് ആർട്ടിമിസിന്റെ ദൗത്യമെന്ന് സാരം. 2030ഓടെ, ബഹിരാകാശ യാത്രികരുടെ സ്ഥിരം കേന്ദ്രമായി ചാന്ദ്രപരിസരത്തെ മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള ആദ്യ ചുവടാണ് ആർട്ടിമിസ് 2.
തൊട്ടുപിറകെയുണ്ട്, ചൈന
അരനൂറ്റാണ്ടിനുശേഷം മനുഷ്യന്റെ ചാന്ദ്രയാത്ര പുനരാരംഭിക്കുമ്പോൾ ഏകപക്ഷീയമായൊരു മത്സരമായിരിക്കില്ല അതെന്ന് ഉറപ്പാണ്. ആദ്യ ചാന്ദ്രദൗത്യത്തിന് ശീതയുദ്ധത്തിന്റേ രാഷ്ട്രീയ പശ്ചാത്തലംകൂടിയുണ്ടായിരുന്നു. അന്ന് അമേരിക്കയുടെ ‘അപ്പോളോ’ മാത്രമല്ല ചന്ദ്രനിലേക്കു കുതിച്ചത്; സോവിയറ്റ് യൂനിയന്റെ സോയൂസും ലൂണയുമെല്ലാം ആ മത്സരത്തിൽ പങ്കാളിയായിരുന്നു. ഇക്കുറി അപ്പുറത്തുള്ളത് ചൈനയാണ്. ബഹിരാകാശത്ത് മറ്റൊരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണവർ. തിയാങ്ഗോങ് എന്ന പേരിൽ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിച്ച ചൈന 2021ൽതന്നെ അവിടേക്ക് മൂന്നു യാത്രികരെ എത്തിച്ചു. ദിവസങ്ങളുടെ പരീക്ഷണ-നിരീക്ഷണങ്ങൾക്കുശേഷം അവർ ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു. അതിനുശേഷവും അവിടെ ആളുകൾ സന്ദർശിച്ചു മടങ്ങി. ചൈനയുടെ ചാന്ദ്ര പദ്ധതിയാണ് ഷാങ്ങെ. 2021ൽ ഷാങ്ങെ-5 എന്ന പേടകം ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയുമുണ്ടായി. കെർമാനും ഹാരിസൺ ഷ്മിറ്റും മടങ്ങിയതിൽപിന്നെ ആദ്യമായിട്ടാണ് ഒരു രാജ്യം ചന്ദ്രനിൽനിന്നുള്ള വസ്തുക്കൾ ഭൂമിയിലെത്തിക്കുന്നത്. 2024ൽ ഷാങ്ങെ -6ഉം ഇതാവർത്തിച്ചു. 2030ന് മുമ്പായി ചൈനക്കാരും ചന്ദ്രനിലെത്തും.
യാത്രികർ ഇവർ; ആദ്യമായൊരു വനിതയും
യാത്ര സംഘത്തിൽ നാലുപേരാണുള്ളത്: റെയ്ഡ് വിസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ. ഇതിൽ ജെറമി ഹാൻസൻ ഒഴികെ ബാക്കിയെല്ലാവരും നാസയുടെ യാത്രികരാണ്. ജെറമി കാനഡയുടെ പ്രതിനിധിയും. 10 വർഷം മുമ്പ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്) യാത്ര ചെയ്തിട്ടുണ്ട് റെയ്ഡ് വിസ്മാൻ. അന്ന് 165 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തു. ഈ ദൗത്യത്തിന്റെ കമാൻഡറാണ് 50കാരനായ വിസ്മാൻ. 2020ൽ ഐ.എസ്.എസ് യാത്ര നടത്തിയ പരിചയ സമ്പത്തുമായാണ് വിക്ടർ ഗ്ലോവർ ഈ ദൗത്യത്തിൽ പങ്കാളിയാവുന്നത്. ആർട്ടിമിസ് 2ന്റെ പൈലറ്റാണ് 49കാരനായ വിക്ടർ. സ്വകാര്യ പേടകത്തിൽ (സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ) ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ക്രിസ്റ്റീന കൗച്ചിന്റെ സാന്നിധ്യമാണ്. ഇതാദ്യമായി ഒരു വനിത ചാന്ദ്രദൗത്യത്തിന്റെ ഭാഗമാവുകയാണ്. ഏഴ് വർഷം മുമ്പ്, ഐ.എസ്.എസിലേക്ക് കുതിച്ചിട്ടുണ്ട് 46 കാരിയായ ക്രിസ്റ്റീന; 328 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തു. ഇത്രയും നാൾ തുടർച്ചയായി ഐ.എസ്.എസിൽ ചെലവഴിച്ച മറ്റൊരാളില്ല. ആർട്ടിമിസ് 3 ദൗത്യത്തിലേക്കും പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നാണ് ക്രിസ്റ്റീനയുടേത്. നാലാമത്തെ യാത്രികനായ ജെറമി ഹാൻസന്റെ കന്നി യാത്രയാണിത്.
പത്ത് ദിവസത്തെ ദൗത്യം വഴി ഇങ്ങനെ
1. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഒറിറോയൺ പേടകം കുതിച്ചുയരുന്നു
2. 100 മൈൽ ഉയരത്തിൽ
3. ഭ്രമണ പഥം ഉയർത്തുന്നു
4. വിക്ഷേപണം നടന്ന് രണ്ട് മണിക്കുറിനുശേഷം ഒറിയോൺ പേടകം വേർപ്പെടുന്നു.
5. യാത്രയുടെ ഒന്നാം നാൾ അവസാനിക്കുന്നു.
6. ട്രാൻസ് ലൂണാർ ഇൻജെക്ഷൻ
7. ചന്ദ്രനിലേക്ക് കുതിക്കുന്നു
8. ചന്ദ്രനരികെ
9. ട്രാൻസ് എർത് റിട്ടേൺ
10. സർവിസ് മൊഡ്യൂളിൽനിന്ന് യാത്രികരുൾകൊള്ളുന്ന മൊഡ്യൂൾ വേർപ്പെടുന്നു
12. സ്പ്ലാഷ് ഡൗൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

