2,400 വർഷം മുമ്പത്തെ വികസിത നഗരം; ‘ഇമെതിന്റെ’ രഹസ്യങ്ങൾ തേടി പുരാവസ്തു ഗവേഷകർ
text_fieldsകെയ്റോ: ഈജിപ്തിലെ കിഴക്കൻ നൈൽ ഡെൽറ്റയിൽ മണ്ണടിഞ്ഞുപോയ പുരാതന നഗരമായ 'ഇമെത്' (Imet) പുരാവസ്തു ഗവേഷകർ കണ്ടെത്തി. നൂറ്റാണ്ടുകളായി കൃഷിഭൂമികൾക്കും ആധുനിക നിർമിതികൾക്കും താഴെ മറഞ്ഞു കിടന്നിരുന്ന ഈ നഗരം, 2,400 വർഷം മുമ്പുള്ള സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. ഷാർക്കിയ ഗവർണറേറ്റിലെ 'ടെൽ എൽ-ഫറൈൻ' (ടെൽ നബാഷ) എന്ന സ്ഥലത്താണ് ഈ അത്ഭുത കണ്ടെത്തൽ.
സാധാരണയായി ഈജിപ്ഷ്യൻ ചരിത്രം രാജാക്കന്മാരെയും പിരമിഡുകളെയും കുറിച്ചുള്ളതാകുമ്പോൾ, ഇമെത് വ്യത്യസ്തമാകുന്നത് അവിടുത്തെ സാധാരണക്കാരുടെ ജീവിതരീതികൾ കൊണ്ടാണ്. സാറ്റലൈറ്റ് ചിത്രങ്ങളുടെയും റിമോട്ട് സെൻസിങ്ങിന്റെയും സഹായത്തോടെയാണ് മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ഡോ. നിക്കി നീൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നഗരം കണ്ടെത്തിയത്.
ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത 'ടവർ ഹൗസുകൾ' എന്ന് വിളിക്കപ്പെടുന്ന മൾട്ടി-സ്റ്റോറി കെട്ടിടങ്ങളാണ്. നൈൽ ഡെൽറ്റയിലെ പരിമിതമായ സ്ഥലത്ത് താമസിക്കാൻ അക്കാലത്തെ ജനങ്ങൾ വീടുകൾ വശങ്ങളിലേക്കല്ല, മറിച്ച് മുകളിലേക്കാണ് പണിതത്. കട്ടിയുള്ള അടിത്തറയോടുകൂടിയ ഈ കെട്ടിടങ്ങൾ അക്കാലത്തെ നഗരതിരക്ക് നേരിടാനുള്ള ജനങ്ങളുടെ ബുദ്ധിപരമായ തീരുമാനമായിരുന്നു.
വീടുകൾ, ധാന്യപ്പുരകൾ, മൃഗങ്ങളെ വളർത്താനുള്ള ഇടങ്ങൾ എന്നിവയെല്ലാം ഒരേ കെട്ടിടസമുച്ചയത്തിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇടുങ്ങിയ തെരുവുകളും വീടുകളോട് ചേർന്നുള്ള തൊഴിലിടങ്ങളും ഇമെതിലെ ജനജീവിതം എത്രത്തോളം തിരക്കേറിയതായിരുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ടോളമിക് കാലഘട്ടത്തിൽ നഗരവികസനത്തിനായി ഈ പാതകൾ പലതും മാറ്റിയെഴുതുകയോ പുനർനിർമിക്കുകയോ ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഹോറസ് ദൈവത്തിന്റെ ശിൽപ്പങ്ങൾ, ഹത്തോർ ദേവതയുടെ ചിഹ്നങ്ങളുള്ള സംഗീതോപകരണങ്ങൾ, മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ചെറിയ ഫ്യൂനററി പ്രതിമകൾ എന്നിവയും ഇവിടെ നിന്ന് ലഭിച്ചു.
രാജാക്കന്മാരുടെ കൊട്ടാരങ്ങൾക്കപ്പുറം, പുരാതന ഈജിപ്ഷ്യൻ നഗരങ്ങൾ എങ്ങനെയായിരുന്നുവെന്നും, പ്രളയത്തെയും ജനപ്പെരുപ്പത്തെയും അതിജീവിക്കാൻ അവർ എങ്ങനെയൊക്കെ കെട്ടിടനിർമണ ശൈലികൾ മാറ്റിയിരുന്നുവെന്നും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുന്നു. ഭൂമിക്കടിയിൽ ഇനിയും ഒളിഞ്ഞിരിക്കുന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ വലിയൊരു ഭാഗം പുറത്തുകൊണ്ടുവരാൻ ഇമെതിലെ കണ്ടെത്തലുകൾ വഴിതെളിക്കുമെന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

