Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാസക്ക് യൂറോപ്പിന്റെ സഹായം കൂടാതെ മുന്നോട്ട് പോകാനാവില്ല, മുന്നറിയിപ്പുമായി ജർമൻ മന്ത്രി

text_fields
bookmark_border
നാസക്ക് യൂറോപ്പിന്റെ സഹായം കൂടാതെ മുന്നോട്ട് പോകാനാവില്ല, മുന്നറിയിപ്പുമായി ജർമൻ മന്ത്രി
cancel

ബർലിൻ: ബഹിരാകാശ പര്യവേക്ഷണങ്ങളിൽ അമേരിക്കക്ക് യൂറോപ്പിന്റെ സഹായം കൂടാതെ മുന്നോട്ട് പോകാനാവില്ലെന്ന് ജർമനി. നാസയുടെ ദൗത്യങ്ങളിൽ ജർമനിയും യൂറോപ്പും നൽകുന്ന സാങ്കേതികവിദ്യകൾ നിർണായകമാണെന്നും, അതിനാൽ തങ്ങളില്ലാതെ അമേരിക്കക്ക് ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കാനാവില്ലെന്നും ജർമൻ ബഹിരാകാശ മന്ത്രി ഡൊറോത്തി ബാർ പറഞ്ഞു. പാരിസിൽ നടന്ന ‘വിവടെക്’ ട്രേഡ് ഷോക്കിടെ ‘പൊളിറ്റിക്കോ’ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

നാസയുടെ ചന്ദ്രദൗത്യങ്ങളിൽ ഉപയോഗിക്കുന്ന യൂറോപ്യൻ സർവിസ് മൊഡ്യൂൾ ഇതിന്റെ പ്രധാന ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ മൊഡ്യൂൾ ഇല്ലെങ്കിൽ ചന്ദ്രനിലേക്ക് പറക്കാൻ അമേരിക്കക്ക് കഴിയില്ലെന്ന് അവർ വ്യക്തമാക്കി.

ഓറിയോൺ ബഹിരാകാശ പേടകത്തിന് ആവശ്യമായ ദിശാബോധം നൽകുന്ന സ്റ്റാർ ട്രാക്കറുകൾ നിർമിക്കുന്നത് ജർമ്മൻ കമ്പനിയായ ജെന-ഒപ്‌ട്രോണിക് ആണ്. പേടകത്തിന് വൈദ്യുതി, പ്രൊപ്പൽഷൻ, താപ നിയന്ത്രണം, വായു, വെള്ളം എന്നിവ നൽകുന്ന ‘പവർഹൗസ്’എന്നാണ് നാസ തന്നെ ഈ യൂറോപ്യൻ സർവീസ് മൊഡ്യൂളിനെ വിശേഷിപ്പിക്കുന്നത്. ജർമനിയിലെ ബ്രെമെൻ നഗരത്തിലാണ് ഈ മൊഡ്യൂൾ അസംബിൾ ചെയ്യുന്നത്.

ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), മൈക്രോചിപ്പുകൾ തുടങ്ങിയ സാങ്കേതികവിദ്യകളിൽ അമേരിക്കൻ മേധാവിത്വത്തിനെതിരെ യൂറോപ്പ് കടുത്ത അതൃപ്തിയിലാണ്. അമേരിക്കൻ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറക്കാൻ യൂറോപ്യൻ യൂനിയൻ പുതിയ 'ടെക് സോവറിന്റി' (സാങ്കേതിക പരമാധികാര) പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.

ക്ലൗഡ് കമ്പ്യൂട്ടിങ്, എ.ഐ മേഖലകളിൽ യൂറോപ്യൻ കമ്പനികളെ വളർത്താനാണ് നീക്കം. നിലവിൽ യൂറോപ്പിലെ ക്ലൗഡ് വിപണിയുടെ 70 ശതമാനവും ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗ്ൾ തുടങ്ങിയ യു.എസ് കമ്പനികളുടെ കൈകളിലാണ്.

റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ ബഹിരാകാശ രംഗത്ത് ശക്തമായ കൂട്ടുകെട്ടുണ്ടാക്കി മുന്നേറുന്ന സാഹചര്യത്തിൽ, ജനാധിപത്യ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് മന്ത്രി ബാർ ഓർമിപ്പിച്ചു.

എങ്കിലും, സാങ്കേതികവിദ്യയുടെ കാര്യത്തിൽ അമേരിക്കയോടുള്ള ആശ്രിതത്വം കുറക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ തോതിൽ സമ്മർദ്ദം വർധിച്ചുവരികയാണ്. ആന്ത്രോപിക് പോലുള്ള എ.ഐ മോഡലുകൾക്ക് അമേരിക്ക പുറത്തുള്ളവർക്ക് പ്രവേശനം നിഷേധിച്ചതുൾപ്പെടെയുള്ള നടപടികൾ യൂറോപ്പിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

യൂറോപ്യൻ വിപണിയിലെ തങ്ങളുടെ സേവനങ്ങൾ തടയുന്ന ഏത് യു.എസ് സർക്കാർ ഉത്തരവിനെയും നിയമപരമായി നേരിടുമെന്ന് മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികൾ അറിയിച്ചിട്ടുണ്ടെങ്കിലും, സാങ്കേതിക മേഖലയിലെ യൂറോപ്പിന്റെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് യൂറോപ്യൻ കമീഷന്റെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NASA can’t advance in space without Europe’s help, warns German ministe
Next Story