പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. ജയന്ത് നർലികർ അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും പദ്മവിഭൂഷൺ ജേതാവുമായ ഡോ. ജയന്ത് നർലികർ (87) അന്തരിച്ചു. പുണെയിലെ വസതിയിലായിരുന്നു അന്ത്യം.
മഹാവിസ്ഫോടന സിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന പ്രപഞ്ചഘടനാശാസ്‌ത്രത്തിന്‍റെ പേരിലാണ് ജയന്ത് നർലികർ ലോകപ്രശസ്തി നേടിയത്. സ്ഥിരസ്ഥിതി പ്രപഞ്ചഘടനാശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹം സർ ഫ്രെഡ് ഹയ്‌ലെയുമായി ചേർന്ന് ഹയ്‌ലെ-നാർലിക്കർ തിയറി വികസിപ്പിച്ചിട്ടുണ്ട്.
പ്രപഞ്ചശാസ്ത്രത്തിൽ ഏറെ പഠനങ്ങൾ നടത്തിയ ഡോ. ജയന്ത് നർലികർ ശാസ്ത്രപ്രചാരണത്തിലും വലിയ സംഭാവനകൾ നൽകി. നിരവധി ശാസ്ത്ര സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച അദ്ദേഹം ഒട്ടേറെ ഗവേഷകർക്ക് വഴികാട്ടിയുമായിട്ടുണ്ട്.
1938 ജൂലൈ 19നായിരുന്നു ജനനം. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ കേംബ്രിജ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. കേംബ്രിജിലെ പഠനകാലത്ത് ഗണിതശാസ്ത്രത്തിലെ മികവിനുള്ള റാങ്ക്ളർ പുരസ്കാരവും ടൈസൺ മെഡലും ലഭിച്ചിരുന്നു.
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ നർലികർ 1972ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർചിൽ (ടി.ഐ.എഫ്.ആർ) പ്രവർത്തിച്ചു. ടി.ഐ.എഫ്.ആറിലെ തിയററ്റിക്കൽ ആസ്ട്രോഫിസിക്സ് സംഘത്തിന് 1989 വരെ നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. പുണെയിലെ സാവിത്രിബായി ഫുലെ സർവകലാശാലയിലെ ആസ്ട്രോണമി-ആസ്ട്രോഫിസിക്സ് സെന്‍റർ (ഐ.യു.സി.എ.എ) സ്ഥാപിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. 2003 വരെ ഇതിന്‍റെ ഡയറക്ടറായിരുന്നു. പിന്നീട്, ഇവിടെ എമിരിറ്റസ് പ്രഫസറായും പ്രവർത്തിച്ചു.
നിരവധി അന്താരാഷ്ട്രവേദികളിൽ ഡോ. ജയന്ത് നർലികർ അംഗീകാരങ്ങളേറ്റുവാങ്ങിയിട്ടുണ്ട്. 2012ൽ തേർഡ് വേൾഡ് അകാദമി ഓഫ് സയൻസ് ഇദ്ദേഹത്തെ ആദരിച്ചു. 1996ൽ ശാസ്ത്രപ്രചാരണത്തിന് യുനെസ്കോയുടെ കലിംഗ പ്രൈസ് ലഭിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം ടി.വി, റേഡിയോ പരിപാടികളിലൂടെയും സാധാരണക്കാരിൽ ശാസ്ത്രപ്രചാരണത്തിന് മുൻകൈയെടുത്തു.
1965ൽ ശാസ്ത്രമേഖലയിലെ സംഭാവനകൾക്ക് 26ാം വയസ്സിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. പിന്നീട് 2004ൽ പദ്മവിഭൂഷൺ ലഭിച്ചു. മഹാരാഷ്ട്ര സർക്കാർ പരമോന്നത സംസ്ഥാന പുരസ്കാരമായ മഹാരാഷ്ട്ര ഭൂഷൺ നൽകി ആദരിച്ചു. ഇദ്ദേഹത്തിന്‍റെ ആത്മകഥക്ക് 2014ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

