Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആസ്‌ട്രേലിയൻ തീരത്ത്...

ആസ്‌ട്രേലിയൻ തീരത്ത് നിഗൂഢ ലോഹഗോളങ്ങൾ; ബഹിരാകാശ അവശിഷ്ടങ്ങളെന്ന് സംശയം

text_fields
bookmark_border
space balls
cancel
camera_alt

സ്പേസ് ബോൾസ്

ക്വീൻസ്‌ലാൻഡ്: ആസ്‌ട്രേലിയയിലെ വടക്കൻ ക്വീൻസ്‌ലാൻഡിലുള്ള ഫോറസ്റ്റ് ബീച്ചിൽ കണ്ടെത്തിയ ആറ് വലിയ ലോഹഗോളങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളാകാമെന്ന നിഗമനത്തിൽ അധികൃതർ. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധന ടാങ്കുകളായ 'സ്പേസ് ബോൾസ്' ആണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആസ്‌ട്രേലിയൻ സ്പേസ് ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടൗൺസ്‌വില്ലിന് വടക്കുള്ള ഫോറസ്റ്റ് ബീച്ചിലാണ് ആറ് വലിയ ഗോളാകൃതിയിലുള്ള ലോഹവസ്തുക്കൾ അടിയുന്നതായി കാണപ്പെട്ടത്. വെള്ളിയാഴ്ച മൂന്നെണ്ണവും ശനിയാഴ്ച ഒരെണ്ണവും ഞായറാഴ്ച ബാക്കി രണ്ടെണ്ണവും കണ്ടെത്തി. ഈ വസ്തുക്കളിൽ റോക്കറ്റ് ഇന്ധനമായ ഹൈഡ്രാസൈൻ (Hydrazine) അടങ്ങിയിട്ടുണ്ടോ എന്ന ആശങ്കയുണ്ട്. അതീവ വിഷാംശമുള്ളതും കാൻസറിന് കാരണമാകാൻ സാധ്യതയുള്ളതുമായ ഒരു രാസവസ്തുവാണിത്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ക്വീൻസ്‌ലാൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യലൈസ്ഡ് സയന്റിഫിക് ടീമുകളെ നിയോഗിക്കുകയും, വസ്തുക്കൾ സുരക്ഷിതമായി വലിയ ഡ്രമ്മുകളിലാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് 50 മീറ്റർ ദൂരപരിധിയിൽ സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാർക്ക് നിലവിൽ ഭീഷണിയില്ലെന്നും, ഇത്തരം വസ്തുക്കൾ കണ്ടാൽ തൊടരുതെന്നും നേരിട്ട് പൊലീസിനെയോ എമർജൻസി സർവീസുകളെയോ അറിയിക്കണമെന്നും അധികൃതരുടെ നിർദേശമുണ്ട്.

ടൈറ്റാനിയം അലോയ് കൊണ്ട് നിർമിച്ച പ്രഷർ വെസലുകളാണ് ഇവയെന്ന് സ്പേസ് ആർക്കിയോളജിസ്റ്റ് ആലീസ് ഗോർമാൻ അഭിപ്രായപ്പെടുന്നു. ഉയർന്ന താപനിലയെ അതിജീവിക്കാൻ കഴിയുന്ന ഇവ റോക്കറ്റുകളുടെ വിക്ഷേപണഘട്ടങ്ങളിൽ നിന്ന് വേർപെട്ടു വീഴുന്നവയാകാം. ഇത് ഒരു വിദേശ റോക്കറ്റിന്റെ ഭാഗമാണെന്ന് പിന്നീട് നടന്ന പരിശോധനകളിൽ സൂചന ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലോകമെമ്പാടും നടന്ന വിക്ഷേപണങ്ങളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്ന റോക്കറ്റ് അവശിഷ്ടങ്ങളുടെ എണ്ണവും വർധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ 2023ൽ പടിഞ്ഞാറൻ ആസ്‌ട്രേലിയയിൽ ഇന്ത്യൻ റോക്കറ്റിന്റെ ഭാഗവും, 2011ൽ നമീബിയയിൽ സമാനമായ രീതിയിൽ റോക്കറ്റ് ഇന്ധന ടാങ്കുകളും കണ്ടെത്തിയിരുന്നു.

നിലവിൽ ഈ അവശിഷ്ടങ്ങൾ എവിടെനിന്നുള്ളതാണെന്ന കാര്യത്തിൽ ആസ്‌ട്രേലിയൻ സ്പേസ് ഏജൻസി പരിശോധന നടത്തിവരികയാണ്. ആളൊഴിഞ്ഞ തീരപ്രദേശമായതിനാൽ വൻ ദുരന്തം ഒഴിവായത് ആശ്വാസകരമാണെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Science NewsQueenslandSpace DebrisAustraliaAustralian Space Agency
News Summary - Queensland Beaches Hit by Mysterious ‘Space Balls’ Debris
Next Story