സൂര്യപ്രകാശം വിൽപനക്ക്
text_fieldsരാത്രിയിലും ആവശ്യാനുസരണം സൂര്യപ്രകാശം ലഭിച്ചാലോ? വൈദ്യുതി വാങ്ങുന്നതുപോലെ പണം നൽകി സൂര്യപ്രകാശവും വാങ്ങാൻ കഴിയുന്ന സംവിധാനം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ ബഹിരാകാശ സ്റ്റാർട്ടപ് കമ്പനി. ബഹിരാകാശത്ത് സ്ഥാപിക്കുന്ന കൂറ്റൻ കണ്ണാടികളിലൂടെ സൂര്യപ്രകാശം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. കാലിഫോർണിയ ആസ്ഥാനമായുള്ള ‘റിഫ്ലക്ട് ഓർബിറ്റൽ’ എന്ന കമ്പനിയാണ് വ്യത്യസ്തമായ പദ്ധതിക്ക് പിന്നിൽ. പരീക്ഷണത്തിനായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസുമായി കരാറിലേർപ്പെട്ടതോടെ പദ്ധതിക്ക് പുതിയ വേഗം കൈവന്നിരിക്കുകയാണ്.
സൂര്യാസ്തമയത്തിനുശേഷവും ഭൂമിയിലെ നിശ്ചിത പ്രദേശങ്ങളിൽ പ്രകാശം എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 18 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള കൂറ്റൻ കണ്ണാടികൾ ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കും. സൂര്യപ്രകാശം പതിക്കുന്ന കണ്ണാടികളുടെ ദിശ ക്രമീകരിച്ച് രാത്രിയിലുള്ള പ്രദേശങ്ങളിലേക്ക് വെളിച്ചം തിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം അഞ്ച് കിലോമീറ്റർ വ്യാസമുള്ള പ്രദേശത്ത് ഇത്തരത്തിൽ പ്രകാശം എത്തിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി വെളിച്ചം ആവശ്യമുള്ള പ്രദേശം തിരഞ്ഞെടുക്കാനാകും.
ഇതിനനുസരിച്ച് ബഹിരാകാശത്തെ കണ്ണാടികളുടെ സ്ഥാനം ക്രമീകരിച്ച് ആവശ്യപ്പെട്ട സ്ഥലത്ത് പ്രകാശം ലഭ്യമാക്കും. സൗരോർജ നിലയങ്ങളുടെ പ്രവർത്തനസമയം വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിലവിൽ സൂര്യാസ്തമയത്തോടെ സൗരോർജ ഉൽപാദനം നിലക്കുന്ന സാഹചര്യത്തിൽ രാത്രിയിലും പ്രകാശം ലഭ്യമാക്കുന്നതിലൂടെ ഉൽപാദനസമയം ദീർഘിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പ്രകൃതിദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാനും രാത്രികാല രക്ഷാപ്രവർത്തനങ്ങൾക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നും കമ്പനി അവകാശപ്പെടുന്നു.
പദ്ധതിയുടെ ആദ്യ പരീക്ഷണ ഉപഗ്രഹമായ ‘ഇയാറെൻഡിൽ-1’ 2027 ഏപ്രിലിനും ജൂണിനുമിടയിൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസുമായി രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്കുള്ള കരാറാണ് റിഫ്ലക്ട് ഓർബിറ്റൽ ഒപ്പുവെച്ചിരിക്കുന്നത്. 2035ഓടെ ഇത്തരത്തിലുള്ള 50,000 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കുകയെന്ന വലിയ ലക്ഷ്യവും കമ്പനിക്കുണ്ട്. ആദ്യഘട്ടത്തിൽ ചന്ദ്രപ്രകാശത്തോട് താരതമ്യപ്പെടുത്താവുന്ന വെളിച്ചമായിരിക്കും ലഭിക്കുകയെന്നാണ് വിശദീകരണം. കൂടുതൽ ഉപഗ്രഹങ്ങൾ പ്രവർത്തനസജ്ജമാകുന്നതോടെ പ്രകാശത്തിന്റെ തീവ്രതയും ലഭ്യതയുടെ ദൈർഘ്യവും വർധിപ്പിക്കാമെന്നാണ് പ്രതീക്ഷ.
അതേസമയം, ശാസ്ത്രലോകത്ത് വലിയ ആശങ്കകൾക്കും പദ്ധതി വഴിവെച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം ലക്ഷ്യമിടുന്ന പ്രദേശത്ത് മാത്രം ഒതുങ്ങില്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അന്തരീക്ഷത്തിലെ വാതക തന്മാത്രകളും സൂക്ഷ്മകണങ്ങളും പ്രകാശത്തെ ചിതറിക്കുന്നതിനാൽ സമീപപ്രദേശങ്ങളിലും വെളിച്ചം വ്യാപിക്കാനിടയുണ്ട്. രാത്രിയുടെ സ്വാഭാവിക ഇരുട്ടിനെ ഇല്ലാതാക്കുന്ന സംവിധാനം പരിസ്ഥിതിക്കും മനുഷ്യർക്കും എത്രത്തോളം അനുയോജ്യമാകുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

