ഇന്ത്യയിലാദ്യമായി ഭൂഗര്‍ഭകന്ദമുള്ള സസ്യം; കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍
text_fieldsതേഞ്ഞിപ്പലം: ഇന്ത്യയിലാദ്യമായി ഭൂഗര്‍ഭ കന്ദത്തോടുകൂടിയ (ചെടിയുടെ തണ്ടിന്റെ ഭാഗമായി വളരുന്നതും ഭക്ഷണം സംഭരിക്കുന്നതുമായ ഭൂഗര്‍ഭ തണ്ടുകള്‍) സസ്യത്തെ കണ്ടെത്തി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലെ കിഴക്കന്‍ ഖാസി കുന്നുകളില്‍നിന്നാണ് ഭൂഗര്‍ഭ കന്ദത്തോടുകൂടിയ പുതിയ ഇനം ‘എരിയോക്കോളന്‍’ സസ്യത്തെ കണ്ടെത്തിയത്. ലാവോസിലും തായ്‌ലന്‍ഡിലും മാത്രമാണ് ഇതിനുമുമ്പ് ഇത്തരം സസ്യങ്ങള്‍ കണ്ടെത്തിയത്.
സസ്യം ശേഖരിച്ച പ്രദേശത്തെ അടിസ്ഥാനമാക്കി ‘എരിയോക്കോളന്‍ മേഘാലയന്‍സ്’ എന്നാണ് ഇതിന് ശാസ്ത്രീയ നാമം നല്‍കിയത്. കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗം വകുപ്പ് മുന്‍ മേധാവിയും റിട്ട. സീനിയര്‍ പ്രഫസറുമായ ഡോ. സന്തോഷ് നമ്പി, കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വകുപ്പിലെ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്സോണമി ആൻഡ് ബയോ പ്രോസ്പെക്റ്റിങ് കേന്ദ്രത്തിലെ ഗവേഷകരായ എ. വാഹിദ പര്‍വീന്‍, വി.കെ. ലുലു മുംതാസ്, കെ.പി. വൈഷ്ണവി, അര്‍ച്ചന ബാലകൃഷ്ണന്‍, കെ. അര്‍ഷദ് എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍.
ഈ സസ്യത്തിന് ചുവട്ടില്‍നിന്ന് വട്ടത്തില്‍ ക്രമീകരിക്കപ്പെട്ട മൂന്ന് മുതല്‍ 7.5 സെന്റിമീറ്റര്‍ വരെ നീളമുള്ള ഇലകളാണ്. അഗ്രഭാഗം കൂര്‍ത്തതും നേര്‍ത്തതുമായ ഈ ഇലകള്‍ മണ്ണിനടിയിലുള്ള കട്ടിയുള്ള തണ്ടില്‍നിന്നാണ് പുറപ്പെടുന്നത്. അഞ്ചു കോണുകളുള്ള തണ്ടുകളുടെ അഗ്രഭാഗത്തായി ഗോളാകൃതിയിലാണ് പൂങ്കുലകള്‍ കാണപ്പെടുക. വെള്ളനിറത്തിലുള്ള ചെറിയ പൂക്കള്‍ ഒരു ബട്ടണ്‍ പോലെ ദൃശ്യമാകും. പൂക്കള്‍ക്കുള്ളിലെ കറുത്ത ഗ്രന്ഥികളും വിത്തുകളുടെ ഘടനയുമാണ് ഈ സസ്യത്തെ ഇതേ വിഭാഗത്തിലെ മറ്റ് ഇനങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ ‘ഫൈറ്റോടാക്സ’യുടെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

