'കഴിഞ്ഞ രണ്ട് ദൗത്യത്തേക്കാൾ പുരോഗതി'; സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്‍റെ ഒമ്പതാം വിക്ഷേപണത്തിൽ പ്രതികരിച്ച് മസ്ക്
text_fieldsവാഷിംഗ്ടണ്‍: തുടരെയുള്ള പരാജയങ്ങൾ ഏറ്റുവാങ്ങി സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷണ വിക്ഷേപണങ്ങൾ. സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഒമ്പതാമത്തെ വിക്ഷേപണവുമിപ്പോൾ പരാജയപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച നടന്ന പരീക്ഷണ വിക്ഷേപണം ലക്ഷ്യത്തിൽ എത്തും മുമ്പ് സ്റ്റാര്‍ഷിപ്പിന്‍റെ മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വെച്ച് തകരുകയായിരുന്നു. തെക്കന്‍ ടെക്‌സാസിലെ സ്റ്റാര്‍ബേസില്‍ നിന്നായിരുന്നു ഒന്‍പതാമത്തെ വിക്ഷേപണം. സ്റ്റാര്‍ഷിപ്പിന്റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങളും പരാജയമായിരുന്നു.
ദൗത്യം പരാജയത്തിലേക്ക് നയിച്ചതിന്‍റെ സാങ്കേതിക പ്രശ്നങ്ങളും ദൗത്യത്തിന്‍റെ പുരോഗതിയെയും കുറിച്ച് സി.ഇ.ഒ ഇലോൺ മസ്‌ക് പറഞ്ഞു.
സ്റ്റാർഷിപ്പ് ഷെഡ്യൂൾ ചെയ്ത പ്രധാന എഞ്ചിൻ കട്ട്ഓഫ് കൈവരിച്ചതായി മസ്‌ക് അറിയിച്ചു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വലിയ പുരോഗതിയാണ് കാണിക്കുന്നത്. ഹീറ്റ് ഷീൽഡ് ടൈലുകൾക്ക് കാര്യമായ നഷ്ടമുണ്ടായില്ല എന്നതും വളരെ പ്രധാനമാണ്.
മൂന്നോ നാലോ ആഴ്ചക്കുള്ളിൽ ഒരു വിക്ഷേപണം എന്ന നിലയിൽ അടുത്ത മൂന്ന് വിക്ഷേപണങ്ങൾ വേഗത്തിലായിരിക്കും നടത്തുക എന്നും മസ്ക് അറിയിച്ചു. ഇന്ധനച്ചോര്‍ച്ചയാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തില്‍ ഇത്തവണ തിരിച്ചടിയായത് എന്നാണ് പ്രാഥമിക നിഗമനം.
സ്‌പേസ് എക്‌സിന്റെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റാണ് പരീക്ഷണ പറക്കലിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത്. 123 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പ് എന്ന പടുകൂറ്റന്‍ റോക്കറ്റിന് ബൂസ്റ്റര്‍, സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം.
33 റാപ്റ്റര്‍ എഞ്ചിനുകളാണ് ബൂസ്റ്ററിന്‍റെ കരുത്ത്. 52 മീറ്ററാണ് സ്പേസ്‌ക്രാഫ്റ്റിന്‍റെ ഉയരം. ഈ രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കാനാവുന്ന തരത്തിലാണ് സ്പേസ് എക്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാസയുടെ ആര്‍ട്ടെമിസ് ചാന്ദ്ര ലാന്‍ഡിംഗിന് ഉപയോഗിക്കാനിരിക്കുന്ന വിക്ഷേപണ വാഹനം കൂടിയാണ് സ്റ്റാര്‍ഷിപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.