ചൊവ്വാദൗത്യം കൂടുതൽ അരികെ; സ്റ്റാർഷിപ്പിന്റെ അടുത്തഘട്ട പരീക്ഷണം പൂർത്തിയാക്കി സ്പേസ് എക്സ്
text_fieldsസ്റ്റാർഷിപ്പ് തിരിച്ചിറക്കുന്ന ദൃശ്യം
ടെക്സസ്: ലോകത്തിലേറ്റവും വലിയതും ശക്തിയേറിയതുമായ റോക്കറ്റ്, സ്റ്റാർഷിപ്പിൻറെ വിക്ഷേപണം വിജയകരമായി പരീക്ഷിച്ച് സ്പേസ് എക്സ്. ടെക്സസിലെ വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന റോക്കറ്റിൽ നിന്ന് വേർപെട്ട ബൂസ്റ്റർ ഭാഗം മെക്സിക്കൻ ഉൾക്കടലിൽ നിയന്ത്രിച്ചിറക്കി. പിന്നാലെ, ബഹിരാകാശത്ത് പ്രവേശിച്ച സ്റ്റാർഷിപ് റോക്കറ്റ്, എട്ട് മാതൃക ഉപഗ്രഹങ്ങളെ വിക്ഷേപിച്ച ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ തിരിച്ചിറങ്ങി.
ഇത് പൂർണ രൂപത്തിലുള്ള സ്റ്റാർഷിപ്പിന്റെ 11-ാമത്തെ പരീക്ഷണ പറക്കലാണ്. പൂർണ സജ്ജമാക്കിയ ശേഷം റോക്കറ്റിനെ ചൊവ്വ ദൗത്യത്തിന് ഉപയോഗിക്കുമെന്ന് സ്പേസ് എക്സ് സ്ഥാപകനും സി.ഇ.ഒയുമായ ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. 2030ഓടെ നാസ ലക്ഷ്യമിടുന്ന ചാന്ദ്രദൗത്യത്തിനും 123 മീറ്റർ നീളമുള്ള സ്റ്റാർഷിപ്പ് ഉപയോഗപ്പെടുത്തും.
മെക്സിക്കൻ അതിർത്തിയിലുള്ള സ്റ്റാർബേസ് വിക്ഷേപണത്തറയിൽ 60 മിനിറ്റോളമെടുത്താണ് റോക്കറ്റ് വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ കാലുകുത്തുന്നതിലേക്കുള്ള സുപ്രധാന ചുവടാണിതെന്ന് നാസയുടെ ചുമതല വഹിക്കുന്ന സീൻ ഡുഫി എക്സിൽ കുറിച്ചു.
നിരവധി തവണ പരാജയപ്പെട്ട ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് സ്റ്റാർഷിപ്പ് വിക്ഷേപണം വിജയം കണ്ടത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറക്കുന്നതിന് മുമ്പായി ഭാവിയിൽ വിക്ഷേപണത്തറയിൽ തന്നെ റോക്കറ്റ് തിരിച്ചിറക്കാൻ ലക്ഷ്യമിടുന്ന പരീക്ഷണങ്ങളും സ്പേസ് എക്സ് നടത്തി. തുടർന്ന് കടലിൽ പതിച്ച റോക്കറ്റിന്റെ അനുബന്ധ ഭാഗങ്ങൾ വീണ്ടെടുത്തിട്ടില്ല.
ബഹിരാകാശ ദൗത്യങ്ങളിൽ പേടകങ്ങളുടെയും യന്ത്രഭാഗങ്ങളുടെയും പൂർണമായ പുനരുപയോഗം ലക്ഷ്യമിടുന്നതാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പദ്ധതി. 123 മീറ്റർ ഉയരമുള്ള ഭീമൻ റോക്കറ്റിന് 150 ടൺ ഭാരം വരെ ബഹിരാകാശത്ത് എത്തിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

