‘ഭൂമിയുടെ അകക്കാമ്പിൽനിന്ന് സ്വർണം ഒഴുകിയെത്തുന്നു’; ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് പുതിയ കണ്ടെത്തൽ
text_fieldsഭൂമിയുടെ അകക്കാമ്പിൽ നിന്ന് സ്വർണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് തള്ളുന്നുവെന്ന് പുതിയ കണ്ടെത്തൽ. അഗ്നിപർവത സ്ഫോടനങ്ങൾക്കിടെയാണ് ഇത്തരത്തിൽ ലോഹങ്ങൾ പുറത്തേക്ക് തള്ളപ്പെടുന്നത്. ഗോട്ടിംഗൻ സർവകലാശാലയിലെ ഗവേഷക വിഭാഗം ഹവായി ദ്വീപിലെ അഗ്നിപർവത പാറകളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
450 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമി രൂപപ്പെട്ടതു മുതൽ സ്വർണം, റുഥീനിയം പോലുള്ള വിലയേറിയ ലോഹങ്ങളുടെയും 99.99 ശതമാനത്തിലധികം ഭൂമിക്കടിയിൽ 3,000 കിലോമീറ്റർ കട്ടിയുള്ള പാറക്കടിയിൽ മറഞ്ഞിരിക്കുകയാണ്. 'നേച്ചർ' ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
സൂക്ഷ്മ മൂലകങ്ങൾ കണ്ടെത്തുന്നതിന് നൂതന ഐസോടോപ്പിക് വിശകലന സാങ്കേതിക വിദ്യകളാണ് ഗവേഷക സംഘം ഉപയോഗിച്ചത്. അസാധാരണമായി ഉയർന്ന അളവിൽ ഒരു പ്രത്യേക റുഥേനിയം ഐസോടോപ്പ് കണ്ടെത്തി. ഇത് ഭൂമിയുടെ അകക്കാമ്പിൽ അതിന്റെ ആവരണത്തേക്കാൾ കൂടുതലായി കാണപ്പെടുന്നു. ലാവ പദാർഥം ഗ്രഹത്തിന്റെ ഉള്ളിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നാണ് സൂചിപ്പിക്കുന്നത്.
ആദ്യ ഫലങ്ങളിൽ നിന്ന് തന്നെ കണ്ടത്തിയത് സ്വർണമാണെന്ന് വ്യക്തമായെന്ന് ഗവേഷകർ പറഞ്ഞു. സ്വർണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉൾപ്പെടെയുള്ള അകക്കാമ്പിൽ നിന്നുള്ള വസ്തുക്കൾ ഭൂമിയുടെ ആവരണത്തിലേക്ക് പുറന്തള്ളപ്പെടുന്നുണ്ടെന്ന് അതിലൂടെ സ്ഥിരീകരിച്ചെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
ഭൂമിയുടെ അകക്കാമ്പ് മുമ്പ് കരുതിയിരുന്നതിനേക്കാൾ ഒറ്റപ്പെട്ടു നിൽക്കുന്നതല്ലെന്നും അഗ്നിപർവത സ്ഫോടന സമയങ്ങളിൽ അകക്കാമ്പിലെ വസ്തുക്കൾ ഉപരിതലത്തിലെത്തുന്നത് ഭാവിയിൽ നിരവധി ഗവേഷണങ്ങൾക്ക് അവസരങ്ങൾ ഒരുക്കുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കോര്‍-മാന്റില്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ റുഥീനിയം ഐസോടോപ്പുകള്‍ പുതിയ സൂചകമായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ സ്വർണവും വിലയേറിയ ലോഹങ്ങളും ഭൂമിയുടെ അകക്കാമ്പിൽ നിന്ന് ഉത്ഭവിച്ചതായിരിക്കാമെന്നും പഠനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇത്തരം പുറംതള്ളൽ പ്രക്രിയ ഭൂമിയുടെ ചരിത്രാതീതകാലം മുതലുള്ള സ്ഥിരമായ പ്രതിഭാസമായിരുന്നോ എന്ന് ഗവേഷകർ സഥിരീകരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.