പി.എസ്.എൽ.വി പരാജയം: അട്ടിമറിയില്ല, വീഴ്ചയെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി വിക്ഷേപണ ദൗത്യം തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നിൽ അട്ടിമറിയില്ലെന്നും എന്നാൽ വീഴ്ച സംഭവിച്ചതായും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി സൂചന.
സംഭവത്തിൽ അട്ടിമറി സംശയം ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) സന്ദർശിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അട്ടിമറിയില്ലെന്നും എന്നാൽ വീഴ്ചസംഭവിച്ചെന്നും വ്യക്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പാണ് ഡോവൽ പി.എസ്.എൽ.വി നിർമിച്ച തുമ്പ വി.എസ്.എസ്.സിയിലെത്തി ഡയറക്ടർ, ശാസ്ത്രജ്ഞർ തുടങ്ങിയവരുമായി ചർച്ച നടത്തിയത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ അദ്ദേഹം നിരവധി യോഗങ്ങൾ നടത്തിയതായും അറിയുന്നു. പി.എസ്.എൽ.വിയുടെ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ ഐ.എസ്.ആർ.ഒയുടെ പരാജയ പഠന സമിതി (എഫ്.എ.സി) പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മോട്ടോറിന്റെ ചേംബറിലെ മർദം നഷ്ടമായതാണ് വിക്ഷേപണ ദൗത്യങ്ങൾ പരാജയപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അട്ടിമറി സംശയം ബലപ്പെട്ടത്. കഴിഞ്ഞ മാസം 22, 23 തീയതികളിലാണ് ഡോവൽ വി.എസ്.എസ്.സിയിലെത്തിയത്. മുൻകൂട്ടി ആശയവിനിമയം നടത്താതെ തലസ്ഥാനത്തെത്തി രഹസ്യദൗത്യം പൂർത്തിയാക്കി അദ്ദേഹം മടങ്ങുകയായിരുന്നു.
രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നിർണായകമാകേണ്ട രണ്ട് വിക്ഷേപണങ്ങളാണ് തുടർച്ചയായി പരാജയപ്പെട്ടത്. 2025 മേയ് 18ലെ പി.എസ്.എൽ.വിയുടെ 61ാം ദൗത്യവും 2026 ജനുവരി 12ലെ 62ാം ദൗത്യവുമാണ് പരാജയപ്പെട്ടത്. അതീവ പ്രാധാന്യമുള്ള ഉപഗ്രഹങ്ങൾ വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച റോക്കറ്റുകളുടെ രണ്ട് ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചെങ്കിലും മൂന്നാംഘട്ടം പ്രവർത്തനസജ്ജമാകാത്തതിനെ തുടർന്ന് ദിശ മാറുകയായിരുന്നു. വിക്ഷേപണത്തിൽ ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ വ്യക്തതയോടെ പകർത്താൻ ശേഷിയുള്ള ഉപഗ്രഹങ്ങളുൾപ്പെടെ ഇതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കുതിപ്പിനാണ് ഇത് തിരിച്ചടിയായത്. 2017ന് ശേഷം ആദ്യമായാണ് പി.എസ്.എൽ.വി ദൗത്യം പരാജയപ്പെടുന്നത്.
ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. എസ്. സോമനാഥ് മാറിയശേഷം ഡോ. വി. നാരായണൻ ചുമതലയേറ്റതോടെ പല ശാസ്ത്രജ്ഞർക്കും സ്ഥാനചലനമുണ്ടായി. ചിലർ ഐ.എസ്.ആർ.ഒ വിട്ടുപോയി. നാരായണൻ നേതൃത്വം നൽകിയ രണ്ട് പ്രധാന ദൗത്യങ്ങളും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

