'ദി സെക്കൻഡ് ഓർബിറ്റ്'; ഓർമക്കുറിപ്പുകളുമായി ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഇനി എഴുത്തുകാരന്റെ വേഷത്തിൽ. ഭൂമിയിൽ നിന്ന് ബഹിരാകാശ ഭ്രമണപഥത്തിലേക്കുള്ള തന്റെ അസാധാരണമായ യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്ന ശുഭാൻഷു ശുക്ലയുടെ ആദ്യ പുസ്തകം 'The Second Orbit: Belief of a Man Dreams of 1.4 Billion Hearts' ജൂൺ 25ന് വായനക്കാരിലേക്ക് എത്തും. പ്രമുഖ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആണ് ഈ സ്മരണിക പ്രസിദ്ധീകരിക്കുന്നത്.
തലക്കെട്ടുകൾക്കും പൊതു ആഘോഷങ്ങൾക്കുമപ്പുറം, രാജ്യത്തിന്റെ ഏറ്റവും അഭിമാനകരമായ ഒരു ബഹിരാകാശ ദൗത്യത്തിന് പിന്നിൽ താൻ നേരിട്ട കഠിനമായ വർഷങ്ങളെ പുസ്തകത്തിൽ ശുക്ല തുറന്നെഴുതുന്നുണ്ട്. വർഷങ്ങൾ നീണ്ട സമർപ്പണം, കഠിനമായ പരിശീലനങ്ങൾ, നേരിടേണ്ടി വന്ന തിരിച്ചടികൾ, അനിശ്ചിതത്വങ്ങൾ എന്നിവയെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. പലപ്പോഴും അസാധ്യമെന്ന് തോന്നിയ ഒരു സ്വപ്നത്തെ പിന്തുടരാൻ വ്യക്തിജീവിതത്തിൽ നൽകേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ചും ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റിന്റെ യഥാർത്ഥ വശങ്ങളെക്കുറിച്ചും പുസ്തകം സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
'മറ്റുള്ളവർക്ക് വേണ്ടി എന്റെ ഈ യാത്ര അർത്ഥവത്താക്കാൻ ശ്രമിക്കുന്നത് ഞാൻ ഒരിക്കലും നിറുത്തില്ല,' പുസ്തക പ്രഖ്യാപന വേളയിൽ ശുഭാൻഷു ശുക്ല സന്ദേശത്തിലൂടെ പങ്കുവെച്ചു. ബഹിരാകാശ ദൗത്യത്തിനായി മാനസികമായും ശാരീരികമായും തയാറെടുക്കുമ്പോൾ നേരിട്ട വെല്ലുവിളികളും മുന്നോട്ട് നയിച്ച ആത്മവിശ്വാസവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ആക്സിയം-4 ദൗത്യത്തിനായുള്ള സ്പേസ് സ്യൂട്ട് ധരിച്ചു നിൽക്കുന്ന ശുഭാൻഷു ശുക്ല. (ഫോട്ടോ: X/@gagan_shux)
കഴിഞ്ഞ വർഷം നാസയുടെ ആക്സിയം-4 വാണിജ്യ ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായതോടെയാണ് ശുഭാൻഷു ശുക്ല രാജ്യമെമ്പാടും ശ്രദ്ധേയനായത്. നാലംഗ സംഘത്തോടൊപ്പം ബഹിരാകാശ നിലയത്തിൽ 18 ദിവസങ്ങൾ ചിലവഴിച്ച അദ്ദേഹം നിരവധി ശാസ്ത്ര പരീക്ഷണങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. 1984ൽ സോവിയറ്റ് യൂനിയന്റെ സോയൂസ് പേടകത്തിൽ ബഹിരാകാശത്തേക്ക് പറന്ന വിങ് കമാൻഡർ രാകേഷ് ശർമക്ക് ശേഷം, നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സഞ്ചാരി ശുഭാൻഷു ശുക്ലയിലൂടെ ബഹിരാകാശത്ത് തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ബഹിരാകാശ മോഹങ്ങൾക്ക് വലിയ ഊർജം പകരുന്നതായിരുന്നു ആ ദൗത്യം.
ഇന്ത്യ സ്വന്തം നിലയിൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള 'ഗഗൻയാൻ' ദൗത്യത്തിനായി തയാറെടുക്കുന്ന ഈ വേളയിൽ, രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളെ പ്രതിഫലിപ്പിക്കുന്ന ശുഭാൻഷു ശുക്ലയുടെ പുസ്തകം വലിയ ആവേശത്തോടെയാണ് ശാസ്ത്രലോകവും വായനക്കാരും കാത്തിരിക്കുന്നത്. പുതിയ തലമുറയിലെ വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും സ്വപ്നങ്ങൾ കാണുന്നവർക്കും ഈ പുസ്തകം വലിയൊരു പ്രചോദനമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

