Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightദി ഗ്രേറ്റ് സ്പ്ലാഷ്...

ദി ഗ്രേറ്റ് സ്പ്ലാഷ് ഡൗൺ

text_fields
bookmark_border
ദി ഗ്രേറ്റ് സ്പ്ലാഷ് ഡൗൺ
cancel

ഭൂമിയുടെ നിയന്ത്രണ കവചങ്ങൾ ഭേദിച്ച് മനുഷ്യൻ ആകാശയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 65 വർഷമാകുന്നു. 1961 ഏപ്രിൽ 12ന് വോസ്തോക് പേടകത്തിൽ ഭൂമിയുടെ ഗുരുത്വവലയങ്ങൾ മറികടന്ന് യൂറി ഗഗാറിൻ സഞ്ചരിച്ചതോടെ ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമായി. അതിനുശേഷം, നീലഗ്രഹത്തിന്റെ ഗുരുത്വ നിയന്ത്രണരേഖ കടന്ന് അനിശ്ചിതത്വങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും സഞ്ചരിച്ചവരുടെ എണ്ണം 600ലധികം വരും. ഓരോ ആകാശയാത്രയും ഓരോ ചരിത്രമായിരുന്നു. ഗഗാറിന്റെ ആദ്യ ശൂന്യാകാശ യാത്രയും ലെയ്ക്ക എന്ന നായുടെ ശൂന്യാകാശ സഞ്ചാരവും നീൽ ആംസ്ട്രോങ്ങിന്റെ ചാന്ദ്രയാത്രയും സുനിത വില്യംസ് ഉൾപ്പെടെയുള്ളവരുടെ ബഹിരാകാശ നിലയ വാസവുമെല്ലാം ഗഗന പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു. ആ ചരിത്രമിപ്പോൾ എത്തിനിൽക്കുന്നത് ആർട്ടിമിസ് 2 എന്ന മഹാത്ഭുത യാത്രയുടെ ശുഭപര്യാവസാനത്തിലാണ്. മനുഷ്യൻ ഒരിക്കൽകൂടി ചന്ദ്രനെ കീഴടക്കിയിരിക്കുന്നു!

ആർട്ടിമിസ് യാത്രികർ ഓറിയൺ പേടകത്തിൽനിന്ന് പകർത്തിയ ചിത്രങ്ങളിൽ ചിലത്: 1. ഭൂമിയിൽനിന്ന് കാണാനാകാത്ത ചന്ദ്രന്റെ മറുഭാഗം. 2. ചന്ദ്രോപരിതലത്തെ പശ്ചാത്തലമാക്കിയുള്ള ഭൂമിയുടെ അസ്മയ ദൃശ്യം. ചന്ദ്രനും സൂര്യനും ഓറിയൺ പേടകവും ഒരേദിശയിൽ നേർരേഖയിൽ വന്നപ്പോൾ ദൃശ്യമായ സൂര്യഗ്രഹണം

വലിയ യാത്രയുടെ തുടക്കം

ഇവരായിരുന്നു ആ യാത്രികർ: റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്ച്, ജെറമി ഹാൻസൻ. പത്ത് ദിവസത്തെ ചാന്ദ്രയാത്രക്കുശേഷം ഇവർ സഞ്ചരിച്ച ഒറിയോൺ പേടകം ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 5.37ന് സാൻ ഡീഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുമ്പോൾ ഒരു യാത്ര അവസാനിക്കുകയായിരുന്നില്ല; മനുഷ്യരാശിയുടെ പുതിയൊരു യാത്രക്ക് ആ നിമിഷം തുടക്കമാവുകയായിരുന്നു. പസഫിക്കിൽ പതിച്ച ഒറിയോണിൽനിന്ന് യാത്രികരെ കരക്കടുപ്പിക്കാനായി നങ്കൂരമിട്ട യു.എസ്.എസ് ജോൺ പി. മൂർത്ത എന്ന കപ്പലിൽനിന്നുകൊണ്ട് നാസ അഡ്മിനിസ്ട്രേറ്റർ ജെറാഡ് ഐസക് മാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: ‘‘ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ല. ഞങ്ങൾ ഇനിയും അങ്ങോട്ടുതന്നെ പുറപ്പെടുകയാണ്. 2028ൽ അവിടെ മനുഷ്യൻ ഇറങ്ങും. ഞങ്ങളവിടെ ഒരു നിലയം സ്ഥാപിക്കുകയും ചെയ്യും’’. പുതിയ യാത്രയുടെ അജണ്ടയാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരർഥത്തിൽ, മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ യാത്ര പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

സ് പ്ലാഷ് ഡൗൺ ഇങ്ങനെ

ഏപ്രിൽ ഒന്നിന് തുടങ്ങിയ യാത്രയാണ്. ചില്ലറ സാങ്കേതിക തകരാറുകൾ മാറ്റിനിർത്തിയാൽ കാര്യങ്ങളെല്ലാം കൃത്യമായി നടന്നു. ഏതൊരു ബഹിരാകാശ യാത്രയിലും നിർണായകം തിരിച്ചിറക്കത്തിന്റെ അവസാന നിമിഷങ്ങളാണ്. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വ മണ്ഡലങ്ങൾക്കിടയിൽ ശൂന്യാകാശത്തുള്ള യാത്ര താരതമ്യേന എളുപ്പമാണ്. എന്നാൽ, ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കം അത്ര എളുപ്പമല്ലെന്ന് മാത്രമല്ല വലിയ അപകടങ്ങൾക്കും കാരണമാകും. പേടകം അന്തരീക്ഷത്തിൽവെച്ച് അഗ്നിഗോളമായി മാറാൻവരെ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഏതൊരു ആകാശയാത്രയുടെയും അവസാന മണിക്കൂറിലെ ഡി ഓർബിറ്റ് ബേൺ എന്ന ഘട്ടം അതിനിർണായകമാണ്. ആർട്ടിമിസ് 2വിനെ സംബന്ധിച്ച് ഈ ഘട്ടം അൽപംകൂടി ഗൗരവതരമായിരുന്നു.

ആർട്ടിമിസിന്റെ ഡി ഓർബിറ്റ് ബേൺ പ്രവചിക്കപ്പെട്ടതുപോലെത്തന്നെ കൃത്യമായിരുന്നു. സ്പ്ലാഷ് ഡൗണിന്റെ 42 മിനിറ്റുമുമ്പ് പേടകത്തിൽനിന്ന് സർവിസ് മൊഡ്യൂൾ വേർപെട്ടു. ഒറിയോൺ പേടകത്തിൽ പിന്നീട് അവശേഷിച്ചത് യാത്രികരുള്ള ക്രൂ മൊഡ്യൂൾ മാത്രം. വേർപെട്ട സർവിസ് മൊഡ്യൂൾ അന്തരീക്ഷത്തിൽ പ്രവേശിച്ചതോടെ കത്തിച്ചാമ്പലായി. ക്രൂ മൊഡ്യൂളിനെ രക്ഷിച്ചത് അവ്കോട്ട് കൊണ്ട് നിർമിച്ച ഹീറ്റ് ഷീൽഡായിരുന്നു. അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ പേടകത്തിന് പുറത്തെ താപനില 2760 ഡിഗ്രി. ലാവയേക്കാൾ ചൂട്! ഇതിനെ അതിജീവിച്ചുവേണം പേടകത്തിന് ഭൂമിയിലെത്താൻ. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ (പുലർച്ച 5.23), പതിക്കേണ്ട സ്ഥലത്തുനിന്ന് ഏകദേശം 1775 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു (ഏകദേശം 3200 കിലോമീറ്റർ) പേടകം. ഈ സമയം അതിന്റെ വേഗത മണിക്കൂറിൽ 38,600 കിലോമീറ്റർ. ഈ വേഗത്തിൽ കടലിൽ പതിച്ചാൽ അപകടമാണ്. അതിനാൽ അടുത്ത പത്ത് മിനിറ്റിനുള്ളിൽ വേഗം മണിക്കൂറിൽ 523 കിലോമീറ്ററിലെത്തിക്കണം. അത് വിജയിച്ചാൽ അടുത്ത ഘട്ടം ആരംഭിക്കും.

5.33 ആയപ്പോൾ വേഗം 218 കിലോമീറ്ററായി. പിന്നെയും വേഗം കുറച്ചതോടെ പാരച്യൂട്ട് തുറന്നു. അതോടെ വേഗം 32 കിലോമീറ്ററിലെത്തി. സ്പ്ലാഷ് ഡൗൺ ഏറ്റവും സുരക്ഷിതമായ വേഗതയാണിത്. 5.37ന് പേടകം സുരക്ഷിതമായി കടലിൽ പതിക്കുകയും ചെയ്തു. സുരക്ഷിതമായി സമുദ്രത്തിൽ പതിച്ച ഒറിയോൺ പേടകത്തെ നാസയുടെയും യു.എസ് നാവിക സേനയുടെയും വ്യോമസേനയുടെയും സംഘാംഗങ്ങൾ ചേർന്ന് വീണ്ടെടുത്തു. തുടർന്ന് യാത്രികരെ ഹെലികോപ്ടറിൽ യു.എസ്.എസ് ജോൺ പി. മൂർത്ത എന്ന കപ്പലിലേക്ക് മാറ്റി. യാത്രാനന്തര പരിശോധനകൾ ഇവിടെ പൂർത്തിയാക്കി. പിന്നീട് ചാന്ദ്ര സഞ്ചാരികളെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൻ സ്പേസ് സെന്ററിൽ എത്തിച്ചു. അടുത്ത ദിവസങ്ങളിൽ യാത്രികർ സമ്പൂർണ ആരോഗ്യ നിരീക്ഷണത്തിലായിരിക്കും.

ഏറ്റവും വലിയ മനുഷ്യയാത്ര

ഭൂമിയിൽനിന്ന് 406771 കിലോമീറ്റർ അകലെവരെ ഒറിയോൺ പേടകം സഞ്ചരിച്ചു. മാനവരാശിയുടെ ചരിത്രത്തിൽ ഇത്രയും ദൈർഘ്യമേറിയ സഞ്ചാരം ആദ്യമായാണ്. 1970ൽ, അപ്പോളോ 13ലെ യാത്രികരുടെ യാത്രയായിരുന്നു ഇതിനുമുമ്പത്തെ ദീർഘയാത്ര. അവരേക്കാൾ 4000 കിലോമീറ്റർ അധികം ആർട്ടിമിസ് യാത്രികർ സഞ്ചരിച്ചു. പത്ത് ദിവസത്തിനിടെ ഒറിയോൺ പേടകം സഞ്ചരിച്ച ദൂരം 11 ലക്ഷം കിലോമീറ്ററിലധികമാണ്. ഭൂമിയിൽനിന്ന് 500 കിലോമീറ്റർ താഴെ മാത്രം ദൂരമാണ് അന്താരാഷ്ട്ര ബഹിരാകാശ നിയലത്തിലേക്കുള്ളത്. സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുള്ള ഈ നിലയത്തിലേക്കാണ് സഞ്ചരിക്കുന്നത്. അതിനും എത്രയോ മടങ്ങ് ദൂരേക്കാണ് ആർട്ടിമിസ് സംഘം സഞ്ചരിച്ചത്.

യാത്രികരുടെ വൈവിധ്യം

ചാന്ദ്രയാത്ര നടത്തിയ ആദ്യ വനിതയെന്ന റെക്കോഡ് ഇനി ക്രിസ്റ്റീന കൗച്ചിന്. ഇതിനുമുമ്പ് 24 പേർ ചന്ദ്രനിലേക്ക് പോയെങ്കിലും അതിൽ വനിതകളുണ്ടായിരുന്നില്ല. നേരത്തെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടർച്ചയായി 328 ദിവസം താമസിച്ചതിന്റെ റെക്കോഡ് സൃഷ്ടിച്ച ക്രിസ്റ്റീന, ഭൂമിയുടെ താഴ്ന്ന ഭ്രമണപഥവും കടന്ന് സഞ്ചരിച്ച ആദ്യ വനിതയെന്ന ചരിത്രനേട്ടവും ആർട്ടിമിസ് യാത്രയിലൂടെ സ്വന്തമാക്കി.

ചാന്ദ്രയാത്ര നടത്തുന്ന ആദ്യ കറുത്ത വംശജൻ വിക്ടർ ഗ്ലോവർ. ക്രിസ്റ്റീനയെപ്പോലെത്തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഗ്ലോവറും താമസിച്ചിട്ടുണ്ട്. രണ്ട് യാത്രകളിലായി 176 ദിവസമാണ് ഐ.എസ്.എസിൽ അദ്ദേഹം ചെലവഴിച്ചത്. ചാന്ദ്രയാത്ര നടത്തിയ ആദ്യ യു.എസ് ഇതര വ്യക്തിയും (ജെറമി ഹാൻസൻ) ഏറ്റവും പ്രായം ചെന്നയാളും (റൈഡ് വൈസ്മാൻ) ആർട്ടിമിസ് യാത്രികരായിരുന്നു. അതുപോലെ, നാലുപേർ ഒരുമിച്ച് ഡീപ് സ്പേസ് യാത്ര നടത്തുന്നതും ഇതാദ്യമായാണ്.

കണ്ടു, ചന്ദ്രന്റെ മറുപാതി

ഏപ്രിൽ ഏഴിന് ആർട്ടിമിസ് മറ്റൊരു റെക്കോഡ്കൂടി സ്ഥാപിച്ചു. ഭൂമിയിൽനിന്ന് കാണാനാവാത്ത ചന്ദ്രന്റെ മറുപാതി ആദ്യമായി മനുഷ്യൻ നേരിട്ട് കണ്ടു. നേരത്തെ, അപ്പോളോ യാത്രകളിൽ പേടകം ചില ചിത്രങ്ങൾ പകർത്തിയിരുന്നുവെങ്കിലും ഒറിയോൺ പേടകത്തിന്റെ ജാലകത്തിൽനിന്ന് റീഡ് വൈസ്മാൻ തന്റെ കാമറ ആ മറുപാതിയിലേക്ക് തിരിച്ചു. കൗതുകകരമായ കാര്യമെന്തെന്നാൽ, ആ നിമിഷങ്ങളിൽ പേടകവുമായി ഭൂമിയിൽനിന്നുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു (ബ്ലാക്ക് ഔട്ട്). ഹൂസ്റ്റണിലെ കൺട്രോൾ സ്റ്റേഷന്റെ ദൃഷ്ടിയിൽനിന്ന് പേടകം 40 മിനിറ്റ് മറഞ്ഞപ്പോൾ അവർ പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. അതേദിവസം, യാത്രികർക്ക് മാത്രമായി ഒരു സൂര്യഗ്രഹണവും അനുഭവപ്പെട്ടു. പേടകവും സൂര്യനും ചന്ദ്രനും ഒരേ ദിശയിൽ നേർരേഖയിൽവന്ന ആ നിമിഷവും അവർ പകർത്തി.

ഇനിയെന്ത്?

ആർട്ടിമിസ് ദൗത്യത്തിന് തുടക്കംകുറിച്ചത് 2017ലാണ്. യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ എയ്റോസ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നീ ഗവേഷണ സ്ഥാപനങ്ങളുടെകൂടി സഹകരണത്തോടെയാണ് പദ്ധതി പുരോഗമിച്ചത്. 2022ൽ ആർട്ടിമിസ് 1 എന്ന ആളില്ലാ പേടകം വിക്ഷേപിച്ചു. നവംബർ 16ന് ഒറിയോൺ എന്ന ബഹിരാകാശ പേടകവുമായി കുതിച്ച എസ്.എൽ.എസ് റോക്കറ്റ് നാല് ദിവസത്തിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ചന്ദ്രോപരിതലത്തിൽനിന്ന് ഒമ്പതിനായിരം കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ വലംവെച്ച ഒറിയോണിൽനിന്നുള്ള വിവിധ ചിത്രങ്ങളും നാസ പുറത്തുവിട്ടു. ഡിസംബർ 11ന് ഒറിയോൺ ഭൂമിയിൽ സുരക്ഷിതമായി പതിച്ചതോടെ ആദ്യഘട്ടം വിജയകരമായി. 2024ൽ, ആർട്ടിമിസ് 2 ദൗത്യം യാഥാർഥ്യമാക്കുമെന്നായിരുന്നു നാസയുടെ പ്രഖ്യാപനം. പക്ഷേ, പല കാരണങ്ങളാൽ അത് നീണ്ടുപോയി. ഇപ്പോൾ ആർട്ടിമിസ് 2 വിജയിച്ചതോടെ ഉടൻ സമാനമായ ആർട്ടിമിസ് 3യും പുറപ്പെട്ടും. രണ്ട് വർഷത്തിനുള്ളിൽ ആർട്ടിമിസ് 4ൽ നാല് മനുഷ്യർ ചന്ദ്രനിലിറങ്ങും.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മനുഷ്യതാവളം സൃഷ്ടിക്കുകയാണ് (ആർട്ടിമിസ് ബേസ് ക്യാമ്പ്) ആർട്ടിമിസിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം. ബഹിരാകാശയാത്രികർക്ക് ഒന്നോ രണ്ടോ മാസത്തോളം ചന്ദ്രനിൽ തങ്ങി ഗവേഷണങ്ങൾ നടത്താനാണ് ഈ നിലയം. മൂന്ന് ഘടകങ്ങളാണ് ഈ ബേസ് ക്യാമ്പിന് ഉണ്ടാവുക. ബഹിരാകാശയാത്രികർക്ക് താമസിക്കാനും ജോലി ചെയ്യാനുമുള്ള ഫൗണ്ടേഷൻ സർഫേസ് ഹാബിറ്റാറ്റ്, ചന്ദ്രോപരിതലത്തിലൂടെ യാത്രികർക്ക് സഞ്ചരിക്കാനുള്ള ലൂണാർ ടെറൈൻ വെഹിക്ൾ, കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹാബിറ്റബ്ൾ മൊബിലിറ്റി പ്ലാറ്റ്‌ഫോം എന്നിവയാണ് അവ. മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ഭാവി ദൗത്യങ്ങളുടെ മുന്നോടിയായും ഇതിനെ കാണുന്നവരുണ്ട്. മുൻകാല അപ്പോളോ ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യരേഖാ പ്രദേശങ്ങളിലാണ് ഇറങ്ങിയത്. എന്നാൽ, പുതിയ കാലത്തെ ചാന്ദ്ര ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് ലക്ഷ്യമിടുന്നത്. ഇവിടത്തെ ഐസ് രൂപത്തിലുള്ള ജലസാന്നിധ്യമാണ് ദക്ഷിണധ്രുവം തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം. ചന്ദ്രനിൽ ഒരു താവളം നിർമിക്കാനുള്ള മനുഷ്യരുടെ സ്വപ്നങ്ങൾക്ക് അത് ശക്തിപകരും. ജലസാന്നിധ്യം കണ്ടെത്തിയാൽ അത് ശുദ്ധീകരിച്ച് കുടിവെള്ളമാക്കുക മാത്രമല്ല; അതിൽനിന്ന് ഓക്സിജനും ഹൈഡ്രജനും വേർതിരിച്ച് റോക്കറ്റ് ഇന്ധനമായും ശ്വാസവായുവായും ഉപയോഗിക്കാനാകും. ഇത് ദീർഘകാലവാസത്തിന് മനുഷ്യർക്ക് ശക്തിപകരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artemisnasa
News Summary - The Great Splashdown
Next Story