Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഭൂമിയിലെ ജീവന്റെ...

ഭൂമിയിലെ ജീവന്റെ ഉറവിടം സൗരയൂഥത്തിന് ഉള്ളിൽനിന്ന് തന്നെ; മുമ്പ് കരുതിയത് തെറ്റെന്ന് തെളിയിച്ച് നാസയുടെ പുതിയ പഠനം

text_fields
bookmark_border
ഭൂമിയിലെ ജീവന്റെ ഉറവിടം സൗരയൂഥത്തിന് ഉള്ളിൽനിന്ന് തന്നെ; മുമ്പ് കരുതിയത് തെറ്റെന്ന് തെളിയിച്ച് നാസയുടെ പുതിയ പഠനം
cancel

വാഷിങ്ടൺ: ഭൂമിയിൽ എങ്ങനെയാണ് ജീവന്റെ കണികകൾ ഉണ്ടായതെന്ന ശാസ്ത്രലോകത്തിന്റെ കാലങ്ങളായുള്ള ചോദ്യത്തിന് പുതിയ ഉത്തരവുമായി നാസയുടെ പുതിയ പഠനം. ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ നൈട്രജൻ, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ ഭൂമിക്ക് ലഭിച്ചത് സൗരയൂഥത്തിന്റെ വിദൂര അതിർത്തികളിൽ നിന്നല്ല, മറിച്ച് സൂര്യനോട് അടുത്തുള്ള ഉൾപ്രദേശങ്ങളിൽ നിന്ന് തന്നെയാണെന്നാണ് പുതിയ കണ്ടെത്തൽ. പ്രശസ്ത ശാസ്ത്ര മാസികയായ 'സയൻസ് അഡ്വാൻസസിൽ' ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൂമിയിലേക്ക് ജീവന്റെ ഘടകങ്ങൾ എത്തിയത് സൗരയൂഥത്തിന് പുറത്തുനിന്നുള്ള ഉൽക്കകൾ വഴിയാണെന്നായിരുന്നു ഇതുവരെ ശാസ്ത്രലോകം പരക്കെ വിശ്വസിച്ചിരുന്നത്. എന്നാൽ, കോടിക്കണക്കിന് വർഷം പഴക്കമുള്ള ഇരുമ്പ് ഉൽക്കകളെയും ബഹിരാകാശ പാറകളെയും കുറിച്ച് നടത്തിയ വിപുലമായ പഠനമാണ് ഈ പഴയ ധാരണ തിരുത്തിക്കുറിച്ചത്.

ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ് സൂര്യന് ചുറ്റുമുണ്ടായിരുന്ന വാതകങ്ങളും പൊടിപടലങ്ങളും ചേർന്നാണ് ഭൂമി രൂപപ്പെടുന്നത്. ജീവന്റെ അടിസ്ഥാന ഘടകങ്ങളായ കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ, ഫോസ്ഫറസ്, സൾഫർ എന്നിവ ഈ പൊടിപടലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, സൗരയൂഥം രൂപപ്പെടുന്ന സമയത്ത് ഈ മൂലകങ്ങളുടെ വിതരണം എങ്ങനെയായിരുന്നു എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല.

പുതിയ പഠനമനുസരിച്ച്, സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ രൂപീകരണമാണ് ഭൂമിക്ക് അനുകൂലമായത്. വ്യാഴം വളരെ വേഗത്തിൽ വളർന്നപ്പോൾ അതിന്റെ ശക്തമായ ഗുരുത്വാകർഷണം കാരണം സൗരയൂഥത്തിന്റെ പുറംഭാഗത്തുള്ള വസ്തുക്കൾ ഉള്ളിലേക്ക് കടക്കാതെ ഒരു മതിൽ പോലെ തടഞ്ഞുനിർത്തപ്പെട്ടു. ഇത് സൗരയൂഥത്തിന്റെ ഉൾഭാഗത്ത് സൂര്യനോട് അടുത്ത ഭാഗങ്ങളിൽ ഫോസ്ഫറസ്, നൈട്രജൻ എന്നിവയുടെ അളവ് കൂടാൻ കാരണമായി. ഈ ഭാഗത്തുണ്ടായിരുന്ന പാറകളും അവശിഷ്ടങ്ങളും ചേർന്നാണ് പിന്നീട് ഭൂമി രൂപപ്പെട്ടത്. അതുകൊണ്ട് തന്നെ ജീവന്റെ പ്രധാന ഘടകങ്ങൾ ഭൂമിക്ക് ഉള്ളിൽ നിന്ന് തന്നെ ലഭിച്ചതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ രാജ്ദീപ് ദാസ്ഗുപ്തയും ഗവേഷകനായ ഡെബ്ജീത് പഥകും വ്യക്തമാക്കി.

ഒരു സൗരയൂഥത്തിൽ വ്യാഴത്തെപ്പോലെ വലിയൊരു ഗ്രഹം ഉണ്ടായിരുന്നെങ്കിൽ മാത്രമേ അവിടെ ഭൂമിയെപ്പോലെ ജീവനുള്ള മറ്റ് ഗ്രഹങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളൂ എന്നതിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്. ഭൂമിയുടെ ജനനത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകൾ തിരുത്തുന്നതിനൊപ്പം, പ്രപഞ്ചത്തിലെ മറ്റ് നക്ഷത്ര സമൂഹങ്ങളിൽ ജീവന്റെ സാന്നിധ്യമുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള മനുഷ്യന്റെ തെരച്ചിലിന് ഈ പുതിയ നാസ പഠനം വലിയ സഹായമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacejupiterearthsolar systemnasaScience news
News Summary - The origin of life on Earth is from within the solar system; NASA's new study proves what was previously thought wrong
Next Story