ഇന്ത്യയെ കാണാൻ എങ്ങനെ?
text_fields‘സ്ക്വഡ്രന്റ് ലീഡർ രാകേഷ് ശർമ, രാജ്യം മുഴുവനും നിങ്ങളെ ശ്രദ്ധിക്കുകയാണ്. ഇത് ഒരു ഐതിഹാസിക ചുവടുവെപ്പാണ്. ഈ ഒരു പ്രവർത്തനത്തിലൂടെ ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളോടെനിക്ക് കുറേ ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ട്, എന്നാലും ചിലത് മാത്രമേ ഇപ്പോൾ ചോദിക്കുന്നുള്ളൂ.
മുകളിൽനിന്ന് നോക്കുമ്പോൾ ഇന്ത്യയെ എങ്ങനെയാണ് താങ്കൾക്ക് കാണാൻ കഴിയുന്നത്?’
രാകേഷ് ശർമ മറുപടി പറയുന്നു,
‘സംശയമില്ലാതെ എനിക്ക് പറയാൻ കഴിയും, സാരേ ജഹാൻ സേ അച്ഛാ...’
1984 ഏപ്രിൽ മൂന്നിന് ഡൽഹിയിലെ ദൂരദർശൻ സ്റ്റുഡിയോയിലിരുന്ന് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, റഷ്യൻ ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയുമായി സംസാരിച്ചതാണിത്. അതിനുശേഷം പലരും ഇന്ത്യയെ ബഹിരാകാശ നിലയത്തിലിരുന്ന് കണ്ടു. വീണ്ടും മറ്റൊരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലിരുന്ന് ഇന്ത്യയെ കാണാനൊരുങ്ങുകയാണ്.
ഫ്ലോറിഡയിലെ കെന്നഡി സ് പേസ് സെന്ററിൽനിന്ന് സ് പേസ് എക്സിന്റെ ഡ്രാഗൺ പേടകം നാല് യാത്രികരെയും വഹിച്ചുകൊണ്ടുള്ള ആക്സിയോം ദൗത്യവുമായി (എ.എക്സ് -4) രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ അത് ഇന്ത്യക്കാർക്ക് ഏറെ അഭിമാനിക്കാവുന്ന മറ്റൊരു നിമിഷംകൂടിയാവുകയാണ്. കൂടെ, ഇന്ത്യൻ ശാസ്ത്രരംഗത്തിന് ഒരു വലിയ റെക്കോഡും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐ.എസ്.എസ്) ആദ്യ ഇന്ത്യക്കാരനായി ശുഭാൻഷു ശുക്ല മാറാനൊരുങ്ങുകയാണ്.
ഈ ദൗത്യത്തിന്റെ പൈലറ്റ് ആണ് ശുഭാൻഷു ശുക്ല. നാസയുടെയും ഐ.എസ്.ആർ.ഒയുടെയും ആക്സിയോം സ് പേസിന്റെയും സംയുക്ത ദൗത്യമാണ് എ.എക്സ് -4. സോയൂസ് ബഹിരാകാശ പേടകത്തില്‍ രാകേഷ് ശര്‍മ ബഹിരാകാശത്തു പോയി നാലു പതിറ്റാണ്ടു കഴിഞ്ഞാണ് ശുഭാൻഷുവിന്റെ ഈ യാത്ര. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്യാൻ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാൻഷു. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഗഗൻയാൻ ദൗത്യത്തില്‍ ശുഭാൻഷുവിന്റെ ഈ യാത്രാ അനുഭവങ്ങൾ മുതൽക്കൂട്ടാവുമെന്ന് ഐ.എസ്.ആർ.ഒ കരുതുന്നു.
നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ, ഹംഗറിയുടെ ടിബോർ കപു, പോളണ്ടിന്റെ സാവോസ് ഉസ്നൻസ്കി നിസ്നീവ്സ്കി എന്നിവരാണ് എ.എക്സ് -4 ദൗത്യത്തിലെ മറ്റുള്ളവർ. പെഗ്ഗി വിറ്റ്സനാണ് ദൗത്യത്തിന്റെ കമാൻഡർ.
ഏഴ് പരീക്ഷണങ്ങൾക്കാകും ഐ.എസ്.ആർ.ഒ എ.എക്സ് -4 ദൗത്യത്തിൽ ശ്രദ്ധകൊടുക്കുകയെന്നാണ് വിവരം. ബഹിരാകാശ നിലയത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ചായിരിക്കും ഒരു പഠനം. ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മൈക്രോ ആൽഗെയെ മൈക്രോഗ്രാവിറ്റി ബാധിക്കുന്നതെങ്ങനെ, ബഹിരാകാശ യാത്രികർക്കായുള്ള ഭക്ഷണത്തിനുള്ള വിത്തുകൾ മുളപ്പിക്കാനാകുമോ, സൂക്ഷ്മ ജലജീവികളുടെ അതിജീവനം തുടങ്ങിയവയാകും പഠനത്തിൽ ചിലത്.
ഉത്തർപ്രദേശിലെ ലഖ്നോ സ്വദേശിയാണ് ശുഭാൻഷു ശുക്ല. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം എൻ.ഡി.എ പരീക്ഷയിൽ വിജയിച്ച് സൈനിക പരിശീലനം പൂർത്തിയാക്കി. 2005ലാണ് നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടുന്നത്. ശേഷം ഫ്ലയിങ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശുക്ല ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. 2006 ജൂണിൽ ഇന്ത്യൻ എയർഫോഴ്സിന്റെ ഫൈറ്റർ സ്ട്രീമിൽ ഫ്ലയിങ് ഓഫിസറായി പ്രവർത്തനം തുടങ്ങി. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ് അദ്ദേഹം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭാൻഷു ശുക്ലയുടെ ദൗത്യം ഒരു സുപ്രധാന കുതിച്ചുചാട്ടമാണ്. സോവിയറ്റ് സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ പറന്നതിനുശേഷം, മനുഷ്യ ബഹിരാകാശ യാത്രയിലേക്കുള്ള ഇന്ത്യയുടെ ആദ്യ തിരിച്ചുവരവാണിത്. അതിനുമപ്പുറം ശർമയുടെ ദൗത്യത്തിൽനിന്ന് വ്യത്യസ്തമായി, ശുക്ലയുടെ യാത്ര, അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ രംഗത്തെ ആഗോള സഹകരണത്തിന്റെയും വാണിജ്യവത്കരണത്തിന്റെയും പുത്തൻ അധ്യായം രചിക്കുക കൂടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.