ഭൂമിയിലേക്ക് പതിക്കാനൊരുങ്ങി നാസയുടെ സ്വിഫ്റ്റ് ടെലിസ്‌കോപ്പ്; രക്ഷിക്കാൻ ബഹിരാകാശത്ത് സാഹസിക ദൗത്യം
text_fieldsവാഷിങ്ടൺ: കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭാസങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകിയ നാസയുടെ പ്രശസ്തമായ 'നീൽ ഗെഹ്റെൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററി' ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു. ബഹിരാകാശത്തെ അന്തരീക്ഷ ഘർഷണം കാരണം ഭ്രമണപഥത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ ദൂരദർശിനിയെ കത്തിയമരുന്നതിൽ നിന്നും രക്ഷിക്കാൻ അഭൂതപൂർവമായ ഒരു സാഹസിക ദൗത്യത്തിന് നാസ ഒരുങ്ങുകയാണ്. ശാസ്ത്രലോകം ഇന്നേവരെ പരീക്ഷിക്കാത്ത രീതിയിലുള്ള ഒരു രക്ഷാദൗത്യമാണിത്.
പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ കോസ്മിക് സ്ഫോടനങ്ങളായ 'ഗാമ-റേ ബേസ്റ്റുകളെ' കുറിച്ച് പഠിക്കാൻ 2004ലാണ് നാസ സ്വിഫ്റ്റ് ടെലിസ്കോപ്പ് വിക്ഷേപിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ 2026 അവസാനത്തോടെ ഈ പേടകം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് പൂർണമായും നശിച്ചുപോകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഇതേത്തുടർന്നാണ് ദൂരദർശിനിയെ ബഹിരാകാശത്ത് വെച്ച് തന്നെ പിടികൂടി ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റാൻ നാസ തീരുമാനിച്ചത്.
'സ്വിഫ്റ്റ് ബൂസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം നിർവഹിക്കുന്നത് അരിസോണ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കാറ്റലിസ്റ്റ് സ്പേസ് ടെക്നോളജീസ്' എന്ന സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയാണ്. ദൂരദർശിനിയെ രക്ഷിക്കാനായി 'ലിങ്ക്' എന്ന പ്രത്യേക പേടകം വെറും ഒമ്പത് മാസം കൊണ്ടാണ് ഈ കമ്പനി രൂപകൽപന ചെയ്ത് നിർമിച്ചത്. ജൂൺ 27ന് നോർത്രോപ് ഗ്രമ്മന്റെ 'പെഗാസസ് എക്സ്.എൽ' റോക്കറ്റിലായിരിക്കും ലിങ്ക് വിക്ഷേപിക്കുക.
സ്വിഫ്റ്റ് ദൂരദർശിനി നിർമിച്ച സമയത്ത് അതിൽ മറ്റൊരു പേടകവുമായി ഘടിപ്പിക്കാനുള്ള ഡോക്കിങ് പോർട്ടോ സ്വന്തമായി തള്ളൽ ശക്തി നൽകാനുള്ള പ്രൊപ്പൽഷൻ സംവിധാനമോ ഒരുക്കിയിരുന്നില്ല. അതിനാൽ കനത്ത വെല്ലുവിളികൾ നിറഞ്ഞതാണ് ഈ ദൗത്യം. കാറ്റലിസ്റ്റിന്റെ 'ലിങ്ക്' പേടകം അത്യാധുനിക റോബോട്ടിക് കൈകൾ ഉപയോഗിച്ച് സ്വിഫ്റ്റിനെ വളരെ ശ്രദ്ധാപൂർവം പിടിച്ചെടുക്കുകയും തുടർന്ന് അതിനെ സുരക്ഷിതമായ ഉയർന്ന ഭ്രമണപഥത്തിലേക്ക് പതുക്കെ ഉയർത്തുകയുമാണ് ചെയ്യുക.
രണ്ട് വർഷത്തെ കാലാവധിക്ക് വിക്ഷേപിച്ച സ്വിഫ്റ്റ് 20 വർഷത്തിലേറെയായി വിജയകരമായി പ്രവർത്തിക്കുകയാണ്. സ്വർണ്ണം, പ്ലാറ്റിനം തുടങ്ങിയ ഭാരമേറിയ മൂലകങ്ങൾ പ്രപഞ്ചത്തിൽ എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടെത്താൻ ഈ ദൂരദർശിനി വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഈയിടെ സൂര്യനിലുണ്ടായ ശക്തമായ സൗരപ്രവർത്തനങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകൾഭാഗം വികസിക്കുകയും ഇത് സ്വിഫ്റ്റ് പേടകത്തിന് മേൽ കൂടുതൽ ഘർഷണം ഉണ്ടാക്കുകയുമായിരുന്നു. സ്വന്തമായി ത്രസ്റ്ററുകൾ ഇല്ലാത്തതിനാലാണ് ഇതിന് ഭ്രമണപഥം നിലനിർത്താൻ കഴിയാതെ പോയത്.
എല്ലാം വിചാരിച്ചതുപോലെ നടന്നാൽ ഈ വർഷം അവസാനത്തോടെ സ്വിഫ്റ്റ് ദൂരദർശിനി വീണ്ടും പൂർണ സജ്ജമാകുകയും അടുത്ത 5 വർഷത്തേക്ക് കൂടി പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള യാത്ര തുടരുകയും ചെയ്യും. ഈ ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തെ വിലപിടിപ്പുള്ള ഉപഗ്രഹങ്ങളുടെ കാലാവധി നീട്ടുന്നതിനും മാലിന്യങ്ങൾ കുറക്കുന്നതിനും പുതിയൊരു വഴിത്തിരിവാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

