Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വദേശി ജിപിഎസിന് കരുത്തേകാൻ എൻവിഎസ്-03; 'സ്മാർട്ട് ബോയ്' ജിഎസ്എൽവി റോക്കറ്റ് ഇന്ന് അർധരാത്രി വിക്ഷേപിക്കും

text_fields
bookmark_border
സ്വദേശി ജിപിഎസിന് കരുത്തേകാൻ എൻവിഎസ്-03; സ്മാർട്ട് ബോയ് ജിഎസ്എൽവി റോക്കറ്റ് ഇന്ന് അർധരാത്രി വിക്ഷേപിക്കും
cancel

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വദേശി നാവിഗേഷൻ സംവിധാനമായ ‘നാവികി’ന് കരുത്ത് പകരാൻ ഐഎസ്ആർഒയുടെ നിർണായക ദൗത്യം ഇന്ന്. പുതുതലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03 രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കും.

ജിഎസ്എൽവി-എഫ്18 റോക്കറ്റിലാണ് വിക്ഷേപണം. തുടക്കകാലത്ത് തുടർപരാജയങ്ങളെ തുടർന്ന് 'നോട്ടി ബോയ്' എന്നറിയപ്പെട്ടിരുന്ന ജിഎസ്എൽവി ഇന്ന് ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ 'സ്മാർട്ട് ബോയ്' എന്നാണ് ഇപ്പോഴത്തെ വിളിപ്പേര്. ജിഎസ്എൽവി ശ്രേണിയിലെ ഇരുപതാമത്തെ വിക്ഷേപണമാണിത്.

രണ്ടാം തലമുറയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് എൻവിഎസ്-03. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിലെ പന്ത്രണ്ടാമത്തെ ഉപഗ്രഹം കൂടിയാണിത്.

1999ലെ കാർഗിൽ യുദ്ധത്തിലാണ് സ്വന്തം നാവിഗേഷൻ സംവിധാനത്തിന്റെ ആവശ്യകത ഇന്ത്യ ശക്തമായി തിരിച്ചറിയുന്നത്. അന്ന് വിദേശ ജിപിഎസ് സേവനങ്ങൾക്ക് നിയന്ത്രണം നേരിട്ടതോടെ സൈനിക നീക്കങ്ങൾ പ്രതിസന്ധിയിലായി. തന്ത്രപ്രധാനമായ കാര്യങ്ങൾക്ക് മറ്റൊരു രാജ്യത്തെ ആശ്രയിക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ‘നാവിക്’ എന്ന ആശയം ജനിക്കുന്നത്.

കഴിഞ്ഞ വർഷം മേയ് 7ന് നടന്ന ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഈ ആവശ്യകത വീണ്ടും പ്രകടമായി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 50ലേറെ ഉപഗ്രഹങ്ങളുടെ പിന്തുണ തേടിയിരുന്നു. എന്നാൽ നാവിക് ശൃംഖല പൂർണമായും സജ്ജമല്ലാത്തത് ഒരു പോരായ്മയായി.

ഇതുവരെ ‘നാവികി’നായി 11 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചെങ്കിലും ആറ്റോമിക് ക്ലോക്കുകളുടെ തകരാർ ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം പലതും പ്രവർത്തനരഹിതമായി. തടസ്സമില്ലാത്ത സേവനത്തിന് ചുരുങ്ങിയത് ഏഴ് ഉപഗ്രഹങ്ങൾ വേണ്ടിടത്ത് അതിൽ താഴെ മാത്രമാണ് പലപ്പോഴും പ്രവർത്തിച്ചിരുന്നത്.

ഈ പശ്ചാത്തലത്തിലാണ് എൻവിഎസ്-03ന്റെ വിക്ഷേപണം നിർണായകമാകുന്നത്. നാവിഗേഷൻ സംവിധാനത്തിന്റെ കൃത്യത നിർണയിക്കുന്ന ആറ്റോമിക് ക്ലോക്ക് ഇത്തവണ തദ്ദേശീയമായി വികസിപ്പിച്ചതാണ് എന്നതാണ് പ്രധാന പ്രത്യേകത. നേരത്തെ ഇറക്കുമതി ചെയ്ത റുബീഡിയം ക്ലോക്കുകൾ തകരാറിലായതായിരുന്നു നാവിക് നേരിട്ട പ്രധാന വെല്ലുവിളി.

ഇന്ത്യക്കുള്ളിലും 1500 കിലോമീറ്റർ ചുറ്റളവിലും കൃത്യമായ സ്ഥാന, സമയ, നാവിഗേഷൻ സേവനങ്ങൾ നൽകാൻ ‘നാവികി’ന് കഴിയും. സാധാരണക്കാർക്കുള്ള സ്റ്റാൻഡേർഡ് സേവനവും സൈന്യത്തിനായുള്ള നിയന്ത്രിത സേവനവും ഇതിലുണ്ട്. സാധാരണ സ്മാർട്ട് ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും എളുപ്പത്തിൽ ലഭ്യമാകുന്ന എൽ1 സിഗ്നൽ കൂടി പുതിയ ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

50 മീറ്റർ ഉയരവും 420 ടൺ ഭാരവുമുള്ള മൂന്ന് ഘട്ട റോക്കറ്റാണ് ജിഎസ്എൽവി. ഖര, ദ്രവ, ക്രയോജനിക് ഘട്ടങ്ങൾ ചേർന്നതാണ് ഇത്. 2250 കിലോ ഭാരമുള്ള എൻവിഎസ്-03നെ 20 മിനിറ്റ് കൊണ്ട് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലെത്തിക്കും. പിന്നീട് ഉപഗ്രഹം സ്വന്തം ഇന്ധനം ഉപയോഗിച്ച് നിശ്ചിത ഭ്രമണപഥത്തിലെത്തും.ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണിത്. വിജയവും പരാജയവും നേരിട്ട ഈ വർഷത്തിൽ വിക്ഷേപണനിരക്ക് വീണ്ടെടുക്കാൻ ഈ ദൗത്യം നിർണായകമാണ്. എൻവിഎസ്-03ന് പിന്നാലെ എൻവിഎസ്-04, എൻവിഎസ്-05 ഉപഗ്രഹങ്ങളും വിക്ഷേപിക്കാനാണ് ഐഎസ്ആർഒയുടെ പദ്ധതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISRO Launches NVS 03 Satellite
Next Story