കാലുകൾ കുഞ്ഞുങ്ങളുടെ പാദങ്ങൾ പോലെ മൃദുവാകും, തലകറക്കവും ഓക്കാനവുമുണ്ടാകും; സുനിത വില്യംസിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ
text_fieldsഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് മടങ്ങുകയാണ്. മാർച്ച് പകുതിയോടെയാണ് അവരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതേസമയം, ഇത്രയും കാലം ബഹിരാകാശത്ത് കഴിഞ്ഞവർക്ക് ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ എളുപ്പമായിരിക്കില്ല. അവർ നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് പറയുകയാണ് മുൻ നാസ ബഹിരാകാശ യാത്രികൻ ലെറോയ് ചിയാവോ.
നീണ്ട ബഹിരാകാശദൗത്യങ്ങൾക്കു ശേഷം തിരിച്ചെത്തുന്ന ബഹിരാകാശ യാത്രികരുടെ കാലുകൾ കുഞ്ഞിന്റെ കാലുകൾ പോലെ മൃദുവായിരിക്കുമെന്നു അദ്ദേഹം പറയുന്നു. ബഹിരാകാശത്തെ ഭാരമില്ലായ്മയിൽ കാലിലെ കോശങ്ങൾ അപ്രക്ഷ്യമാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ചർമത്തിന്റെ കട്ടിയുള്ള ഭാഗം നഷ്ടമാകും. മൃദുവായ പാദങ്ങൾക്ക് പുറമെ തലകറക്കവും ഓക്കാനവും ഉണ്ടാകുമെന്നും ചിയാവോ പറയുന്നു. പനി വരാനും സാധ്യതയുണ്ടെന്ന് മറ്റൊരു ബഹിരാകാശ യാത്രികനായ ടെറി വിർട്സ് പറയുന്നു. തനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായതായും അദ്ദേഹം വിവരിച്ചു. ശരിക്കും നല്ല ഭാരം തോന്നി, തലകറക്കവുമുണ്ടായി-അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാൽ ശരീരം ഭൂമിയിലെ അവസ്ഥയുമായി പൊരുത്തപ്പെടാൻ ആഴ്ചകൾ തന്നെയെടുക്കും.
10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് തിരിച്ച സുനിതയും വിൽമോറും ഒമ്പതുമാസത്തിലേറെയായി അവിടെ കുടുങ്ങിപ്പോയി. അവരുടെ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നായിരുന്നു അത്. അതിനാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തന്നെ തുടരുകയല്ലാതെ അവർക്ക് മറ്റ് വഴികളില്ലാതായി. ബഹിരാകാശ നിലയത്തിലെ സുദീർഘമായ വാസം അവരുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കകളുണ്ടാക്കിയിരുന്നു. ഇരുവരെയും വേഗത്തിൽ തിരികെ എത്തിക്കാം ബൈഡൻ ഭരണകൂടം നടപടികൾ സ്വീകരിച്ചില്ലെന്ന് ഇപ്പോഴത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇലോൺ മസ്കും കുറ്റപ്പെടുത്തി. എല്ലാത്തിനുമൊടുവിൽ മടക്കയാത്ര തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 12 ന് ഇവരെ തിരിച്ചെത്തിക്കാൻ ഒമ്പതംഗ സംഘത്തെ വിക്ഷേപിക്കുമെന്ന് നാസ പ്രഖ്യാപിച്ചു. അതിനുശേഷം, സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂൾ വില്യംസിനെയും വിൽമോറിനെയും തിരിച്ചെത്തിക്കും. മാർച്ച് 16 നാണ് മടക്കയാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.