ജാലകപഴുതിലൊരു പൂർണ ചന്ദ്രൻ; ചന്ദ്രനൊരു ‘ഗുഡ്നൈറ്റ്’, ചിത്രം പുറത്തുവിട്ട് നാസ
text_fieldsവാഷിങ്ടൺ: ബഹിരാകാശ യാത്രയിലെ പുതിയ നാഴികക്കല്ലായ ആർട്ടെമിസ് II ദൗത്യത്തിനിടെ പര്യവേഷകരിലൊരാൾ പകർത്തിയ ചിത്രം പങ്കുവെച്ച് നാസ. ആർട്ടെമിസ് ദൗത്യത്തിന്റെ അഞ്ചാം ദിവസം ഉറങ്ങാൻ പോകുന്നതിന് മുമ്പ് സംഘാംഗങ്ങളിലൊരാൾ പകർത്തിയതാണ് ചിത്രം. ഓറിയോൺ ബഹിരാകാശ പേടകത്തിന്റെ ജാലകത്തിലൂടെ ചന്ദ്രനെ അടുത്ത് കാണുന്നതാണ് ചിത്രം. ചിത്രത്തിൽ ഓറിയോൺ പേടകത്തിന്റെ ജാലകത്തിലൂടെ ചന്ദ്രനെ കാണാൻ സാധിക്കും. ‘ഗുഡ്നൈറ്റ് മൂൺ’ എന്നു പറഞ്ഞുകൊണ്ടാണ് നാസ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ആർട്ടെമിസ് II ദൗത്യസംഘത്തിന്റെ ചാന്ദ്ര യാത്രയിലെ നിരവധി ചിത്രങ്ങൾ നാസ പങ്കുവെക്കുന്നുണ്ട്. ചന്ദ്രനോട് കൂടുതൽ അടുക്കുംതോറും നാസ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടേക്കാം. അമേരിക്കക്കാരായ ക്രിസ്റ്റീന കോച്ച്, റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, കാനഡക്കാരനായ ജെറമി ഹാൻസെൻ എന്നിവരാണ് ആർട്ടെമിസ് II ദൗത്യ സംഘാംഗങ്ങൾ.
അതേസമയം, ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിലേക്ക് നാസയുടെ ആർട്ടെമിസ് II ചാന്ദ്രദൗത്യ സംഘം പ്രവേശിച്ചു. ഭൂമിയുടെ ഗുരുത്വാകർഷണത്തേക്കാൾ ചന്ദ്രന് സ്വാധീനം കൂടിയ മേഖലയിലേക്കാണ് ഓറിയോൺ പേടകം പ്രവേശിച്ചത്. ആർട്ടെമിസ് II ഇപ്പോൾ ചന്ദ്രനിൽനിന്ന് 66098.977 കിലോമീറ്റർ അകലെയാണുള്ളത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ചന്ദ്രനെചുറ്റിയുള്ള ഫ്ലൈബൈ ആരംഭിക്കും. ഇതോടെ ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിക്കുന്ന മനുഷ്യരായി ആർട്ടെമിസ് II പര്യവേഷകർ മാറും. അപ്പോളോ യാത്രയിലെ ബഹിരാകാശ യാത്രികരുടെ റെക്കോഡാണ് ആർട്ടെമിസ് II മറിക്കടക്കുക.
ആറ് മണിക്കൂർ നീണ്ടതാണ് ആർട്ടെമിസ് II ന്റെ ഫ്ലൈ ബൈ. ഈ ദൗത്യത്തിൽ ക്രൂവിന് നഗ്നനേത്രങ്ങൾ കൊണ്ടും പേടകത്തിലെ കാമറകളിലൂടെയും ചന്ദ്രനെ നിരീക്ഷിക്കാൻ സാധിക്കും. ചന്ദ്രന്റെ മറുവശത്തെ കാഴ്ചകൾ സംഘത്തിന് കാണാൻ സാധിക്കും.മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം 54 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനിലേക്ക് പോകുന്നത്. 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങൾ ചന്ദ്രനിൽ ഇറങ്ങില്ല. നാല് ബഹിരാകാശയാത്രികർ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

