ത്രീ സ്റ്റാർ ഡിസ്കവറി
text_fieldsഒഡിഷയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർചിലെ (നൈസർ) കോസ്മോളജിസ്റ്റാണ് ലിറ്റൺ മജുംദാർ. അദ്ദേഹവും സഹപ്രവർത്തകരും നടത്തിയ ഒരു കണ്ടെത്തലാണിപ്പോൾ ശാസ്ത്രലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഭൂമിയിൽനിന്ന് ഏതാണ്ട് 489 പ്രകാശ വർഷം അകലെയുള്ള ‘ജിജി ടോ എ’ എന്ന നക്ഷത്രത്തെയാണ് അവർ കണ്ടെത്തിയിരിക്കുന്നത്.
ഈ കണ്ടെത്തലിൽ എന്താണെന്നല്ലെ? സൂര്യനെപ്പോലൊരു നക്ഷത്രമല്ല ‘ജിജി ടോ എ’. സൂര്യൻ ഒറ്റ നക്ഷത്രമാണ്. നമുക്ക് ഏറെ പരിചിതമായ ‘സിറിയസ്’ ഇരട്ട നക്ഷത്രവും. ഇരട്ട നക്ഷത്രം എന്നാൽ, ഗുരുത്വാകർഷണത്താൽ പരസ്പരം കറങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് നക്ഷത്രങ്ങൾ.
സിറിയസിന്റെ കാര്യത്തിൽ സിറിയസ് എയും സിറിയസ് ബിയും. ഇതുപോലുള്ള കോടിക്കണക്കിന് ഇരട്ട നക്ഷത്രങ്ങളുണ്ട് പ്രപഞ്ചത്തിൽ. അതുപോലെ നക്ഷത്ര ത്രയങ്ങളുമുണ്ട്. അത്തരത്തിലൊരു ‘ട്രിപ്പ്ൾ സ്റ്റാർ’ സമൂഹമാണ് ‘ജിജി ടോ എ’. പരസ്പരം കറങ്ങിക്കൊണ്ടിരിക്കുന്ന മൂന്ന് നക്ഷത്രങ്ങൾ!
ലിറ്റൺ മജുംദാർ
ഏക നക്ഷത്രം, ഇരട്ട നക്ഷത്രം എന്നിവയെക്കുറിച്ചും അവയെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കുറിച്ചുമെല്ലാം ശാസ്ത്രലോകത്തിന് ധാരണയുണ്ട്. അതേസമയം, നക്ഷത്ര ത്രയ വ്യൂഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതുതന്നെയാണ് മജുംദാറിന്റെയും സംഘത്തിന്റെയും കണ്ടെത്തലിന്റെ പ്രാധാന്യം.
മറ്റൊന്നുകൂടിയുണ്ട്: അത് ‘ജിജി ടോ എ’ക്കു ചുറ്റും കണ്ടെത്തിയ ‘മേഘപടല’ങ്ങളാണ്. നക്ഷത്രസമൂഹത്തിന് ചുറ്റുമായി ഗ്രഹങ്ങൾ പിറവിയെടുക്കുന്നതിന്റെ സൂചനകളാണ് ഈ പൊടിപടലങ്ങൾ.
അതുകൊണ്ടുതന്നെ, സൗരയൂഥത്തിലടക്കം ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും അതിന്റെ പരിണാമം എങ്ങനെയായിരുന്നുവെന്നും മനസ്സിലാക്കാൻ ‘ജിജി ടോ എ’യെ നിരീക്ഷിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ, ഗവേഷക സംഘം പുറത്തുവിടുന്ന വിവരങ്ങൾ അതിനിർണായകമാണ്.
ചിലിയിലെ അറ്റാകാമ പാത്ത്ഫൈൻഡർ എക്സ്പെരിമെന്റ് (അപെക്സ്) എന്ന റേഡിയോ ദൂരദർശിനി വഴിയാണ് ശാസ്ത്രസംഘം നിരീക്ഷണം നടത്തിയത്. ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ ദൂരദർശിനികളിലൊന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

