‘വലിയ സ്വപ്നങ്ങൾ കാണാം, പുതിയ മേഖലകളിലേക്ക് മുന്നേറാം’; ദേശീയ ബഹിരാകാശ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ചന്ദ്രയാൻ-3യുടെ ചരിത്രവിജയത്തിന്റെ ഓർമ പുതുക്കുന്ന ദേശീയ ബഹിരാകാശ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ ഇരുവരും ശാസ്ത്ര-സാങ്കേതിക മേഖലയിൽ കൂടുതൽ മുന്നേറ്റത്തിന് ആഹ്വാനം ചെയ്തു.
`കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാം, കൂടുതൽ പുതുമകൾ സൃഷ്ടിക്കാം, പുതിയ അതിരുകളിലേക്ക് മുന്നേറാം' എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി ദേശീയ ബഹിരാകാശ ദിനത്തിൽ ആശംസകൾ നേർന്നത്. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിന്റെ ഓർമക്കായാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്. 2023 ആഗസ്റ്റ് 23നായിരുന്നു ഇന്ത്യ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലക്ക് സമീപം വിജയകരമായി ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്ന അമിത് ഷാ ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. അവരുടെ അസാധാരണമായ പ്രതിഭയാണ് ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡറാണ് ചന്ദ്രോപരിതലത്തിൽ നിയന്ത്രിത സോഫ്റ്റ് ലാൻഡിങ് നടത്തിയത്. തുടർന്ന് പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി. ഈ നേട്ടം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ നിർണായക അധ്യായമായി മാറി.
ബഹിരാകാശ ശാസ്ത്രത്തോടും സാങ്കേതികവിദ്യയോടുമുള്ള താൽപര്യം വർധിപ്പിക്കുന്നതിനൊപ്പം ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ യുവാക്കളെ എത്തിക്കുകയെന്ന ലക്ഷ്യവും ദേശീയ ബഹിരാകാശ ദിനാചരണത്തിനുണ്ട്. യുവതലമുറയെ ശാസ്ത്രീയ ഗവേഷണത്തിലേക്കും നൂതന സാങ്കേതികവിദ്യകളിലേക്കും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായും ഇത് മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

