20,000 കിലോമീറ്റർ അകലെയിരുന്ന് ഹൃദയശസ്ത്രക്രിയ; മെഡിക്കൽ ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഡോക്ടറുടെ ലോകറെക്കോർഡ്
text_fieldsഇൻഡോർ: ലോകത്തിലെ ഏറ്റവും ദൂരമേറിയ റോബോട്ടിക് കാർഡിയാക് ടെലിസർജറി വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ സർജൻ ലോക റെക്കോർഡ് സ്ഥാപിച്ചു. പ്രശസ്ത റോബോട്ടിക് കാർഡിയാക് സർജനായ ഡോ. സുധീർ ശ്രീവാസ്തവയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിലിരുന്ന്, ഏകദേശം 20,000 കിലോമീറ്റർ അകലെ ഇന്ത്യയിലെ ഇൻഡോറിലുള്ള രോഗിക്ക് വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയത്. ദൂരങ്ങൾ ഇനി മികച്ച ചികിൽസക്ക് തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ഈ ചരിത്രപരമായ നേട്ടം.
ഗയാനയിലെ ജോർജ്ജ്ടൗൺ പബ്ലിക് ഹോസ്പിറ്റൽ കോർപറേഷനെ മധ്യപ്രദേശിലെ ഇൻഡോറിലുള്ള 'ഇർകാഡ് ഇന്ത്യ'യുമായി ബന്ധിപ്പിച്ചായിരുന്നു ശസ്ത്രക്രിയ. പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത 'എസ്.എസ്.ഐ മന്ത്ര' എന്ന സർജിക്കൽ റോബോട്ടിക് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്.
ഗയാനയിലെ കൺസോളിലിരുന്ന് ഡോ. ശ്രീവാസ്തവ കൈകൾ ചലിപ്പിച്ചപ്പോൾ, കൃത്യം 20,000 കിലോമീറ്റർ അകലെ ഇൻഡോറിലെ ഓപറേഷൻ തിയറ്ററിലിരുന്ന റോബോട്ടിക് കൈകൾ ആ ചലനങ്ങളെ അതേപടി പകർത്തി അതീവ സങ്കീർണമായ 'ലെഫ്റ്റ് ഇന്റേണൽ മാമറി ആർട്ടറി' ടാക്ഡൗൺ പ്രൊസീജിയർ വിജയകരമായി പൂർത്തിയാക്കി. അതിവേഗ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വഴിയാണ് ഈ സംവിധാനം പ്രവർത്തിച്ചത്. ഡോക്ടറുടെ കമാൻഡും റോബോട്ടിന്റെ പ്രതികരണവും തമ്മിൽ വെറും 290-300 മില്ലിസെക്കൻഡിന്റെ (അതായത് 0.29 മുതൽ 0.30 സെക്കൻഡ് വരെ മാത്രം) വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ഉയർന്ന നിലവാരമുള്ള 3ഡി വിഷ്വലൈസേഷനും അത്യാധുനിക റോബോട്ടിക് നിയന്ത്രണങ്ങളും ശസ്ത്രക്രിയ അതീവ കൃത്യതയോടെ ചെയ്യാൻ സഹായിച്ചു.
ഫ്രാൻസിലെ സ്ട്രാസ്ബർഗിലിരുന്ന് ഇന്ത്യയിലെ ഇൻഡോറിലേക്ക് 10,000 കിലോമീറ്റർ ദൂരത്തിൽ നടത്തിയ ശസ്ത്രക്രിയയായിരുന്നു ഇതിനു മുമ്പത്തെ ലോകറെക്കോർഡ്. ഈ ദൂരത്തിന്റെ ഇരട്ടിയിലധികം ദൂരത്തിലാണ് ഇപ്പോൾ ഇന്ത്യൻ ഡോക്ടർ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.
ഇൻഡോറിലെ ഓപ്പറേഷൻ തിയറ്ററിൽ ജയ്‌പൂർ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോ. ലളിത് മാലിക്, ഭണ്ഡാരി ഹോസ്പിറ്റലിലെ ഡോ. രാം ശുക്ല, ഇർകാഡ് ഇന്ത്യ പ്രസിഡന്റ് ഡോ. മോഹിത് ഭണ്ഡാരി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം റോബോട്ടിന് ആവശ്യമായ പിന്തുണയുമായി ഉണ്ടായിരുന്നു.
ഗയാനയുടെ 60-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും നാഷനൽ റോബോട്ടിക് സർജറി പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിന്റെയും ഭാഗമായാണ് ഈ ശസ്ത്രക്രിയ സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയിലൂടെ ഭൂമിശാസ്ത്രപരമായ തടസ്സങ്ങളെ മറികടക്കാൻ കഴിയുമെന്ന് തെളിയിച്ച ഈ നേട്ടം ഗയാനയുടെ ആരോഗ്യമേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി പ്രശംസിച്ചു. ആഗോളതലത്തിൽ ദൂരെയുള്ള രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ ഭാവിയിൽ വലിയ തോതിൽ സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

