പേശീക്ഷയം: ഗവേഷണം നടത്തി ശുഭാൻഷു ശുക്ല
text_fieldsന്യൂഡൽഹി: ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പേശികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയതായി ആക്സിയം സ്പേസ് അറിയിച്ചു.
ഗുരുത്വാകർഷണം കുറഞ്ഞ അവസ്ഥയിൽ പേശീ മൂലകോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലായിരുന്നു ഗവേഷണം. പ്രായമായ ചിലരിൽ പേശികൾ നിശ്ചലമാകുന്നത് ചികിത്സിക്കാനുള്ള മരുന്ന് കണ്ടെത്താൻ സഹായിക്കുന്ന ഗവേഷണമാണിത്. ദീർഘകാല ബഹിരാകാശ യാത്രക്കിടെയുണ്ടാകുന്ന പേശീക്ഷയം തടയാനുള്ള ചികിത്സക്ക് ഈ ഗവേഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ. നീണ്ടകാലം ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശാസ്ത്രജ്ഞർക്ക് പേശീക്ഷയം ഉണ്ടാകാറുണ്ട്. ബഹിരാകാശത്ത് മാത്രമല്ല, ഭൂമിയിലും പേശി ക്ഷയിക്കുന്ന അവസ്ഥകൾക്കുള്ള മെച്ചപ്പെട്ട ചികിത്സക്ക് ഈ പരീക്ഷണഫലം നയിച്ചേക്കാം. വാർധക്യം, ചലനമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഗവേഷണത്തിലുണ്ട്.
മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥ ബഹിരാകാശത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചർച്ച ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികളെ ലക്ഷ്യംവെച്ചുള്ള വിഡിയോയും ശുക്ല ചിത്രീകരിച്ചു. ബഹിരാകാശത്തെ വൈജ്ഞാനിക ക്ഷേമത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി മാനസികാരോഗ്യ പഠന പ്രവർത്തനങ്ങളും സംഘം നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

