ഇന്‍സാറ്റ്-4 ബി ഡീകമ്മീഷന്‍ ചെയ്ത് ഐ.എസ്.ആര്‍.ഒ
text_fieldsചെന്നൈ: വിവര വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്-4 ബി ഐ.എസ്.ആര്‍.ഒ വിജയകരമായി ഡീകമ്മീഷന്‍ ചെയ്തു. ഐക്യരാഷ്ട്ര സഭയുടെയും ഇന്റര്‍ ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും മാനദണ്ഡങ്ങള്‍ പാലിച്ച് ജനുവരി 24 നായിരുന്നു ഡീകമ്മീഷന്‍.
കൃത്യമായ ആസൂത്രണത്തിലൂടെയും കുറ്റമറ്റ നിര്‍വ്വഹണത്തിലൂടെയുമാണ് ഇന്‍സാറ്റ്-4ബി നിര്‍മാര്‍ജനം ചെയ്തതതെന്നും ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ബഹിരാകാശ ഏജന്‍സിയുടെ മറ്റൊരു ശ്രമമാണിതെന്നും ഐ.എസ്.ആര്‍.ഒ പറഞ്ഞു.
2007 മാര്‍ച്ച് 12നാണ് 3025 കിലോ ഭാരമുള്ള ഇന്‍സാറ്റ് 4ബി വിക്ഷേപിച്ചത്. ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. 14 വര്‍ഷം ഭ്രമണ പഥത്തില്‍ തുടര്‍ന്നു. ഇന്‍സാറ്റ്-4ബിയിലെ സി ബാന്‍ഡ് കു ബാന്‍ഡ് ഫ്രീക്വന്‍സികള്‍ മറ്റ് ജി സാറ്റുകളിലേക്ക് മാറ്റിയതിന് ശേഷമാണ് ഡീകമ്മീഷന്‍ ആ്രരംഭിച്ചത്
പോസ്റ്റ് മിഷന്‍ ഡിസ്പോസലിന് (പി.എം.ഡി.) വിധേയമാകുന്ന ഇന്ത്യയുടെ 21-ാമത് ജിയോസ്റ്റേഷനറി ഉപഗ്രഹമാണിത്. പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങളെ ബിഹരാകാശ അവശിഷ്ടമാക്കി മാറ്റാതെ ഭ്രമണപഥത്തില്‍നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ പദ്ധതിയനുസരിച്ച് നടന്നു.
ബഹിരാകാശ അവശിഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള ഐ.എ.ഡി.സിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ബഹിരാകാശ വസ്തുക്കളുടെ കാലാവധി കഴിയുമ്പോള്‍ അവയെ നൂറ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്താത്ത വിധത്തില്‍ ജിയോ ബെല്‍റ്റിന് മുകളിലേക്ക് ഉയര്‍ത്തണം. അതിന് വേണ്ടി കുറഞ്ഞത് 273 കിലോമീറ്റര്‍ ദൂരത്തേക്കാണ് കൃത്രിമോപഗ്രഹം ഉയര്‍ത്തേണ്ടത്. 2022 ജനുവരി 17 മുതല്‍ 23 വരെ 11 തവണയായി നടത്തിയ ഭ്രമണപഥ ക്രമീകരണങ്ങളിലൂടെയാണ് ഇന്‍സാറ്റ്-4ബി 273 കിലോമീറ്റര്‍ ദൂരത്തേക്ക് ഉയര്‍ത്തിയത്.