26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് സ്റ്റാർഷിപ്പ്; 15-ാം വിക്ഷേപണം വിജയം
text_fieldsവാഷിങ്ടൺ: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് ഫ്ലൈറ്റ് 15ന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇതോടെ റോക്കറ്റിന്‍റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തി. ഇന്ത്യൻ സമയം പുലർച്ചെ 4.17നാണ് വിക്ഷേപണം നടന്നത്. റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലഞ്ച് ടവറിലെ മെക്കാനിക്കൽ കൈകൾ ഉപയോഗിച്ച് ഒരേസമയം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വലിയ ദൗത്യം ആസൂത്രണം ചെയ്തത്.
വിക്ഷേപണത്തിന് തൊട്ടുപിന്നാലെ സൂപ്പർ ഹെവി ബൂസ്റ്ററിന് സാങ്കേതിക തടസ്സം നേരിടുകയുണ്ടായി. തുടർന്ന് സുരക്ഷ മുൻനിർത്തി ലഞ്ച് ടവറിലെ ലാൻഡിംഗ് പ്ലാൻ മാറ്റിവെക്കുകയും, ബൂസ്റ്റർ മെക്സിക്കൻ ഉൾക്കടലിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിലെ ഈ തിരിച്ചടി കാരണം ഡബിൾ ക്യാച്ച് എന്ന ലക്ഷ്യം പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചില്ല.
ബൂസ്റ്റർ ലാൻഡിംഗ് പ്ലാൻ പാളിയെങ്കിലും, സ്റ്റാർഷിപ്പിന്റെ അപ്പർ സ്റ്റേജ് കൃത്യമായി ഭ്രമണപഥത്തിൽ പ്രവേശിച്ചു. തുടർന്ന് പേടകം 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ വിന്യസിച്ചു. നിലവിൽ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്ന പേടകം, ഏകദേശം 22 മണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ വിക്ഷേപണ കേന്ദ്രത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്.
ഭ്രമണപഥത്തിൽ നിന്ന് മടങ്ങിയെത്തുന്ന സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജ്, ലഞ്ച് ടവറിന്റെ മെക്കാനിക്കൽ കൈകൾ ഉപയോഗിച്ച് mid air-ൽ പിടിച്ചെടുക്കാനുള്ള ചരിത്രപരമായ ശ്രമമാണ് ഇനി നടക്കാനിരിക്കുന്നത്. ഈ ദൗത്യം പൂർണ്ണ വിജയം കാണുകയാണെങ്കിൽ, ബഹിരാകാശ ചരിത്രത്തിൽ ആദ്യമായി ഭ്രമണപഥത്തിൽ നിന്ന് തിരിച്ചെത്തുന്ന ഒരു റോക്കറ്റ് ഘട്ടം ടവർ ഉപയോഗിച്ച് സുരക്ഷിതമായി പുനരുപയോഗത്തിനായി പിടിച്ചെടുക്കുന്ന നാഴികക്കല്ലായി ഇത് മാറും. നിലവിൽ ഭൂമിയിൽ നിന്നും 275 കിലോമീറ്റർ അകലെയാണ് പേടകം സഞ്ചിക്കുന്നത്. ഭൂമിയെ 14 തവണ ചുറ്റിയാകും സ്റ്റാർഷിപ്പിന്‍റെ രണ്ടാംഘട്ടം ഭൂമിയിലേക്ക് മടങ്ങുക.

