ആകാശപരേഡിലെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ ചന്ദ്രനെത്തും
text_fieldsകോഴിക്കോട്: ദേശീയ ശാസ്ത്ര ദിനത്തിനുപിന്നാലെ ആകാശപരേഡിലെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ ചന്ദ്രനെത്തും. കഴിഞ്ഞ ദിവസം മുതൽ അരങ്ങേറിയ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും സൂര്യന്റെ ഒരു ഭാഗത്തായി അണിനിരക്കുന്ന കാഴ്ച ചന്ദ്രാഗതത്തോടെ ഏറെ മനോഹരമാകും.
ശനിയാഴ്ച രാത്രി മുതൽ മാനത്ത് ഈ ദൃശ്യവിരുന്ന് വാനകുതുകികൾക്ക് ആഹ്ലാദം പകരും. മാധ്യമങ്ങളിൽ ഗ്രഹപരേഡ് എന്ന പേരിൽ പ്രചാരം നേടിയ ഈ പ്രതിഭാസം സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് കിഴക്കോട്ട് നിരീക്ഷിക്കാവുന്നതാണ്. ഏറ്റവും പടിഞ്ഞാറായി ശനിയെയും, തൊട്ടു കിഴക്കായി ബുധനെയും വെറും കണ്ണുകൊണ്ട് കഷ്ടിച്ച് കാണാം.
എന്നാൽ, ഇതിനൽപം കിഴക്കുമാറി സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹമായ നെപ്റ്റ്യൂൺ ഉണ്ടെങ്കിലും അത് നഗ്നനേത്രം കൊണ്ട് ദൃശ്യമാകില്ല. എന്നാൽ, എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചുകൊണ്ട് പടിഞ്ഞാറൻ മാനത്ത് നല്ല തിളക്കത്തിലുള്ള ശുക്രനെ എളുപ്പം തിരിച്ചറിയാം. അൽപം കൂടെ കിഴക്കോട്ടുമാറി നല്ലതിളക്കത്തിൽ വ്യാഴവും പ്രത്യക്ഷപ്പെടും.
ശൂക്രനും വ്യാഴത്തിനുമിടയിൽ യുറാനസിനെ കാണാമെങ്കിലും അതിനായി ബൈനോക്കുലർ തന്നെ ഉപയോഗിക്കേണ്ടി വരും. വ്യാഴത്തിനും കിഴക്കായി നല്ല ചുവന്ന നിറത്തിൽ ചൊവ്വയെയും കാണാം. ശുക്രനെയും വ്യാഴത്തെയും ചൊവ്വയെയും വളരെ എളുപ്പം തിരിച്ചറിയാം. ഇത്തരം ഒരു ഗ്രഹപരേഡിന് ഇനി 2040 വരെ കാത്തിരിക്കണമെന്ന് അമച്വർ വാനനിരീക്ഷകനും കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

