ചൊവ്വയുടെ കാലാവസ്ഥയിൽ പുതിയ രഹസ്യങ്ങൾ; നിർണായക കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ
text_fieldsചൊവ്വയിലെ അന്തരീക്ഷചംക്രമണത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ച് സുപ്രധാനമായ കണ്ടെത്തലുകളുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ‘ഹോപ്പ്’ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ചൊവ്വയുടെ അന്തരീക്ഷം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും താപനില എങ്ങനെയാണ് വ്യതിചലിക്കുന്നതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ചൊവ്വയിലെ വലിയ ഗർത്തങ്ങളായ ഹെല്ലസ് , ആർഗൈർ എന്നീ മേഖലകളിലെ ഉപരിതല താപനിലയാണ് ശാസ്ത്രജ്ഞർ പ്രധാനമായും പരിശോധിച്ചത്. ഇവിടങ്ങളിൽ അതിശക്തമായ താപനില വ്യതിയാനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശീതകാലത്ത് താപനില മൈനസ് 123 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും, വേനൽക്കാലത്ത് 22 ഡിഗ്രി സെൽഷ്യസ് മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യുന്നതായി പഠനം വ്യക്തമാക്കുന്നു. ശാസ്ത്രജ്ഞർ മുമ്പ് പ്രവചിച്ചതിനേക്കാൾ 10 കെൽവിൻ കൂടുതലാണ് പുതിയ പഠനങ്ങൾ പ്രകാരം ചൊവ്വയിലെ താപനില.
ചൊവ്വയിലെ നേർത്ത അന്തരീക്ഷ പാളിക്ക് ഭൂമിയെപ്പോലെ താപം നിലനിർത്താനോ വിതരണം ചെയ്യാനോ സാധിക്കാത്തതാണ് ഈ കടുത്ത താപനില വ്യതിയാനത്തിന് കാരണം. സൂര്യനെ വലംവെക്കുന്ന ചൊവ്വയുടെ ഭ്രമണപഥത്തിന്റെ പ്രത്യേകതകളും ഈ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്. അന്തരീക്ഷത്തിലുണ്ടാകുന്ന തരംഗരൂപങ്ങൾ നിരീക്ഷിച്ചതിലൂടെ ചൊവ്വയുടെ അന്തരീക്ഷം എങ്ങനെ ചലിക്കുന്നു എന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചു. ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യരെയും റോബോട്ടുകളെയും അയക്കുന്ന ദൗത്യങ്ങൾക്ക്, ലാൻഡിങ് സൈറ്റുകൾ തിരഞ്ഞെടുക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഈ കണ്ടെത്തലുകൾ ഏറെ നിർണ്ണായകമാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

