ചന്ദ്രനിലിറങ്ങാൻ ഇന്ത്യയും! ഗഗൻയാൻ ദൗത്യം 2027ൽ; ലക്ഷ്യം 2040ഓടെ ചന്ദ്രനിലിറങ്ങൽ -ഐ.എസ്.ആർ.ഒ
text_fieldsവി. നാരായണൻ
ഹൈദരാബാദ്: ബഹിരാകാശ ഗവേഷണ രംഗത്ത് ലോകത്തെ വൻശക്തികൾക്കൊപ്പം ഇന്ത്യയും വിപ്ലവകരമായ കുതിപ്പിന് ഒരുങ്ങുന്നു. 2040ഓടെ ചന്ദ്രനിലേക്ക് ഇന്ത്യക്കാരനെ എത്തിക്കുകയാണ് ഐ.എസ്.ആർ.ഒയുടെ ലക്ഷ്യമെന്ന് ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ 'ഗഗൻയാൻ' 2027ഓടെ യാഥാർഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിലൂടെ ലോഞ്ചർ സാങ്കേതികവിദ്യയിലും ഉപഗ്രഹ വികസനത്തിലും ലോകത്തെ മുൻനിര രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി മനുഷ്യരില്ലാത്ത മൂന്ന് പരീക്ഷണ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ നടത്തും. ഇതിനുപുറമെ, ജി-20 രാജ്യങ്ങൾക്കായി ഇന്ത്യയുടെ നേതൃത്വത്തിൽ നിർമിക്കുന്ന പ്രത്യേക ഉപഗ്രഹവും 2027ൽ വിക്ഷേപിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
ബഹിരാകാശ വിപണിയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇതുവരെ 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. ഒരൊറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ കൂട്ടിയിടിയില്ലാതെ ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യ നേരത്തെ ചരിത്രം കുറിച്ചിരുന്നു. ഐ.എസ്.ആർ.ഒ വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം പോലും ഒരു വിദേശ വാണിജ്യ ഉപഗ്രഹമാണെന്നത് ഇന്ത്യയുടെ വിശ്വസ്തത തെളിയിക്കുന്നു.
ബഹിരാകാശത്തിനൊപ്പം കടലിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്ന 'സമുദ്രയാൻ' പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചന നൽകി. ഇതിനായി 2.2 മീറ്റർ വ്യാസമുള്ള ടൈറ്റാനിയം പേടകം നിർമിക്കുന്ന തിരക്കിലാണ് ശാസ്ത്രജ്ഞർ. ചൊവ്വാ ദൗത്യത്തിലും മറ്റും കണ്ടതുപോലെ ദീർഘകാലത്തെ കഠിനാധ്വാനമാണ് ഇത്തരം ദൗത്യങ്ങളുടെ വിജയത്തിന് പിന്നിലെന്നും വി. നാരായണൻ പറഞ്ഞു. 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

